Monday, 25 October 2010
നിഷേധി
ഇടതു കൈമടക്കില്‍
ഒറ്റവരയന്‍ ബുക്കിലെ
ചീന്തിയെടുത്ത
കടലാസുകീറില്‍
കുറിച്ചിട്ട മുഷിഞ്ഞ
മൂന്നക്ഷരമാണു മരണം.
കാലില്‍ കുത്തിക്കയറുന്ന
കുപ്പിചില്ലു നീ,
നെഞ്ചിന്‍ കൂടം തകര്‍ക്കുന്ന
മരച്ചുറ്റിക നീ,
മുന്നില്‍ നിന്നും കൂസലില്ലാതെ
നേര്‍ക്കുനേര്‍ വന്നുതറയ്ക്കുന്ന
ഒരമ്പുനീ,
എന്റെ മുഖമറകളെ
ചിരിച്ചുകൊണ്ട്
വലിച്ചുകീറിയ
കുഞ്ഞു നീ.
നടന്നുതീര്‍ത്ത നിന്നെ
അക്കാദമി ഹാളിന്റെ പുറം-
ചുമരിലൊരു പൂമാലയിട്ടു
തൂക്കണമെനിക്ക്;
അനുസരണകെട്ടവന്‍....
ചില്ലുഫ്രെയിമിന്റെ
ചിറ്റളവിനുപുറത്തേക്ക്
ഒട്ടും കൂസാതെ
നടന്നുമായുന്നു നീ,
നെഞ്ചില്‍വിരിഞ്ഞ ചുവന്ന
കാട്ടുപൂവും ചൂടി.
Friday, 3 September 2010
ചാക്രികം
Friday, 5 March 2010
ബാക്കിയാകുന്നത്.....
കനല്‍ച്ചൂടില്‍ കരിഞ്ഞ്,
മൂടല്‍മഞ്ഞിലുറഞ്ഞലിഞ്ഞ്
ഇല്ലാതാകുമെന്നുകരുതിയതാണ്.
തിരമാലകളിലുലഞ്ഞുയര്‍ന്ന്,
പത്തേമാരിയില്‍ തലതിരിഞ്ഞ്,
കരകാണണമെന്നുളളിലുറച്ച്
അതിരുകളില്ലാത്ത കാറ്റിനൊപ്പ-
മലഞ്ഞലഞ്ഞിപ്പുറമെത്തിയിട്ട്,
ഇന്നിത്രനാളും ഇടയില്ലാതെ,
പണിചെയ്തു തളര്‍ന്നിട്ടിനി, നാട്ടിലൊരു
ചെറുകൂര പണിഞ്ഞിട്ടതിലൊന്നു-
നീണ്ടുനിവര്‍ന്നുകിടക്കണം ശിഷ്ടനാള്‍.
അരവയര്‍ നിറയാതിരുന്നയെന്‍-
നാളുകളിനി വരാതിരിക്കണം
കുട്ടികള്‍ക്കെന്നേ നിനച്ചുള്ളൂ,അന്നീയുരു-
വിലൊന്നിലേറിയിട്ടിക്കരെയിറങ്ങുമ്പോള്‍.
ഇപ്പോളില്ലായ്മയില്ല,ല്ലലില്ല,ഴലില്ല,
നന്നായിട്ടുണ്ടു ജീവിതമുറ്റവര്‍ക്കെല്ലാം,
ഇനി,മദ്ധ്യാഹ്നം കഴിഞ്ഞീവേളയി-
ലുത്സാഹിച്ചുണ്ടാക്കണമൊരുകൂരയെന്‍
ബീവിക്കും കുട്ട്യോള്‍ക്കുമുറങ്ങുവാന്‍.
ഒരുവേളയെന്‍ വിയര്‍പ്പുവീണു കുതിര്‍ന്നയീ-
മണ്ണില്‍ത്തന്നെയാകാം അവസാന ഉറക്ക-
മെങ്കിലുമിനിയുമുണ്ടൊരു സ്വപ്നം ബാക്കിയെന്‍
ചെറുകൂരയിലൊരുനാളുറങ്ങണം.
Saturday, 6 February 2010
ഉടല്‍ ഉരിയുന്നത്...

മുരളുന്ന ശീതീകരണിക്കു താഴെ
നരച്ച ചായം തേച്ച ചുവരില്‍,
ബോധിവൃക്ഷച്ചുവട്ടില്‍
നിത്യദു:ഖത്തിന്റെ പൊരുള്‍തേടി
സമാധിസ്ഥനായ ബുദ്ധന്റെ ചിത്രം.
എതിര്‍ഭിത്തിയില്‍ കൂട്ടം തെറ്റിയ
പേടമാനെ വേട്ടയാടുന്ന
കടുവയുടെ എണ്ണച്ഛായചിത്രം.
താഴെ-
നീലയില്‍ വെള്ളപൂക്കളുള്ള
വിരിപ്പിട്ട കിടക്കയില്‍
മുറുവേറ്റുപിടയുന്ന വേട്ടമൃഗം,
ശോണിത സ്പര്‍ശത്താല്‍
ചുവന്നൂ വെള്ളപ്പൂക്കള്‍;
ഹൃദയച്ചുവരില്‍ നിരനിരെ
നാല്പതുവേട്ടമൃഗങ്ങളുടെ
ചില്ലിട്ടചിത്രങ്ങള്‍.
വേലിയാണു വിളവുണ്ടതെങ്കിലും
കരഞ്ഞു തീര്‍ത്തിവള്‍ ‘പാപ’ജീവിതം
സ്വയം തീര്‍ത്ത കാരാഗ്രഹകൂട്ടില്‍.
“ഒഴിവുവേളയിലോടിമാറാത്തതെന്തേ ?
ഒച്ചവെയ്ക്കാത്തതെന്തേ ?” കുരിശി-
ലാഴ്ത്താനുറച്ചവര്‍ക്കുത്തരം-
നല്‍കുവാനാകാത്ത ചോദ്യങ്ങളായിരം.
* * *
കോടതിഭിത്തിയില്‍ ചില്ലിനുപിന്നില്‍
ഗാന്ധിജി നില്പൂ സഗൌരവം;
പഴകിയ, പാഴ്പുസ്തകങ്ങള്‍ക്കുള്ളിലായ്
കണ്ണുകള്‍ കെട്ടി, ഇടം കൈയിലൊരു
തുലാസ്,നിശ്ചലം.
നീലയില്‍ ചുവന്നപൂക്കളുള്ള
ചുരീദാറില്‍,കൂട്ടില്‍ തലകുമ്പിട്ടവള്‍
ചുറ്റിലും കണ്ണുകള്‍,സാകൂതം,കൌതുക-
ക്കാഴ്ചകാണാന്‍,കേള്‍ക്കാന്‍ കുതൂഹലം.
മിഴിക്കോണിലൂടെക്കാണാം
ചോദ്യമുനയുമായ് കറുത്തകുപ്പായങ്ങള്‍,
വീണ്ടുമാപുള്ളിപ്പാവാടച്ചരടുകളഴിയുന്നു
തിരുവുടലുരിയുന്നു,വീണ്ടുമവസാന-
വേട്ടനായെത്തും വരെ വിചാരണോത്സവം;
“ആദ്യമൂരിയ കുടുക്കേത് ? ആഴ്ത്തിയ നഖമേത് ?
സാക്ഷികളാരാനുമുണ്ടോ കണ്ട -
തണുവിടതെറ്റാതെ ചൊല്ലുവാന്‍ ?”
കൂട്ടില്‍ നഗ്നയായ് നിന്നവള്‍.
ചുറ്റുമാര്‍ത്തുചിരിക്കുന്ന കണ്ണുകള്‍,എത്ര-
ഭേദം,നാലുചുവരിനുള്ളിലെ പീഢനം
“ഭൂമി പിളര്‍ന്നൊന്നു താഴണേ ദൈവമേ”
ബോധമറ്റുനിപതിച്ചവള്‍ കൂട്ടില്‍
ഭാഗ്യം, കൂടിനിന്നവര്‍ നെടുവീര്‍പ്പിട്ടു,
പറ്റിയില്ലൊരുകേടും വീഴ്ചയില്‍ തുലാസിനും,
കണ്ണിന്‍ കെട്ടഴിഞ്ഞിട്ടില്ല,
ഹൊ..നീതിദേവത കാത്തു.
Saturday, 19 December 2009
തീപിടിക്കുന്ന വാതിലുകള്‍
നിറയെ പായല്‍പരന്ന
കുളംപോലെ ശാന്തമാകുമ്പോള്‍
ഒരു പൂര്‍ണചന്ദ്രനും അവന്റെ
അടിത്തട്ടിന്റെ ആഴമളക്കാനാകില്ല;
ഏറെതാഴെ, ചതുപ്പിനുള്ളില്‍
മുഖം പൂഴ്ത്തിയൊളിക്കുന്ന
മിനുപ്പാര്‍ന്ന പരല്‍മീനുകള്‍ക്ക്
പായല്‍പ്പാളികള്‍ക്കിടയിലൂടെ
തലനീട്ടിയെത്തുന്ന
ആറ്റുവഞ്ചിത്തലപ്പുകള്‍ കണ്ട്
പരിചയം പുതുക്കാനുമാവില്ല.
പെരുവിരല്‍ നഖവിടവില്‍
നാരകമുള്ളുകള്‍ക്ക് ചെയ്യാനാകുന്നത്,
മിനുസമുള്ള വാക്കുകള്‍ കൊണ്ട്
ചങ്ങാതിയോടുചെയ്യാനാകുന്നത്,
നിശബ്ദമായ കുളത്തിനുള്ളില്‍
കൂടണഞ്ഞും,കൂടുവിട്ടും പുളയുന്ന
പരല്‍മീനുകളോടുമാകാം;
കണ്ണൂകള്‍ പൂട്ടി,വാതിലുകള്‍
കൊട്ടിയടച്ച്, അനുമതിയില്ലാത്തതൊന്നും
കടന്നുവരില്ലെന്നുറപ്പാക്കാം,ഒപ്പം
സ്വീകരണമുറിയിലെ ജാലകത്തിലൂടെ
അനുവാദംകൂടാതെ കടന്നുവരുന്നവ
നിസ്സഹായതയോടെ കണ്ടില്ലെന്നുനടിക്കാം.
ഓടാമ്പലിട്ടുറപ്പിച്ച വാതിലിനുപിന്നില്‍
നെടുവീര്‍പ്പുകളോടെ,ഹൃദയമൊളിപ്പിച്ച്
തീപിടിച്ച വാതായനശീലകള്‍കൊണ്ട്
സൂര്യനോടുയുദ്ധംചെയ്യാം,
പായല്‍പ്പാളികള്‍ക്കിടയിലൂടെ
നിലവിളിയൊച്ചപോലുമില്ലാതെ
കുഞ്ഞുങ്ങള്‍ മുങ്ങിത്താഴുന്നത്
മൂകം കണ്ടു രസിക്കാം,
പായല്‍മേലാപ്പിനു കീഴെ
കിടപ്പാടമുള്ളവനെന്നഭിമാനിക്കാം.
ഒറ്റപ്പെടുന്നവന്‍
സ്വന്തമായി മേല്‍ക്കൂരയില്ലാത്തവന്‍,
ഉടലിനുമീതെ-
സ്വന്തം തലപോലുമില്ലാത്തവന്‍,
അഭിരമിക്കുന്ന കിടക്കയില്‍
സ്വന്തം ഉടലുകൊണ്ടുമാത്രം
യുദ്ധം ചെയ്യുന്നവന്‍,
അരമില്ലാത്ത നാവുകൊണ്ട്
വാക്കുകള്‍ക്കു വഴങ്ങുന്നവന്‍,
വാക്കിന്റെ ഭൂപടങ്ങള്‍ക്ക്
ചൂണ്ടുവിരലുകളാല്‍ വശംകെട്ടവന്‍.
എന്റെയും നിങ്ങളുടേയും കുഞ്ഞുങ്ങള്‍
ചതുരംഗക്കളത്തിനപ്പുറവും,
ഇപ്പുറവും വെട്ടിയും, വീഴ്ത്തിയും
ആനമയിലൊട്ടകം കളിക്കുമ്പോള്‍,
കളത്തിനുപുറത്ത് വിയര്‍പ്പാറ്റാനൊരു
നിലപാടുതറ തിരഞ്ഞു,തിരഞ്ഞ്,
ഉത്തരം കിട്ടാതെ വലഞ്ഞ്,
നിലക്കണ്ണാടിക്കുമുന്നില്‍ തൂവലുകള്‍
കൊഴിച്ച് നിശബ്ദനായവന്‍.
തൂവലുകളില്ലാതെ കിട്ടിയതല്ലേ,
എരിവും,പുളിയും നന്നായിച്ചേര്‍ത്ത്
വറചട്ടിയില്‍ മൊരിച്ചെടുത്താലെന്തു
മൃഷ്ടാന്നമീ മദ്ധ്യാഹ്നഭോജനം.
Wednesday, 9 December 2009
ഒരുമുഴം കയര്‍ അഥവാ ശീലങ്ങളുടെ തത്വശാസ്ത്രം
നീളത്തില്‍ കെട്ടിയിട്ട
പ്ലാസ്റ്റിക്ക് കയറില്‍
നീ ധരിച്ചഴിച്ചെറിഞ്ഞ
ഉടുവസ്ത്രങ്ങള്‍
ചുമന്നു,മടുത്തു-
പോയെന്നേ ഞാന്‍.
നിന്റെ നവചിന്തകളിലൊന്നിലു-
മെന്റെയീ സഹനത-
യോര്‍ക്കാറുപോലുമില്ല നീ,
സാമ്രാജ്യത്വവിരുദ്ധ വാദത്തി-
നിടയിലൊന്നും നിന്റെയീ
വലിച്ചെറിയലൊട്ടലട്ടാറുമില്ല.
നിനക്കു മുഷിഞ്ഞെന്നു-
തോന്നുമ്പോള്‍
ഇന്നെന്റെ ബാധ്യത മാത്രമായി.
പൂത്തും,കനച്ചും,നാറിയും
നിന്റെ പുറമേയ്ക്ക് അപ്രാപ്യമായ
അഴുക്കുകളൊക്കെയും
ഇങ്ങനെ താങ്ങിത്തളര്‍ന്നു-
മടുത്തുപോയ് ഞാന്‍.
അപ്പുറത്തരികില്‍
ഇസ്ത്തിരിവടിവില്‍,ഹാംഗറില്‍,
ഹുങ്കോടെ തൂങ്ങിക്കിടക്കുന്നവനുണ്ടോ-
അറിയുന്നിപ്പുറമുള്ളവനും
കിടന്നിട്ടുണ്ടെത്രനാളിങ്ങനെ-
യിപ്പോളീവിധമെങ്കിലും...
നീ എന്നേയൊന്നുമാറ്റി
കെട്ടിയിരുന്നെങ്കിലീ-
വീശുന്ന കാറ്റിലുലച്ചു-
വീഴ്ത്തിയേനേം,നിന്റെയീ
വിഴുപ്പുകള്‍.
എന്തോ-
ഇങ്ങനെ താങ്ങിയൊരു
ശീലമായതുകൊണ്ടാകാം
പുഴുകിയ ഈ മണമില്ലാതൊരു
സുഖവുമില്ലിപ്പോള്‍.
Wednesday, 25 November 2009
മുറിവുകള്‍ക്കിടം തിരയുന്നവര്‍....
മൊഴിയിലൂടറിഞ്ഞിട്ടും
മനം തൊട്ടുഴിഞ്ഞിട്ടും
അരം വച്ച വാക്കാല്‍ ,
മുനയിട്ട നോക്കാല്‍,
അളന്നുതറച്ചിതെന്‍
നോവുന്ന നെഞ്ചില്‍ -
നീ എയ്ത വാക്ശരം .
ഇത്തിരി നോവുണ്ടു നെഞ്ചില്‍
ഒത്തിരിക്കനവുണ്ടീ കൂടിനുള്ളില്‍;
ഒന്നിച്ചു നീന്തിത്തുടിക്കവേ,
വിരലിലൂടൂര്‍ന്നൂളിയിട്ടെങ്ങോ
ഒളിച്ച നേര്‍പെങ്ങളേ,
ഒരു കര്‍ക്കിടകക്കൂറു -
താണ്ടുവാനാകാതെ
അമ്മയുടെ ഒസ്യത്തില്‍
രണ്ടു പെണ്‍മക്കളുടെ
പേരെഴുതിവച്ചീ -
മണ്ണീലുറങ്ങാന്‍ പോയി
മുളച്ചു വരാത്തൊരച്ഛനെ,
പൊട്ടിത്തകര്‍ന്ന ചിരികൊണ്ട്
ജീവിതമൊരു ചെറുപിത്തള-
പ്പൂട്ടിലൊതുക്കിയോരമ്മയെ,
ഒരു ലോഹത്തുണ്ടുകൊണ്ടുപെണ്‍മനം
വര്‍ണത്തിരശ്ശീലയ്ക്കു മുന്നില്‍
ദുരന്തപര്യവസായിയാക്കി
കടന്നകണവനെ,
ചില്ലിട്ടു സൂക്ഷിച്ചുവച്ചിട്ടു
പിന്നെയും നീക്കിവച്ചിട്ടുണ്ട്
നീകാണുമീയിടം;
അളന്നുമുറിച്ച വാക്കുകള്‍
കൊണ്ടെന്നെ കുത്തിനോവിക്കുവാന്‍
തികയാതെ പോകുമോ?
Monday, 16 November 2009
അസാധു
വാതില്‍പ്പാളിക്കു പിന്നില്‍
വേര്‍പാടിന്റെ വിഹ്വലത-
യടരാതെ,ഒഴുകി മറയാതെ,
പ്രതീക്ഷയുടെ മിഴിവെട്ടത്തില്‍
പത്തുമിന്നാമിനുങ്ങുകള്‍
പുരനിറഞ്ഞു കവിഞ്ഞ്..
പുകയിലത്തുണ്ടില്‍,സ്വന്തം
ജീവിതം കൂട്ടിത്തിറുത്ത്,
പുകച്ച്, ചുമച്ചു തീര്‍ത്തു കൊണ്ടച്ഛന്‍.
ബീഡിയിലപോലെ
സിരാപടലങ്ങളില്‍
പിടഞ്ഞുകിടന്ന വിരലുകളാല്‍
കൈമാറിത്തന്ന കണക്കുപുസ്തക-
ത്താളില്‍ക്കുടുങ്ങിക്കടലുകടന്നവന്‍.
കാത്തിരുന്നവള്‍ക്ക് വാക്കും,
വട്ടിപ്പലിശക്കാരനു വളപ്പും,
വഴിച്ചെലവിന് അമ്മയുടെ
കണ്ണീര്‍പ്പാടവും പണയമായ് വച്ച്
കടലുകടന്നവന്‍.
മനക്കോട്ടകള്‍ക്കപ്പുറം
വളര്‍ന്ന് പറന്നിറങ്ങുമ്പോഴേ
പൊള്ളിത്തുടങ്ങിയ പാദങ്ങള്‍;
ഒട്ടകക്കൂട്ടത്തിനൊപ്പം
ഗര്‍വ്വുതാണ്ടി നടന്ന്,
ചെമ്മരിയാടിന്‍പറ്റത്തോടൊപ്പം
ഭൂമിശാസ്ത്രം പഠിച്ച്,
മണല്‍ച്ചൂളയില്‍ സ്വയം
വെന്തുമടുത്തു:
വെയിലോലകള്‍ ലോഭമില്ലാതെ,
മൂര്‍ദ്ധാവില്‍ മുത്തമിട്ടു വിയര്‍ത്തു.
അതിരുകളില്ലാത്ത ലോകത്ത്
അവനും, ആട്ടിന്‍പറ്റത്തിനൊപ്പം
വേര്‍തിരിവിന്റെ അടയാളമില്ലാതെ
ഇഴഞ്ഞുനടന്നു.
വിയര്‍ത്തു നനഞ്ഞ ചാക്കിനുള്ളിലെ
വരണ്ട ഖുബ്ബൂസു* പോലെ ശുഷ്കമായ്,
മിഴിയിലെ മിന്നലാട്ടം വരെ.
വഴിപിഴച്ച, പടികടന്ന,
ആടുകളുടെ കണക്കെടുപ്പുദിനം,
കഫീലിന്റെ** ചാട്ടവാറാല്‍
ശരീരമാകെ മുറുക്കികെട്ടിയ
വീണക്കമ്പികളില്‍
വിരലോടിക്കുമ്പോള്‍
അവന്‍ സ്വാതന്ത്ര്യത്തിന്റെ
ആര്‍ദ്രസംഗീതം കേട്ടു.
നീട്ടിവരച്ച നേര്‍രേഖയുടെ
ഒരു ബിന്ദുവില്‍ നിന്നും വരി-
തെറ്റാതെ അടുക്കിവച്ച ഫില്‍സു***കള്‍
മറ്റേതോ അഗ്രബിന്ദുവില്‍ തൊടുംവരെ
താന്‍ അസാധുവാണെന്ന തിരിച്ചറിവില്‍
അവന്‍ മണല്‍മിനാരങ്ങളില്‍ മുഖംപൂഴ്ത്തി.
ഓരോ തവണയും തിളച്ചു -
മറിഞ്ഞ ചാട്ടവാറടിയൊച്ച -
ഒടിയാതിരിക്കാന്‍ വളഞ്ഞുതീര്‍ന്ന
അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
"ഇങ്ക്വിലാബ് സിന്ദാബാദ്."
* - അറബിനാടുകളിലെ ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന സാധാരണക്കാരന്റെ ഭക്ഷണം.ഇതു സബ്സിഡി നിരക്കില്‍ ഭരണകൂടം വിതരണം ചെയ്യുന്നു.
** - പ്രായോജകന്‍.
*** - കുവൈറ്റിലെ ഒരു നാണയം.
Monday, 5 October 2009
ജ്യോനവന്...
ഉടഞ്ഞ 'പൊട്ടക്കലം'.....
മണല്‍ക്കാട്ടില്‍
ഒരു ബിന്ദുവില്‍ത്തുടങ്ങി
നീ വരച്ചുതീര്‍ത്ത
ആകാശക്കൊട്ടാരങ്ങള്‍.
സ്വന്തം സ്വപ്നസൌധത്തിന്റെ
കൂരാപ്പിനു താഴെ
രമിക്കില്ലെന്നുറപ്പിച്ച നീ,
മരിക്കുമെന്നുറപ്പിച്ച്
വാക്കുകള്‍ കൊണ്ടു
സ്വയം തുളച്ചു.
തുളഞ്ഞത്
ഞങ്ങളുടെ നെഞ്ചുകള്‍ ;
അതിരുകളില്ലാത്തിടത്ത്
നീ മരണം കൊണ്ടു
കൊരുത്തെടുക്കുന്നു ഞങ്ങളെ.
ഞങ്ങളുടെ പുലയാട്ടും,പുലഭ്യവും
നിന്റെ സമര്‍പ്പണത്തില്‍
നിഷ്ഫലമാകുന്നു.
പഠിക്കാത്താവനു പഠിക്കാനും
പഠിച്ചവന് പകര്‍ത്താനും
നീ ജീവിതം തന്നെയാണല്ലോ
'പൊട്ടക്കല'ത്തില്‍ നിറച്ചു കാണിച്ചത്.
Thursday, 1 October 2009
പൌരബോധം
പൌരബോധം പഠിപ്പിച്ച മാഷ്
പാതയോരത്തൊരു-
ടിപ്പര്‍ലോറിക്കടിപ്പെട്ടുപോയി;
പതിവു പ്രഭാതസഞ്ചാര-
വേളയില്‍ റോഡിന്നോരം പറ്റി-
നീങ്ങുന്ന സാധുവിന്‍ പിന്നിലൂ-
ടെത്തി മരണം, ഞൊടിയിടെ.
ഇന്നലെ സന്ധ്യയ്ക്കു ജംഗ്ഷനില്‍
പരിസ്ഥിതി മീറ്റിംഗില്‍
പൊലിയുന്ന ഭൂമിതന്‍ സങ്കടം
ചൊല്ലിത്തിളച്ചത്രേ മാഷീവയസ്സിലും.
"മണ്ണിനും പെണ്ണിന്‍ ഗതി
നിര്‍ദ്ദയ മുരിയുമുടയാടകള്‍,
ചിരിച്ചു ദുശ്ശാസ്സനര്‍,
പൊരുതാനറയ്ക്കുന്നതെന്തുനാം ?
കൂട്ടിക്കൊടുപ്പുകാര്‍-
വിലപേശി വില്‍ക്കുമ്പോള്‍
കുന്നിറങ്ങുന്നുണ്ടു ലോറിയില്‍,
പുഴകളൊഴുകി നിറയുന്നു ടാങ്കറില്‍,
മണലുതിന്നുന്നു ഫ്ലാറ്റുകള്‍ ,
ഗന്ധകം മണത്തുചിതറുന്നു
കരിമ്പാറക്കോട്ടകള്‍."
പരാതിക്കുടുക്കില്‍ മടുത്ത ശകുനിമാര്‍
കരുതിവച്ചോരടിവില്ലിതൊന്നതില്‍
ഈച്ചയാര്‍ത്തു കിടപ്പുണ്ടിതിന്നൊരാള്‍
തെരുവോരത്തു ചതഞ്ഞതെച്ചിപ്പൂക്കള്‍.
മിഴിയുയര്‍ത്തേണ്ട...കണ്ടുപോം
തെരുവോരത്തീയിടെ-
വിരിയുന്നുണ്ടേറെപ്പൂക്കള്‍
ചെഞ്ചോര ചുവപ്പുമായ് ;
പറയുന്നുണ്ടതിമൂകം
പൌരബോധപ്പെരുമകള്‍.
Thursday, 24 September 2009
അളവുകോല്‍

അതിരുകള്‍ വേര്‍തിരിച്ച സൌഹൃദം.
തോളത്തു വച്ച കൈകള്‍
താങ്ങാവുമെന്നും ,
ഊഷ്മളാശ്ലേഷത്തില്‍
പ്രപഞ്ചം കീഴടക്കാമെന്നും,
സ്വപ്നശൈലങ്ങളില്‍ നിന്നും
നീലമേഘഞോരികളിലൂടെ
പറക്കാമെന്നും,
കൊതിച്ചിട്ടുണ്ടു ഞാന്‍ .
സിഗരറ്റിന്റെ അവസാനത്തെ പുകയും,
അവസാന മദ്യതുള്ളിയും,
പങ്കുവെച്ച്-
യാഥാര്‍ത്ഥ്യങ്ങളെ നേര്‍ത്ത
തിരശീല കൊണ്ടുമറച്ച്
ഒന്നായിരുന്നു നാം.
തികഞ്ഞ സൌഹൃദ -
മെയ്‌വഴക്ക വൈഭവത്തിലാണ്
എന്റെ സ്നേഹദൌര്‍ബല്യങ്ങളെ
നിനക്കളക്കാനായത്;
ചുടലി മുള്‍ക്കാട്ടിലേക്കെന്നെ
വലിച്ചെറിയാനായത്.
ഹൃദയഭിത്തിയില്‍ പതിപ്പിച്ചു നിന്നേ
അളവെടുപ്പില്‍ പിഴക്കാതിരിക്കുവാന്‍.
ചിത്രം-രൂപകല്‍പ്പന സജിവ്പുനലൂര്‍
Saturday, 12 September 2009
ഗുണ്ടകള്‍

ശാന്തന്‍,ലജ്ജാലു,
അടക്കിപ്പിടിച്ച സംസാരം,
തലകുമ്പിട്ടുള്ള നടത്തം,
അച്ഛന്റെ ചൂരല്‍പ്പിഴകള്‍ക്കുമുന്നില്‍
സുശീലന്‍ എന്നും
നല്ല കുട്ടിയായിരുന്നു.
ചൂരലിന്റെ മറവില്‍നിന്നാണ്
അച്ഛന്‍ വലിച്ചുവലിച്ചെറിഞ്ഞ
ബീഡിക്കുറ്റി വലിച്ചുതുടങ്ങിയത്,
മേശവലിപ്പില്‍ നിന്ന്
നാണയത്തുട്ടുകള്‍ മോഷ്ടിച്ചത്.
സ്കൂളില്‍-
കണക്കുസാറിന്റെ
കാര്‍ക്കശ്യത്തിന്റെ മറവില്‍നിന്നാണ്
ഒന്നാമത്തെ ബഞ്ചില്‍ നിന്ന്
കാലുകളിളകുന്ന
അവസാനത്തെ ബഞ്ചിലേക്കവന്‍
നുഴ്ന്നിറങ്ങിയത്.
കുമ്പസാരകൂടിന്റെ മറവില്‍നിന്നാണ്
അയല്‍ക്കാരന്റെ ആഞ്ഞിലിമരം
രസം വച്ചുണക്കിയത്,
പൊള്ളുന്ന പനിച്ചൂടില്‍
പാപത്തിന്റെ കനിതിന്നത്.
വീര്‍ത്തു വശംകെട്ട പോക്കറ്റുകളുടെ
മറവില്‍നിന്നാണ്, അത്താഴക്കലവും,
തുളസിക്കതിരിന്റെ മാലയിട്ട
കൃഷ്ണ വിഗ്രഹവും എറിഞ്ഞുടച്ചത്.
പറന്നുനരച്ച കൊടിക്കൂറകളുടെ മറവില്‍നിന്നാണ്
ക്യാന്‍വാസില്‍ ജീവന്റെ
ചിത്രം കോറിയിട്ടത്;
ഓണമുണ്ടിരുന്ന ഒറ്റപ്പുത്രന്റെ തലയറുത്ത്
അമ്മയുടെ മുന്നിലര്‍പ്പിച്ച്,
ഗുരുവിന്റെ കുടല്‍മാലയാല്‍ കുരുന്നുകള്‍ക്കു
ഡി പി ഇ പി ക്ലാസെടുത്ത്,
ഈറ്റുനോവില്‍ പിടയുന്ന പെണ്ണിനെ
വൈധവ്യത്തിന്റെ തറ്റുടുപ്പിച്ച്...
അംഗീകാരത്തിന്റെ അലങ്കാരമുദ്രകള്‍
മറവിലിരുന്ന് ചാര്‍ത്തിക്കൊടുത്തവര്‍
വിരല്‍തുമ്പിനാല്‍-
വിലക്കുന്നുണ്ട്, നാവില്‍നിന്നും
പേരെടുത്തു മാറ്റുന്നുണ്ട് ,
ഊരാക്കുടുക്കിനാല്‍ മുറുക്കുന്നുണ്ട-
ഴിഞ്ഞു പോകാതിരിക്കുവാന്‍.
ഇരുമ്പഴിക്കുള്ളിലെ നിശബ്ദദയുടെ മറവിലും
സുശീലന്‍ സൌമ്യനാണ്;
അവനു ചൂണ്ടുവാന്‍ വിരലുകള്‍
മതിയാകുമായിരുന്നില്ല,
അട്ടഹാസങ്ങളേ മറികടക്കാന്‍
അവന്റെ ശബ്ദം തികയുമായിരുന്നില്ല.









