സാക്ഷിയായവര്‍...

blog counter

Wednesday, 25 November 2009

മുറിവുകള്‍ക്കിടം തിരയുന്നവര്‍....



മൊഴിയിലൂടറിഞ്ഞിട്ടും 
മനം തൊട്ടുഴിഞ്ഞിട്ടും
അരം വച്ച വാക്കാല്‍ ,
മുനയിട്ട നോക്കാല്‍,
അളന്നുതറച്ചിതെന്‍
നോവുന്ന നെഞ്ചില്‍ -
നീ എയ്ത വാക്ശരം .


ഇത്തിരി നോവുണ്ടു നെഞ്ചില്‍
ഒത്തിരിക്കനവുണ്ടീ കൂടിനുള്ളില്‍;
ഒന്നിച്ചു നീന്തിത്തുടിക്കവേ,
വിരലിലൂടൂര്‍ന്നൂളിയിട്ടെങ്ങോ
ഒളിച്ച നേര്‍പെങ്ങളേ,


ഒരു കര്‍ക്കിടകക്കൂറു -
താണ്ടുവാനാകാതെ
അമ്മയുടെ ഒസ്യത്തില്‍
രണ്ടു പെണ്‍മക്കളുടെ
പേരെഴുതിവച്ചീ -
മണ്ണീലുറങ്ങാന്‍ പോയി
മുളച്ചു വരാത്തൊരച്ഛനെ,

പൊട്ടിത്തകര്‍ന്ന ചിരികൊണ്ട്
ജീവിതമൊരു ചെറുപിത്തള-
പ്പൂട്ടിലൊതുക്കിയോരമ്മയെ,


ഒരു ലോഹത്തുണ്ടുകൊണ്ടുപെണ്‍മനം
വര്‍ണത്തിരശ്ശീലയ്ക്കു മുന്നില്‍
ദുരന്തപര്യവസായിയാക്കി
കടന്നകണവനെ,


ചില്ലിട്ടു സൂക്ഷിച്ചുവച്ചിട്ടു
പിന്നെയും നീക്കിവച്ചിട്ടുണ്ട്
നീകാണുമീയിടം;
അളന്നുമുറിച്ച വാക്കുകള്‍
കൊണ്ടെന്നെ കുത്തിനോവിക്കുവാന്‍
തികയാതെ പോകുമോ?

Monday, 16 November 2009

അസാധു



വാതില്‍പ്പാളിക്കു പിന്നില്‍

വേര്‍പാടിന്റെ വിഹ്വലത-
യടരാതെ,ഒഴുകി മറയാതെ,
പ്രതീക്ഷയുടെ മിഴിവെട്ടത്തില്‍
പത്തുമിന്നാമിനുങ്ങുകള്‍
പുരനിറഞ്ഞു കവിഞ്ഞ്..

പുകയിലത്തുണ്ടില്‍,സ്വന്തം
ജീവിതം കൂട്ടിത്തിറുത്ത്,
പുകച്ച്, ചുമച്ചു തീര്‍ത്തു കൊണ്ടച്ഛന്‍.
ബീഡിയിലപോലെ
സിരാപടലങ്ങളില്‍
പിടഞ്ഞുകിടന്ന വിരലുകളാല്‍
കൈമാറിത്തന്ന കണക്കുപുസ്തക-
ത്താളില്‍ക്കുടുങ്ങിക്കടലുകടന്നവന്‍.


കാത്തിരുന്നവള്‍ക്ക് വാക്കും,
വട്ടിപ്പലിശക്കാരനു വളപ്പും,
വഴിച്ചെലവിന് അമ്മയുടെ
കണ്ണീര്‍പ്പാടവും പണയമായ്‌ വച്ച്
കടലുകടന്നവന്‍.

മനക്കോട്ടകള്‍ക്കപ്പുറം
വളര്‍ന്ന് പറന്നിറങ്ങുമ്പോഴേ
പൊള്ളിത്തുടങ്ങിയ പാദങ്ങള്‍;
ഒട്ടകക്കൂട്ടത്തിനൊപ്പം
ഗര്‍വ്വുതാണ്ടി നടന്ന്,
ചെമ്മരിയാടിന്‍പറ്റത്തോടൊപ്പം
ഭൂമിശാസ്ത്രം പഠിച്ച്,
മണല്‍ച്ചൂളയില്‍ സ്വയം
വെന്തുമടുത്തു:
വെയിലോലകള്‍ ലോഭമില്ലാതെ,
മൂര്‍ദ്ധാവില്‍ മുത്തമിട്ടു വിയര്‍ത്തു.

അതിരുകളില്ലാത്ത ലോകത്ത്
അവനും, ആട്ടിന്‍പറ്റത്തിനൊപ്പം
വേര്‍തിരിവിന്റെ അടയാളമില്ലാതെ
ഇഴഞ്ഞുനടന്നു.
വിയര്‍ത്തു നനഞ്ഞ ചാക്കിനുള്ളിലെ
വരണ്ട ഖുബ്ബൂസു* പോലെ ശുഷ്കമായ്‌,
മിഴിയിലെ മിന്നലാട്ടം വരെ.


വഴിപിഴച്ച, പടികടന്ന,
ആടുകളുടെ കണക്കെടുപ്പുദിനം,
കഫീലിന്റെ** ചാട്ടവാറാല്‍
ശരീരമാകെ മുറുക്കികെട്ടിയ
വീണക്കമ്പികളില്‍
വിരലോടിക്കുമ്പോള്‍
അവന്‍ സ്വാതന്ത്ര്യത്തിന്റെ
ആര്‍ദ്രസംഗീതം കേട്ടു.


നീട്ടിവരച്ച നേര്‍രേഖയുടെ
ഒരു ബിന്ദുവില്‍ നിന്നും വരി-
തെറ്റാതെ അടുക്കിവച്ച ഫില്‍സു***കള്‍
മറ്റേതോ അഗ്രബിന്ദുവില്‍ തൊടുംവരെ
താന്‍ അസാധുവാണെന്ന തിരിച്ചറിവില്‍
അവന്‍ മണല്‍മിനാരങ്ങളില്‍ മുഖംപൂഴ്ത്തി.

ഓരോ തവണയും തിളച്ചു -
മറിഞ്ഞ ചാട്ടവാറടിയൊച്ച -
ഒടിയാതിരിക്കാന്‍ വളഞ്ഞുതീര്‍ന്ന
അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
"ഇങ്ക്വിലാബ് സിന്ദാബാദ്‌."     


* - അറബിനാടുകളിലെ ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന സാധാരണക്കാരന്റെ ഭക്ഷണം.ഇതു സബ്സിഡി നിരക്കില്‍ ഭരണകൂടം വിതരണം ചെയ്യുന്നു.
** - പ്രായോജകന്‍.
*** - കുവൈറ്റിലെ ഒരു നാണയം.