സാക്ഷിയായവര്‍...

blog counter

Sunday 25 October, 2009

വന്ധ്യംകരണം



കാതുകളിലൊക്കെ
നുണയുരുക്കിയൊഴിച്ചിട്ടും
പാഴ്മുളന്തണ്ടിലെ
പഴുതുകളിലൂടെ നീ
അലക് ഷ്യമായി ഊതിനിറച്ച
ഈണങ്ങള്‍ പഠിച്ചത്‌
എവിടെ നിന്നാണ് ?

കണ്ണുകളിലെ
വെളിച്ചവഴികളൊക്കെ
കറുത്തവാവുകൊണ്ട്
കൊട്ടിയടച്ചിട്ടും
സമവാക്യങ്ങള്‍ പിഴക്കാതെ,
അംഗുലവടിവുകളിലിളകാതെ,
കരിങ്കല്‍പാളിയടര്‍ത്തി മാറ്റി
നീ മുളച്ചു പൊന്തിയത്‌
എങ്ങിനെയാണ്?

കാറ്റുറക്കംപിടിച്ച
കോട്ടകൊത്തളങ്ങളില്‍
അട്ടഹാസങ്ങളും,
ആക്രോശങ്ങളും,
പ്രതിരോധകുത്തിവയ്പ്പെടുത്ത
നാഡീഞരമ്പുകളില്‍
സിംഫണിയുടെ കോറസ്ബാധ
കടന്നതെങ്ങിനെയാണ് ?

എല്ലിന്‍ മേദസ്സില്‍
പട്ടിണികൊണ്ട് മൂന്നുനേരം
മൃഷ്ടാന്നമൂട്ടിയിട്ടും
മനസ്സിന്റെ പട്ടിണി
മാറ്റാന്‍ ചുട്ടെടുത്ത
തീക്കനല്‍ കൊണ്ട്
ഭരണകൂടചങ്ങലകളെ
ഉരുക്കുന്നതെങ്ങിനെയാണ് ?

ഇനി-
വേരുപിടിച്ചു പടര്‍ന്നുപോയ നിന്നേ
മുറിച്ചുമാറ്റാതെ വയ്യ,
പാഴ്ശീലപുതപ്പിനുള്ളില്‍ നിന്ന്
ജനിതകമാറ്റം വരുത്തിയെടുത്ത
പുതിയ വിത്തുണ്ട്,
നല്ല വിളവുകിട്ടുന്ന
നട്ടാല്‍ കുരുക്കാത്ത വിത്ത്.

Monday 12 October, 2009

കണ്ണാടിയില്‍ കാണാതിരുന്നത്...


ഉടഞ്ഞശംഖിലേക്കുരുക്കി ഞാന്‍ വീഴ്ത്തും
തെളിഞ്ഞ കണ്ണീരാല്‍ കുരുതിനേരുന്നു.
ഇരുണ്ട വാനിലങ്ങടിമയായ് ചുറ്റും-
തെളിഞ്ഞ താരമേ മിഴിതുറക്കുക.

നിറഞ്ഞ കണ്ണുകള്‍ക്കുറവതേടി ഞാന്‍
നിലച്ച ക്ലോക്കിന്‍മേലിടിച്ചു വീഴുന്നു.
ചിതറിവീണൊരീ നിണമണിഞ്ഞതില്‍
തെളിഞ്ഞ മഞ്ചാടി പകുത്തു മാറ്റുന്നു.


നിറഞ്ഞ മാറിലേക്കമര്‍ത്തി ഞാന്‍ വച്ച-
'വിശുദ്ധമാല' യെന്‍ കരളുതിന്നുന്നു.
നിരത്തു വക്കിലങ്ങലയും പെണ്ണിന്റെയു -
യുടുപ്പുചുട്ടുഞാന്‍ വിശപ്പടക്കുന്നു

വിരിഞ്ഞ കാട്ടുപൂവിറുത്തു ഞാനിന്നെന്‍
കൊഴിഞ്ഞ ബാല്യത്തിന്‍ ശവപ്പെട്ടിയില്‍വച്ചു.
തിരിച്ചുപോരുമ്പോളിരുട്ടിലെന്‍ മിഴി-
ക്കോണുതട്ടിയാക്കുരിശുടഞ്ഞുപോയ്‌.

കഴിഞ്ഞ സന്ധ്യതന്‍ ശവക്കുഴിക്കുമേല്‍
പറന്നുവീണോരരിപ്പിരാവേ നിന്റെ-
ശവമടക്കിന്റെ മണിമുഴക്കത്തിലലിഞ്ഞു -
ചേര്‍ന്ന് ഞാന്‍ പുതിയതാളമായ്‌.

കറുത്തവാവിലെ ആയില്യമായി-
ട്ടെഴുതിജാതകം, പിഴച്ച ജീവിതം.
കടന്ന ജീവിതവഴികളില്‍ വേനല്‍
ശിരസ്സിലേറ്റിയേന്‍ കുളിരുമേറുന്നു.

ചിരിയില്‍ പൂത്തൊരീ ചുവന്നലില്ലിയില്‍
പുഴുവിരുന്നെന്റെ ചിറി കരളുന്നു.
ചുമലിലേറ്റിയ കുശുമ്പു,കുന്നായ്മ-
യൊന്നടയിരുന്നു പെറ്ററുപതെണ്ണത്തെ.


കിഴക്കേമൂലയില്‍ പാഴ്മുളക്കൂട്ടം
പെരുമഴയിലും കത്തിയാളുന്നു.
പനിവിറയലില്‍ പുതച്ചു കൊണ്ടു-
ഞാനാമുളഞ്ചോട്ടില്‍ ചൂടുകായുന്നു.

ഇവിടെ ഞാനൊറ്റയ്ക്കരമെടുതെന്റെ
ചിരിച്ച പല്ലിനു മൂര്‍ച്ച കൂട്ടുന്നു.
ഇന്നലെപ്പെറ്റ മയില്‍പ്പീലിക്കുഞ്ഞി-
നിരട്ടയാണഛന്‍ അറിഞ്ഞുവയ്ക്കണം.


ഓര്‍മ്മപ്പുസ്തകം അഴിച്ചുവച്ചതില്‍
കണക്കുകൂട്ടണോ,കിഴിക്കണോ, വയ്യ
ഇടത്തുപാദത്തിലമര്‍ന്ന വേദന
വലത്തുമാറ്റുവാനടവു വേണമോ ?


കടുത്തജിജ്ഞാസ മടുത്തു, ഞാനിനി-
പൊതിയഴിക്കട്ടെ,അഴിച്ചുനോക്കുമ്പോ-
ളഴിഞ്ഞു വീണതെന്‍ മുഖംമൂടി താഴെ,
മിഴിയടച്ചു ഞാനുറങ്ങുവാനിനി-
നേരമായേറെ,മിഴികള്‍ പൂട്ടുക.

Monday 5 October, 2009

ജ്യോനവന്...





ഉടഞ്ഞ 'പൊട്ടക്കലം'.....

മണല്‍ക്കാട്ടില്‍
ഒരു ബിന്ദുവില്‍ത്തുടങ്ങി
നീ വരച്ചുതീര്‍ത്ത
ആകാശക്കൊട്ടാരങ്ങള്‍.
സ്വന്തം സ്വപ്നസൌധത്തിന്റെ
കൂരാപ്പിനു താഴെ
രമിക്കില്ലെന്നുറപ്പിച്ച നീ,
മരിക്കുമെന്നുറപ്പിച്ച്
വാക്കുകള്‍ കൊണ്ടു
സ്വയം തുളച്ചു.


തുളഞ്ഞത്
ഞങ്ങളുടെ നെഞ്ചുകള്‍ ;
അതിരുകളില്ലാത്തിടത്ത്
നീ മരണം കൊണ്ടു
കൊരുത്തെടുക്കുന്നു ഞങ്ങളെ.
ഞങ്ങളുടെ പുലയാട്ടും,പുലഭ്യവും
നിന്റെ സമര്‍പ്പണത്തില്‍
നിഷ്ഫലമാകുന്നു.
പഠിക്കാത്താവനു പഠിക്കാനും
പഠിച്ചവന് പകര്‍ത്താനും
നീ ജീവിതം തന്നെയാണല്ലോ
'പൊട്ടക്കല'ത്തില്‍ നിറച്ചു കാണിച്ചത്‌.   


ഒരു സ്വപ്നം ബാക്കിയാവുന്നത്...

Thursday 1 October, 2009

പൌരബോധം


സ്കൂളിലവസാന പിരീഡില്‍
പൌരബോധം പഠിപ്പിച്ച മാഷ്‌
പാതയോരത്തൊരു-
ടിപ്പര്‍ലോറിക്കടിപ്പെട്ടുപോയി;
പതിവു പ്രഭാതസഞ്ചാര-
വേളയില്‍ റോഡിന്നോരം പറ്റി-
നീങ്ങുന്ന സാധുവിന്‍ പിന്നിലൂ-
ടെത്തി മരണം, ഞൊടിയിടെ.


ഇന്നലെ സന്ധ്യയ്ക്കു ജംഗ്ഷനില്‍
പരിസ്ഥിതി മീറ്റിംഗില്‍
പൊലിയുന്ന ഭൂമിതന്‍ സങ്കടം
ചൊല്ലിത്തിളച്ചത്രേ മാഷീവയസ്സിലും.
"മണ്ണിനും പെണ്ണിന്‍ ഗതി
നിര്‍ദ്ദയ മുരിയുമുടയാടകള്‍,
ചിരിച്ചു ദുശ്ശാസ്സനര്‍,
പൊരുതാനറയ്ക്കുന്നതെന്തുനാം ?
കൂട്ടിക്കൊടുപ്പുകാര്‍-
വിലപേശി വില്‍ക്കുമ്പോള്‍
കുന്നിറങ്ങുന്നുണ്ടു ലോറിയില്‍,
പുഴകളൊഴുകി നിറയുന്നു ടാങ്കറില്‍,
മണലുതിന്നുന്നു ഫ്ലാറ്റുകള്‍ ,
ഗന്ധകം മണത്തുചിതറുന്നു
കരിമ്പാറക്കോട്ടകള്‍."

പരാതിക്കുടുക്കില്‍ മടുത്ത ശകുനിമാര്‍
കരുതിവച്ചോരടിവില്ലിതൊന്നതില്‍
ഈച്ചയാര്‍ത്തു കിടപ്പുണ്ടിതിന്നൊരാള്‍
തെരുവോരത്തു ചതഞ്ഞതെച്ചിപ്പൂക്കള്‍.


മിഴിയുയര്‍ത്തേണ്ട...കണ്ടുപോം
തെരുവോരത്തീയിടെ-
വിരിയുന്നുണ്ടേറെപ്പൂക്കള്‍
ചെഞ്ചോര ചുവപ്പുമായ്‌ ;
പറയുന്നുണ്ടതിമൂകം
പൌരബോധപ്പെരുമകള്‍.