സാക്ഷിയായവര്‍...

blog counter

Sunday, 30 August, 2009

ഓര്‍മച്ചിരാതുകള്‍


ഓര്‍മയിലെ ഓണത്തിന്

കാച്ചെണ്ണമണമുള്ള

അമ്മയുടെ മുഖമാണ്,

തൂശനിലയിലെ

കുത്തരിയുടെ രുചിയാണ്,

വര്‍ഷത്തിലൊരിക്കലുള്ള

വയറിന്റെ നിറവാണ്,

പുത്തനുടുപ്പിന്റെ മണമാണ്,

പൂക്കളമിട്ട കൈയിലെ

പാരിജാതത്തിന്റെ,

കാശിത്തുംബയുടെ,

നങ്ങ്യാര്‍വട്ടത്തിന്റെ കുളിരാണ്,

തിരുവാതിരപ്പാട്ടിന്റെ ഈണമാണ്,

കാല്‍പ്പന്തിന്റെ,കിളിത്തട്ടിന്റെ-

കരുത്താണ്,

വഞ്ചിപ്പാട്ടിന്റെ ഒരുമയാണ്,

ഇന്നോണമുണ്ട്,

റെഡിമെയിഡ് ഊണുണ്ട്,

ഉത്സവമുണ്ട്,

ടിവിയില്‍ മേളമുണ്ട്,

കുഞ്ഞുമോള്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍

ഒരോണമില്ല.


Saturday, 29 August, 2009

അടുപ്പംആദ്യമായ്‌ കണ്ടനാള്‍
ഔപചാരികതയുടെ പേരില്‍
കൈപിടിച്ചു കുലുക്കിപ്പറഞ്ഞു
ഹായ്‌.....
വീണ്ടും കണ്ടപ്പോള്‍
പരിചയഭാവത്തില്‍
ചിരിച്ചു,
പരിചയം കൊണ്ടടുത്തപ്പോള്‍
കണ്ടുമുട്ടാനെന്തു വൈകിയെന്നായി,
വാക്കുകളില്‍ ആര്‍ദ്രത,
മിഴികളില്‍ ലാസ്യം,
ലോകത്തിന്റെ സൌന്ദര്യം-
അവളുടെ മിഴിചെപ്പിനുള്ളില്‍.

വേര്‍പിരിയാന്‍ ആകാത്ത വിധം
അടുത്തറിഞ്ഞപ്പോള്‍ ,
തീന്മേശയില്‍,കുരുങ്ങിക്കിടന്ന-
മിഴികള്‍ക്കടിയില്‍
ഉരുകിപ്പരന്ന ഐസ്ക്രീം
ദൈര്‍ഘ്യമില്ലാത്ത നിമിഷങ്ങള്‍,
ഭ്രാന്തമാകുന്ന ഒറ്റപ്പെടലുകള്‍ .

ഒടുവില്‍-
അവരിരുവരും
പുല്‍ക്കൊടിയും,മഞ്ഞു തുള്ളിയും പോലെ,
മഴവില്‍ശോഭയില്‍ ജ്വലിച്ച്..
കാര്‍മേഘമായിപ്പറന്ന്,
കൊടുങ്കാറ്റായ് അലഞ്ഞ്,
പെരുമഴയായി പെയ്തിറങ്ങി ,
നീര്‍ച്ചോലയായി ഒഴുകുമ്പോള്‍ -
മുഷിഞ്ഞ വാക്കുകള്‍,
ഇസ്ത്തിരിയിട്ടു മിനുക്കിയ ജീവിതം
"ഇണക്ക മുള്ളിടത്തെ പിണക്കമുള്ളൂ"-
യെന്നാശ്വാസവാക്കുകള്‍...
കണ്ടുമടുത്തപ്പോള്‍
അസ്വസ്ഥതയുടെ മുള്ളുകള്‍,
പകപഴുപ്പിച്ച പുണ്ണുകള്‍ .


പരിചയം കൊണ്ടുവെറുത്ത്‌,
കുടുംബക്കോടതി വരാന്തയില്‍
നിന്നിറങ്ങുമ്പോള്‍,
ലാഘവത്തോടെ പറഞ്ഞു
"ബൈ..."
ഹായ്ക്കും ..ബൈ ക്കും ഇടയിലെ
രസതന്ത്ര വ്യതിയാനങ്ങളെക്കുറിച്ച്
ഗവേഷണത്തിലാണിന്നയാള്‍.Monday, 24 August, 2009

പ്രകൃതിവിരുദ്ധം


കാലത്തെഴുന്നേറ്റ്
യന്ത്രചക്രങ്ങളില്‍
മേനിയഴകിനു കൂടിയാട്ടം ;
കാലില്‍ യഥാര്‍ഥ തുകലിന്റെ
ഭാരരഹിത മൃദുസ്പര്‍ശം.
ലാഭപ്പെരുക്കങ്ങളുടെ മരക്കച്ചവടം,
സില്‍ക്കുജൂബയില്‍-
ചന്ദനസുഗന്ധമുള്ള പെര്‍ഫ്യും,
ശീതീകരിച്ച സ്യുട്ടില്‍ നിന്നും
മൊബൈലില്‍ സല്ലപിച്ച് ആഡംഭരക്കാറിലേക്ക് .
പ്രകൃതിയോട് ഇണങ്ങിമാത്രം ജീവിച്ച പത്രോസ്
പവിത്രനും,പരമുവും ഇരുട്ടുമുറിയില്‍
സ്നേഹം പരസ്പരം പങ്കുവച്ചതറിഞ്ഞു
പൊട്ടിത്തെറിച്ചു "പ്രകൃതിവിരുദ്ധര്‍"മാന്യതതാക്കോല്‍പ്പഴുത്
ചുഴിഞ്ഞിറങ്ങുന്ന ഒളികണ്ണുകള്‍,
കൊതിനുണയുന്ന ചെന്നായ-
തിരയുന്നതെന്താണ് ?
നടന്നലഞ്ഞു ചെളിപുരണ്ട
നഗ്നമായ കണങ്കാല്‍,
വിശന്നൊട്ടിയവയറിലെ -
കറുത്ത മറുക്‌,
കുഞ്ഞിനു മുലകൊടുക്കുന്ന -
പൊള്ളുന്ന നെഞ്ച് ,
രാത്രിഞ്ചരന്‍മാരുടെ പീഡയില്‍-
വിളറിപ്പൊട്ടിയ ചുണ്ടുകള്‍ ,
മാന്യതയുടെ കുപ്പായക്കൂട്ടിനുള്ളില്‍ നിന്ന്
പുതിയ തലമുറയ്ക്ക്
സദാചാരത്തെപ്പറ്റി
ക്ലാസെടുത്തതിയാളാണ്.

Sunday, 23 August, 2009

മഴ

ചാറ്റല്‍ മഴ എനിക്കിഷ്ടമാണ്
എന്റെ ഓരോ രോമ കൂപങ്ങളോടും

നിന്റെ സ്നേഹം ഇണചേരുന്നത്

അപ്പോഴാണ്‌.


പുതുമഴ എനിക്കിഷ്ടമാണ്,
നിന്റെ വിയര്‍പ്പുഗന്ധം ഞാനറിയുന്നത്
മണ്ണിനെ മഴ പുണരുംബോഴാണ്

അണമുറിയാത്ത പെരുമഴ നനയുന്നത്
എനിക്കിഷ്ടമാണ്,
മനസ്സിലെ കാര്‍മേഘക്കൂട്ടം
പെയ്തിറങ്ങുന്നത്,
വരണ്ടുണങ്ങിയ എന്റെജീവിത ത്തിലേക്കാണ്

മിന്നല്‍ ഒളിപ്പിച്ച വേനല്‍മഴ
എനിക്കിഷ്ടമാണ്,
എരിഞ്ഞടങ്ങാത്ത എന്റെ കാമനകളെ,
ചിരിയിലോളിപ്പിച്ച വക്രതയെ,
ഹൃദയജാലകമറവിലെ കാപട്യത്തെ,
ഭസ്മീകരിക്കുന്നതന്നാണ് .

ഇഷ്ടമില്ലാതിരുന്നിട്ടും
നിന്റെ സാമീപ്യംവിട്ട്
മഴതുള്ളികള്‍ക്കൊപ്പം അലിഞ്ഞു -
മണ്ണോടുചേരുന്നതന്നാണ് .


Saturday, 22 August, 2009

അടയാളങ്ങള്‍
നമ്മള്‍
ഞാനും,നീയും എന്ന്
വേര്‍പെട്ടത്‌ എന്നാണ് ?
നിന്റെ നിസ്കാരതഴമ്പും ,
എന്റെ ചന്ദനക്കുറിയും ,
അവരുടെ തലപ്പാവും,
അടയാളങ്ങളായത് എന്നാണ് ?

നാമൊന്നിച്ച് പൊതിച്ചോറില്‍പ്പാതി പങ്കുവച്ചത് ,
കാവിലെ ഉത്സവത്തിന്
പകല്‍പ്പുരത്തിന് ആഹ്ലാദിച്ചത്,
ഉമ്മയുടെ കൈപ്പുണ്യം
സ്നേഹത്തോടെ രുചിച്ചത്......

നന്മയുടെ ഇലച്ചിന്തില്‍
ബാലിക്കാക്കകള്‍ വറ്റുണ്ണുന്നു,
ചിതറിയ എള്ളും,ദര്‍ഭയും,
പുണ്യങ്ങളുടെ മണ്‍കുടം വീണ്ടുമുടയുന്നു.....

ബാലറ്റ്പേപ്പറില്‍ ഇലക്കും,പൂവിനും,
ചക്രത്തിനും,നക്ഷത്രത്തിനും പകരം
ജപമാല,നിലവിളക്ക്,പര്‍ദ്ദ,തലപ്പാവ്,
ഉരുകിത്തീര്‍ന്ന മെഴുകുതിരി......

മനസ്സമ്മതം നാലായി മടക്കുംമുമ്പെ
മതശാട്യത്തിന്റെ കൈച്ചങ്ങല,
ചെയ്തുപോയ കൈപ്പിഴയ്ക്ക്‌
പഞ്ചവത്സരകുമ്പസാരം.

നമ്മുടെ ചിന്തകളും, സ്വപ്നങ്ങളും
പേറ്റെന്റ്റ് ചെയ്യപ്പെടുന്നത് ആര്‍ക്കാണ് ?

Saturday, 15 August, 2009

സ്വാതന്ത്ര്യം

കൈകൊണ്ടുതുന്നിയ ഒറ്റമുണ്ടില്‍
നീണ്ടുമെലിഞ്ഞ ശരീരം പാതിമറച്ച്
സ്വന്തം ജീവിതം കൊണ്ട്
പടവെട്ടിയ ഫക്കീര്‍ ,
കൈക്കുലി കൊടുക്കാനുള്ള
പച്ചനോട്ടിലെ നിറം മങ്ങിയ ചിത്രം.

ചരിത്രപുസ്തകതതാളില്‍ തൂങ്ങിയാടുന്ന
ഭഗത്സിംഗിന്റെ ധൈര്യമാര്‍ന്ന മുഖം,
വരികള്‍ക്കിടയിലൂടെ ഇറ്റുവീഴുന്നത്
പേരില്ലാത്ത പോരാളിയുടെ ചോര
ശ്വാസത്തിലറിയുന്നത്‌
ഗളഹസ്തം ചെയ്യപ്പെട്ടവന്റെ ഗന്ധം,
കാതുകളില്‍ നിറയുന്നത്
ചതഞ്ഞരഞ്ഞ പെങ്ങളുടെ നിലവിളി

എന്റെ സ്വാര്‍ത്ഥതയ്ക്ക്‌, ധാര്‍ഷ്ടിത്തിന്,
വിധേയത്വത്തിന്, ജീര്‍ണിച്ചു -
പൊള്ളയായ അധികാരത്തിന് ,
ചെറുത്തുനില്‍പ്പുകള്‍ക്കുമേലുള്ള-
കടന്നുകയറ്റത്തിന് ഉത്തരമായി
ധിക്കാരത്തിന്റെ സ്വാതന്ത്ര്യം.

സ്വയമൊരുക്കിയ അന്ധതയുടെ തടവറയില്‍ നിന്നും
നമുക്കെന്നാണ്‌ സ്വാതന്ത്ര്യം കിട്ടുക ?


Monday, 3 August, 2009

സ്നേഹിതന്...ഞാന്‍ നിനക്കു തന്നത്
വളപ്പൊട്ട്,മഞ്ചാടി,
സ്നേഹപീയുഷം നിറച്ച ഹൃദയം,
നേര്‍ വാക്കിന്റെ എന്ഞുവടി,
സങ്കടങ്ങള്‍ക്ക് തണല്‍മരം,
നെറുകയില്‍ കുളിരിന്റെ ചന്ദനം,
അടയിരിക്കനൊരു കൂട്,
പിശകില്ലാത്ത കലെണ്ടെര്‍

നീ പങ്കിട്ടെടുക്കാത്തതായി എന്തുന്ടെനിക്ക് ?
കായ്ച്ചുലഞ്ഞ തണല്‍മരത്തിന്റെ തായ്ത്തടി,
നിനക്ക് ശ്രുതിയിട്ട വീണക്കംബികള്‍ ,
എന്നിലേക്ക്‌ വളര്‍ന്നുപടര്‍ന്ന ഭാര്യയുടെ സ്നേഹം,
പോതിച്ചോര്‍, കിടക്ക, അടുപ്പ്‌ ..

ഞാനൊരു കളി പ്പാട്ടമാകുന്നതായിരുന്നു
നിനക്കെന്നുമിഷ്ടം
Sunday, 2 August, 2009

നിസ്വന്‍
ഞാനെന്റെ കണ്ണുകളടച്ചുവച്ചു,
ബോധ മിരുളിന്‍ ചുഴിക്കുള്ളിലാഴ്ത്തിവച്ചു,
സുഖശാന്തമായൊരുറക്കം തുടരുവാന്‍
ഞാനെന്റെ കണ്ണുകളടച്ചുവച്ചു.

വന്യമാം ഗിരിഗഹ്വരങ്ങളില്‍ കാലമായ്‌ -
മാറ്റൊലി കൊണ്ടോരീ നിലവിളികള്‍
സ്വര്‍ഗ്ഗസമാനമാം സ്വപ്നശൈലങ്ങളില്‍
വിരിയുന്ന കല്യാണസൌഗന്ധികങ്ങളെ,
കാല്‍ക്കീഴിലിട്ടു മെതിക്കാതിരിക്കുവാന്‍
ഞാനെന്റെ കാതുകളടച്ചുവച്ചു .

ആര്‍ദ്രമായ്‌ പ്രേമം പുതപ്പിച്ച വാക്കുകള്‍ ,
നന്മകളില്‍ ഊതിമിനുക്കിയ ഗീതികള്‍ ,
ഹൃദയരക്തത്താല്‍ ക്കുറിച്ച പ്രവാചക -
ബോധനപ്പെരുമകള്‍ പട്ടടയിലെരിയുമ്പോള്‍ ,
ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ ,
ജാതക പത്തായവില്ലില്‍ കുടുങ്ങിയോരശരണര്‍
സ്നേഹ പ്രഘോഷണഗന്ധം മടുത്തുപോയ്‌
ഞാനെന്റെ നാസികാ ജാലകമടയ്ക്കുന്നു .

തലമുറ ഭരണിയില്‍ പാകം വരുത്തിയ
പാരമ്പര്യത്തിന്റെ നേര്‍ രുചിപ്പഴമകള്‍
മാക്‌ടോനാഡ്‌സ്, കെ.എഫ്‌.സി -
നവരുചിപ്പെരുമയില്‍ ജീര്‍ണിച്ച-
പാഴ്വസ്തു പോലെയലിയുമ്പോള്‍
ഉള്ളില്‍ തികട്ടിത്തികട്ടി വരുന്നോരാ-
മൂര്‍ത്ത സത്യത്തിന്റെ വാക്കുതടയുവാന്‍ ,
നഗ്ന സത്യങ്ങള്‍ ക്ക് മൌന ക്കുരുക്കിട്ടു -
ഞാനെന്റെ നാവിനെ തടവിലാക്കി.

തെരുവിലായുന്മാദനൃത്തം ചവിട്ടിയീ-
മേള ക്കൊഴുപ്പില്‍ കടലായോഴുകുമ്പോള്‍ ,
പാത യോരങ്ങളില്‍ ഭിക്ഷാടനത്തിന്റെ
ബാലപാഠങ്ങള്‍ ചുമക്കുന്ന ശൈശവം;
പിന്നാലെയെത്തി കുടുക്കുന്നോരോര്‍മ്മയാല്‍
തീര്‍ത്ത മതിക്കെട്ടു താണ്ടാന്‍ പഠിച്ചും ,
കൊണ്ടും,കൊടുത്തും,ചിരിക്കാന്‍ മറന്നും,
പിന്നിട്ട പാത മറന്നു നീങ്ങുന്നു ഞാന്‍.

ശാന്തിതന്നാലയമേറെയകന്നുപോയ്‌
ദുരിതക്കയങ്ങളില്‍ മുങ്ങിയമര്‍ന്നുപോയ്‌ ,
ജീവിതവ്യഥകളുടെ ഭാണ്ഡം മറന്നുപോയ്‌,
രക്തബന്ധങ്ങളുടെ കണ്ണികളുമറ്റു പോയ്‌,
എന്ങിലുമേറെ മുറിപ്പെടുത്തുന്നോരീ ചിത്രം..
തൂങ്ങിയാടുന്ന കബന്ധപ്പെരുമഴ,
നിറകണ്ണുരണ്ടും തുറിച്ചു നോക്കുന്നോരാള്‍
ഭീതി പ്പെടുത്തുന്ന ചിന്തയില്‍ നിന്നുടന്‍
ആത്മ ഹത്യാക്കയര്‍ മാറ്റിവയ്ക്കുന്നു ഞാന്‍

വാക്കില്ല,നോക്കില്ല ,പച്ചയാം ജീവിത-
ച്ചന്തയില്‍ ചിതറിയ ഗന്ധക മണമില്ല
കുഷ്ടം പിടിച്ചു മരിച്ച മനസ്സിനെ,
തോട്ടുനോവിക്കാതെ തുടരും നിലവിളി .

എല്ലാമൊരു വശക്കാഴ്ച്ചകള്‍,മറുപുറ-
ത്തെല്ലാം സുഖദം, സുഖകരജീവിതം.
വാഴ്ത്തുവാന്‍ വര്‍ത്തകര്‍ "നിസ്വന്‍, നിരുപമന്‍ ,
ദീനദയാപരന്‍, മലര്‍ക്കെ തുറന്നിട്ട ജീവിതപുസ്തകം,
ഊര്‍ദ്ധന്‍ വലിക്കുന്ന ജീവിത മൂല്യങ്ങള്‍-
ക്കൂര്‍ജ്ജംപകര്‍ന്നുകൊടുത്തോരകംപൊരുള്,‍"
ജീവിതം തല്ലിപ്പഴുപ്പിച്ചെടുക്കുന്ന
പുസ്തകതാളിലെ ജീവചരിത്രവും.

കുത്തിവലിക്കുന്ന ചിന്തയില്‍നിന്നുടന്‍
ആത്മഹത്യാക്കയര്‍ മാറ്റിവയ്ക്കുന്നു ഞാന്‍.