സാക്ഷിയായവര്‍...

blog counter

Saturday 6 February, 2010

ഉടല്‍‌ ഉരിയുന്നത്...




മുരളുന്ന ശീതീകരണിക്കു താഴെ
നരച്ച ചായം തേച്ച ചുവരില്‍‌,
ബോധിവൃക്ഷച്ചുവട്ടില്‍
നിത്യദു:ഖത്തിന്റെ പൊരുള്‍തേടി
സമാധിസ്ഥനായ ബുദ്ധന്റെ ചിത്രം.


എതിര്‍ഭിത്തിയില്‍ കൂട്ടം തെറ്റിയ
പേടമാനെ വേട്ടയാടുന്ന
കടുവയുടെ എണ്ണച്ഛായചിത്രം.


താഴെ-
നീലയില്‍ വെള്ളപൂക്കളുള്ള
വിരിപ്പിട്ട കിടക്കയില്‍
 മുറുവേറ്റുപിടയുന്ന വേട്ടമൃഗം‌,
ശോണിത സ്പര്‍ശത്താല്‍
ചുവന്നൂ വെള്ളപ്പൂക്കള്‍;
ഹൃദയച്ചുവരില്‍ നിരനിരെ
 നാല്പതുവേട്ടമൃഗങ്ങളുടെ
ചില്ലിട്ടചിത്രങ്ങള്‍.


വേലിയാണു വിളവുണ്ടതെങ്കിലും
കരഞ്ഞു തീര്‍ത്തിവള്‍ ‘പാപ’ജീവിതം
സ്വയം തീര്‍ത്ത കാരാഗ്രഹകൂട്ടില്‍.
 “ഒഴിവുവേളയിലോടിമാറാത്തതെന്തേ ?
ഒച്ചവെയ്ക്കാ‍ത്തതെന്തേ ?” കുരിശി-
ലാഴ്ത്താനുറച്ചവര്‍ക്കുത്തരം‌-
നല്‍കുവാനാകാത്ത ചോദ്യങ്ങളായിരം.
          *            *            *  


കോടതിഭിത്തിയില്‍ ചില്ലിനുപിന്നില്‍
ഗാന്ധിജി നില്പൂ സഗൌരവം;
പഴകിയ, പാഴ്പുസ്തകങ്ങള്‍ക്കുള്ളിലായ്
കണ്ണുകള്‍ കെട്ടി, ഇടം കൈയിലൊരു
തുലാസ്,നിശ്ചലം.


നീലയില്‍ ചുവന്നപൂക്കളുള്ള
ചുരീദാറില്‍,കൂട്ടില്‍ തലകുമ്പിട്ടവള്‍
ചുറ്റിലും കണ്ണുകള്‍,സാകൂതം,കൌതുക-
ക്കാഴ്ചകാണാന്‍,കേള്‍ക്കാന്‍ കുതൂഹലം.


മിഴിക്കോണിലൂടെക്കാ‍ണാം
ചോദ്യമുനയുമായ് കറുത്തകുപ്പായങ്ങള്‍,
വീണ്ടുമാപുള്ളിപ്പാവാടച്ചരടുകളഴിയുന്നു
തിരുവുടലുരിയുന്നു,വീണ്ടുമവസാന-
വേട്ടനായെത്തും വരെ വിചാരണോത്സവം;
“ആദ്യമൂരിയ കുടുക്കേത് ? ആഴ്ത്തിയ നഖമേത് ?
സാക്ഷികളാരാനുമുണ്ടോ കണ്ട -
തണുവിടതെറ്റാതെ ചൊല്ലുവാന്‍ ?”
കൂട്ടില്‍ നഗ്നയായ് നിന്നവള്‍.


ചുറ്റുമാര്‍ത്തുചിരിക്കുന്ന കണ്ണുകള്‍,എത്ര-
ഭേദം,നാലുചുവരിനുള്ളിലെ പീഢനം
“ഭൂമി പിളര്‍ന്നൊന്നു താഴണേ ദൈവമേ”
ബോധമറ്റുനിപതിച്ചവള്‍ കൂട്ടില്‍


ഭാഗ്യം, കൂടിനിന്നവര്‍ നെടുവീര്‍പ്പിട്ടു,
പറ്റിയില്ലൊരുകേടും വീഴ്ചയില്‍  തുലാസിനും,
കണ്ണിന്‍ കെട്ടഴിഞ്ഞിട്ടില്ല,
ഹൊ..നീതിദേവത കാത്തു.