സാക്ഷിയായവര്‍...

blog counter

Saturday, 19 December, 2009

തീപിടിക്കുന്ന വാതിലുകള്‍ഒറ്റപ്പെടുന്നവന്റെ മനസ്സ്

നിറയെ പായല്‍പരന്ന
കുളംപോലെ ശാന്തമാകുമ്പോള്‍
ഒരു പൂര്‍ണചന്ദ്രനും അവന്റെ
അടിത്തട്ടിന്റെ ആഴമളക്കാനാകില്ല;
ഏറെതാഴെ, ചതുപ്പിനുള്ളില്‍
മുഖം പൂഴ്ത്തിയൊളിക്കുന്ന
മിനുപ്പാര്‍ന്ന പരല്‍മീനുകള്‍ക്ക്
പായല്‍പ്പാളികള്‍ക്കിടയിലൂടെ
തലനീട്ടിയെത്തുന്ന
ആറ്റുവഞ്ചിത്തലപ്പുകള്‍ കണ്ട്
പരിചയം പുതുക്കാനുമാവില്ല.പെരുവിരല്‍ നഖവിടവില്‍
നാരകമുള്ളുകള്‍ക്ക് ചെയ്യാനാകുന്നത്,

മിനുസമുള്ള വാക്കുകള്‍ കൊണ്ട്
ചങ്ങാതിയോടുചെയ്യാനാകുന്നത്,
നിശബ്ദമായ കുളത്തിനുള്ളില്‍
കൂടണഞ്ഞും,കൂടുവിട്ടും പുളയുന്ന
പരല്‍മീനുകളോടുമാകാം;
കണ്ണൂകള്‍ പൂട്ടി,വാതിലുകള്‍
കൊട്ടിയടച്ച്, അനുമതിയില്ലാത്തതൊന്നും
കടന്നുവരില്ലെന്നുറപ്പാക്കാം,ഒപ്പം
സ്വീകരണമുറിയിലെ ജാലകത്തിലൂടെ
അനുവാദംകൂടാതെ കടന്നുവരുന്നവ
നിസ്സഹായതയോടെ കണ്ടില്ലെന്നുനടിക്കാം.

ഓടാമ്പലിട്ടുറപ്പിച്ച വാതിലിനുപിന്നില്‍

നെടുവീര്‍പ്പുകളോടെ,ഹൃദയമൊളിപ്പിച്ച്
തീപിടിച്ച വാതായനശീലകള്‍കൊണ്ട്
സൂര്യനോടുയുദ്ധംചെയ്യാം,
പായല്‍പ്പാളികള്‍ക്കിടയിലൂടെ
നിലവിളിയൊച്ചപോലുമില്ലാതെ
കുഞ്ഞുങ്ങള്‍ മുങ്ങിത്താഴുന്നത്
മൂകം കണ്ടു രസിക്കാം‌,
പായല്‍മേലാപ്പിനു കീഴെ
കിടപ്പാടമുള്ളവനെന്നഭിമാനിക്കാം.

ഒറ്റപ്പെടുന്നവന്‍
സ്വന്തമായി മേല്‍ക്കൂരയില്ലാത്തവന്‍,

ഉടലിനുമീതെ-
സ്വന്തം തലപോലുമില്ലാത്തവന്‍,
അഭിരമിക്കുന്ന കിടക്കയില്‍
സ്വന്തം ഉടലുകൊണ്ടുമാത്രം
യുദ്ധം ചെയ്യുന്നവന്‍,
അരമില്ലാത്ത നാവുകൊണ്ട്
വാക്കുകള്‍ക്കു വഴങ്ങുന്നവന്‍,
വാക്കിന്റെ ഭൂപടങ്ങള്‍ക്ക്
ചൂണ്ടുവിരലുകളാല്‍ വശംകെട്ടവന്‍.

എന്റെയും നിങ്ങളുടേയും കുഞ്ഞുങ്ങള്‍

ചതുരംഗക്കളത്തിനപ്പുറവും,
ഇപ്പുറവും വെട്ടിയും, വീഴ്ത്തിയും
ആനമയിലൊട്ടകം കളിക്കുമ്പോള്‍,
കളത്തിനുപുറത്ത് വിയര്‍പ്പാറ്റാനൊരു
നിലപാടുതറ തിരഞ്ഞു,തിരഞ്ഞ്,
ഉത്തരം കിട്ടാതെ വലഞ്ഞ്,
നിലക്കണ്ണാടിക്കുമുന്നില്‍ തൂവലുകള്‍
കൊഴിച്ച് നിശബ്ദനായവന്‍.


തൂവലുകളില്ലാതെ കിട്ടിയതല്ലേ,
എരിവും,പുളിയും നന്നായിച്ചേര്‍ത്ത്
വറചട്ടിയില്‍ മൊരിച്ചെടുത്താലെന്തു
മൃഷ്ടാന്നമീ മദ്ധ്യാഹ്നഭോജനം‌.

Wednesday, 9 December, 2009

ഒരുമുഴം കയര്‍ അഥവാ ശീലങ്ങളുടെ തത്വശാസ്ത്രംനീളത്തില്‍ കെട്ടിയിട്ട
പ്ലാസ്റ്റിക്ക് കയറില്‍
നീ ധരിച്ചഴിച്ചെറിഞ്ഞ
ഉടുവസ്ത്രങ്ങള്‍
ചുമന്നു,മടുത്തു-
പോയെന്നേ ഞാന്‍.

നിന്റെ നവചിന്തകളിലൊന്നിലു-
മെന്റെയീ സഹനത-
യോര്‍ക്കാറുപോലുമില്ല നീ,
സാമ്രാജ്യത്വവിരുദ്ധ വാദത്തി-
നിടയിലൊന്നും നിന്റെയീ
വലിച്ചെറിയലൊട്ടലട്ടാറുമില്ല.
നിനക്കു മുഷിഞ്ഞെന്നു-
തോന്നുമ്പോള്‍

വലിച്ചെറിഞ്ഞതെല്ലാം
ഇന്നെന്റെ ബാധ്യത മാത്രമായി.
പൂത്തും,കനച്ചും,നാറിയും
നിന്റെ പുറമേയ്ക്ക് അപ്രാപ്യമായ
അഴുക്കുകളൊക്കെയും
ഇങ്ങനെ താങ്ങിത്തളര്‍ന്നു-
മടുത്തുപോയ് ഞാന്‍.

അപ്പുറത്തരികില്‍
ഇസ്ത്തിരിവടിവില്‍,ഹാംഗറില്‍,
ഹുങ്കോടെ തൂങ്ങിക്കിടക്കുന്നവനുണ്ടോ-
അറിയുന്നിപ്പുറമുള്ളവനും
കിടന്നിട്ടുണ്ടെത്രനാളിങ്ങനെ-
യിപ്പോളീവിധമെങ്കിലും...ഈ ജനാലക്കപ്പുറത്തേക്ക്
നീ എന്നേയൊന്നുമാറ്റി
കെട്ടിയിരുന്നെങ്കിലീ-
വീശുന്ന കാറ്റിലുലച്ചു-
വീഴ്ത്തിയേനേം,നിന്റെയീ
വിഴുപ്പുകള്‍.

എന്തോ-
ഇങ്ങനെ താങ്ങിയൊരു
ശീലമായതുകൊണ്ടാകാം
പുഴുകിയ ഈ മണമില്ലാതൊരു
സുഖവുമില്ലിപ്പോള്‍.