സാക്ഷിയായവര്‍...

blog counter

Thursday 24 September, 2009

അളവുകോല്‍


നമുക്കിടയിലില്ലാതിരുന്നത്
അതിരുകള്‍ വേര്‍തിരിച്ച സൌഹൃദം.
തോളത്തു വച്ച കൈകള്‍
താങ്ങാവുമെന്നും ,
ഊഷ്മളാശ്ലേഷത്തില്‍
പ്രപഞ്ചം കീഴടക്കാമെന്നും,
സ്വപ്നശൈലങ്ങളില്‍ നിന്നും
നീലമേഘഞോരികളിലൂടെ
പറക്കാമെന്നും,
കൊതിച്ചിട്ടുണ്ടു ഞാന്‍ .
സിഗരറ്റിന്റെ അവസാനത്തെ പുകയും,
അവസാന മദ്യതുള്ളിയും,
പങ്കുവെച്ച്-
യാഥാര്‍ത്ഥ്യങ്ങളെ നേര്‍ത്ത
തിരശീല കൊണ്ടുമറച്ച്
ഒന്നായിരുന്നു നാം.

തികഞ്ഞ സൌഹൃദ -
മെയ്‌വഴക്ക വൈഭവത്തിലാണ്
എന്റെ സ്നേഹദൌര്‍ബല്യങ്ങളെ
നിനക്കളക്കാനായത്‌;
ചുടലി മുള്‍ക്കാട്ടിലേക്കെന്നെ
വലിച്ചെറിയാനായത്‌.
ഹൃദയഭിത്തിയില്‍ പതിപ്പിച്ചു നിന്നേ
അളവെടുപ്പില്‍ പിഴക്കാതിരിക്കുവാന്‍.




ചിത്രം-രൂപകല്‍പ്പന സജിവ്പുനലൂര്‍

Thursday 17 September, 2009

അര്‍ബുദം



ജലജാലകങ്ങള്‍ മെല്ലെ തുറന്ന്
മഷിത്തുള്ളി പടരുന്നതുപോലെ
അര്‍ബുദം പടര്‍ന്നുകയറിയത്,
ശിശിരത്തിലെന്നപോലെ ഇലകൊഴിച്ചത്.
കൊതിച്ചത് കുറച്ചുകൂടി സമയം;
സ്നേഹിച്ചുതീര്‍ക്കാന്‍,
മഴത്തൂവല്‍ കൊണ്ട് കൊട്ടാരം പണിയാന്‍,
വരിതെറ്റാതെ തീരംതേടുന്ന-
തിരകളിമപൂട്ടാതെ കണ്ടിരിക്കാന്‍...
ഒടുവിലൊരു വലിയതിരവന്നു
പുഴക്കിയെറിഞ്ഞുപോയത്‌,
ആറരസെന്റു മണ്ണും
സ്വപ്നം വേവിച്ചു കൊതിതീരാത്ത
ആറുമണ്‍പാത്രങ്ങളും.

Saturday 12 September, 2009

ഗുണ്ടകള്‍



ശാന്തന്‍,ലജ്ജാലു,
അടക്കിപ്പിടിച്ച സംസാരം,
തലകുമ്പിട്ടുള്ള നടത്തം,
അച്ഛന്റെ ചൂരല്‍പ്പിഴകള്‍ക്കുമുന്നില്‍
സുശീലന്‍ എന്നും
നല്ല കുട്ടിയായിരുന്നു.

ചൂരലിന്റെ മറവില്‍നിന്നാണ്
അച്ഛന്‍ വലിച്ചുവലിച്ചെറിഞ്ഞ
ബീഡിക്കുറ്റി വലിച്ചുതുടങ്ങിയത്‌,
മേശവലിപ്പില്‍ നിന്ന്
നാണയത്തുട്ടുകള്‍ മോഷ്ടിച്ചത്‌.
സ്കൂളില്‍-
കണക്കുസാറിന്റെ
കാര്‍ക്കശ്യത്തിന്റെ മറവില്‍നിന്നാണ്
ഒന്നാമത്തെ ബഞ്ചില്‍ നിന്ന്
കാലുകളിളകുന്ന
അവസാനത്തെ ബഞ്ചിലേക്കവന്‍
നുഴ്ന്നിറങ്ങിയത്.

കുമ്പസാരകൂടിന്റെ മറവില്‍നിന്നാണ്
അയല്‍ക്കാരന്റെ ആഞ്ഞിലിമരം

രസം വച്ചുണക്കിയത്,
പൊള്ളുന്ന പനിച്ചൂടില്‍
പാപത്തിന്റെ കനിതിന്നത്.

വീര്‍ത്തു വശംകെട്ട പോക്കറ്റുകളുടെ
മറവില്‍നിന്നാണ്, അത്താഴക്കലവും,
തുളസിക്കതിരിന്റെ മാലയിട്ട
കൃഷ്ണ വിഗ്രഹവും എറിഞ്ഞുടച്ചത്.

പറന്നുനരച്ച കൊടിക്കൂറകളുടെ മറവില്‍നിന്നാണ്
ക്യാന്‍വാസില്‍ ജീവന്റെ
ചിത്രം കോറിയിട്ടത്‌;
ഓണമുണ്ടിരുന്ന ഒറ്റപ്പുത്രന്റെ തലയറുത്ത്‌
അമ്മയുടെ മുന്നിലര്‍പ്പിച്ച്,
ഗുരുവിന്റെ കുടല്‍മാലയാല്‍ കുരുന്നുകള്‍‍ക്കു
ഡി പി ഇ പി ക്ലാസെടുത്ത്‌,
ഈറ്റുനോവില്‍ പിടയുന്ന പെണ്ണിനെ
വൈധവ്യത്തിന്റെ തറ്റുടുപ്പിച്ച്...

അംഗീകാരത്തിന്റെ അലങ്കാരമുദ്രകള്‍
മറവിലിരുന്ന് ചാര്‍ത്തിക്കൊടുത്തവര്‍
വിരല്‍തുമ്പിനാല്‍-
വിലക്കുന്നുണ്ട്, നാവില്‍നിന്നും
പേരെടുത്തു മാറ്റുന്നുണ്ട് ,
ഊരാക്കുടുക്കിനാല്‍ മുറുക്കുന്നുണ്ട-
ഴിഞ്ഞു പോകാതിരിക്കുവാന്‍.

ഇരുമ്പഴിക്കുള്ളിലെ നിശബ്ദദയുടെ മറവിലും
സുശീലന്‍ സൌമ്യനാണ്;
അവനു ചൂണ്ടുവാന്‍ വിരലുകള്‍
മതിയാകുമായിരുന്നില്ല,
അട്ടഹാസങ്ങളേ മറികടക്കാന്‍
അവന്റെ ശബ്ദം തികയുമായിരുന്നില്ല.

ആന



കാട്ടില്‍-
പൂക്കളോടു കിന്നാരം ചൊല്ലി,
മുളങ്കാടിനോട് കുറുമ്പുകാട്ടി,
അഹങ്കാരത്തിന്റെ ചിന്നം വിളിച്ച്,
വഴിത്താരത്തിരിവൊന്നില്‍
കൊതിയൂറും ശര്‍ക്കരമധുരത്തില്‍
ചതിയുടെ വെടിമരുന്നിലുടഞ്ഞ്-
പൂവാകപ്പുഷ്പ്പങ്ങളായ്
വിടര്‍ന്നുചിതറുമ്പോള്‍
'മണി' കിലുക്കമുണ്ട്,
നാട്ടിലെ കീശയില്‍.

നാട്ടില്‍-
മുത്തുക്കുട, ആലവട്ടം,വെഞ്ചാമരം,
സ്വര്‍ണഗോളകകളുടെ നെറ്റിപ്പട്ടം,
സ്നേഹാധിക്യത്താല്‍
വേദനിച്ചുണര്‍ന്നാല്‍
മയക്കുവെടി,കല്ലേറ്,
ഒടുവില്‍ ജലസമാധി,
പുഷ്പ്പവൃഷ്ടിയാല്‍ വിട.

വാണിഭത്തട്ടില്‍
കാടെന്ത്, വീടെന്ത്,
മാപനിക്കുഴലില്‍
ക്കയറുന്നമൂല്യം.
വരിയുടച്ചെത്തും,
നുകം വലിച്ചൂര്‍ദ്ധന്‍ വലിക്കും,
പൂട്ടുകാളകള്‍ക്കെന്നും
പുളയുന്ന ചാട്ടവാര്‍.
മുന്‍കാലിലാരോ ചാരുന്ന തോട്ടി-
മറിയാതിരിക്കുവാന്‍
നിച്ഛലം നില്‍പ്പു ഞാന്‍.

Tuesday 8 September, 2009

തിരിച്ചറിവ്




രണ്ടാം വാര്‍ഡില്‍
അഞ്ചാമത്തെ കട്ടിലില്‍
അവനുണ്ട്
ഫിനൈലും,നെടുവീര്‍പ്പുകളും ചേര്‍ന്ന്
മനംമടുപ്പിക്കുന്ന ഗന്ധം,
മരണം മണക്കുന്ന കിടക്കകള്‍,
സ്വജീവിതം പോലെ-
ശൂന്യമായി,അലക്ഷ്യമായി,
വലിച്ചെറിഞ്ഞ മരുന്നുകുപ്പികള്‍,
ഒരിറ്റു ശ്വാസത്തിന്
പണിപ്പെട്ടു കറങ്ങുന്ന പങ്കകള്‍.
അവന്റെയുള്ളില്‍ ഒരു
കൊടുങ്കാറ്റിരമ്പുന്നുണ്ട്;
കാറ്റിലിളകുന്ന
അഴുക്കും,മെഴുക്കും കൊണ്ട്
കറുത്ത് ഇരുണ്ടുപോയ
വാതായനശീലകള്‍;
ജനാലക്കപ്പുറം-
നിശ്ചലം നില്‍പ്പുണ്ടിരുള്‍ രൂപങ്ങള്‍,
വരാന്തയില്‍
പുതച്ചുറങ്ങുന്നുണ്ടു ശവങ്ങള്‍.

അവന്റെ ഞരമ്പുകളിലേക്കിറ്റുന്ന-
ചുവന്ന തുള്ളികളില്‍
ചോരവിറ്റന്നം തേടുന്നവന്റെ അതേമുഖം.
അവന്റെ-
ഓരോ ചെറുചലനത്തിലും
വേദനിച്ചു കരയുന്നുണ്ടു കട്ടില്‍
ഓരോ കരച്ചിലും ഞെട്ടലോടെ
അറിയുന്നുണ്ട്;
സ്വന്തം ജീവിതമൂറ്റി നല്‍കി
വിളറിയ മുഖവുമായി
കാല്‍ക്കലൊരു വിഴുപ്പു ഭാണ്ടമായി
അവന്റെ ഭാര്യ.

വേട്ടമൃഗത്തിന്റെ മുഖമുള്ള
വെള്ളരിപ്രാവുകള്‍ പറന്നുപോയി,
എല്ലാ പൊട്ടിച്ചിതറലിനുശേഷവും
ഇങ്ങനെ പറന്നുപോകാറുണ്ടല്ലോ,
വെളുത്ത പറവകള്‍;
കൂടിലടക്കപ്പെടാറുണ്ട്-
വീണ്ടും ഊഴമെത്തുംവരെ.

രണ്ടാമത്തെ വാര്‍ഡില്‍
അഞ്ചാമത്തെ കട്ടിലില്‍
ഹൃദയത്തിന്റെ നിലച്ചസൂചിയുടെ,
ചലനം വീണ്ടെടുത്ത്‌ അവനുണ്ട് .
ഒരു കൂരയ്ക്ക് കീഴെ
ഉണ്ണാതെ, ഉറങ്ങാതെ
കലഹിച്ചു തീര്‍ത്തിട്ടും
അവന്‌-
ഹൃദയമുണ്ടായിരുന്നെന്ന്
തിരിച്ചറിയാത്തതിന്റെ
അതിശയത്തിലാണവളിന്ന്.

Tuesday 1 September, 2009

ഇര


അവള്‍-
ഒഴുക്കില്‍പ്പെട്ട ഒരില
ചതിയുടെ നീര്‍ക്കയങ്ങളില്‍,
ശിഖരങ്ങളില്‍ നിന്നടടര്‍ന്ന്,
ചില്ലുജലജാലകങ്ങള്‍ തുറന്ന്,
കുളിരിന്റെ സൂചിമുനകളേറ്റുമുറിഞ്ഞ്‌,
നീര്‍ക്കുമിളകളേപ്പോലെ തകര്‍ന്ന്‌,
നീന്താനാകാതെ തളര്‍ന്ന്,
പിന്നിലടയുന്ന വാതിലുകളെ ഭയന്ന് ,
നോട്ടക്കാരുടെ കൈപ്പഴുതിലൂടെ
കൈവിട്ടുപോയ ഒരില.

അവള്‍-
ചിലന്തിവലയില്‍ കുടുങ്ങിയ ഒരിര
കണിശതയുടെ കണ്ണികളുമായി
കണ്ണിമതെറ്റാതെ വേട്ടക്കാരുടെ നിര.
"നോക്കൂ മകളെ,ഓരോ തവണയും
വലനെയ്യുന്നു,കാത്തിരിക്കുന്നു.
ചരിത്രത്തിലെ രാജാവ് ക്ഷമയോടെ,
തോറ്റു,തോറ്റു വിജയത്തിലേക്ക്‌ .." *
വലയിലകപ്പെട്ട്,
കൈകാലിട്ടടിച്ചു തളര്‍ന്ന്,
വേട്ടക്കാരന്റെ കൈകളിലമര്‍ന്നു-
കീഴ്പ്പെട്ടുപോയ ഒരിര
കുത്തൊഴുക്കില്‍പ്പെട്ട്
ഒന്നുകൂടി കീഴ്മേല്‍മറിഞ്ഞു;
ഒരു കുളിര്‍ കാറ്റില്‍ കുറുകി
കുത്തിയൊലിക്കുന്ന പുഴയിലേക്കു-
വീഴാന്‍ കാത്തുനില്‍ക്കുന്നുണ്ടിലകള്‍.
ഓരോ വലയിലും ഇന്‍കുബേറ്റര്‍ കുഞ്ഞുങ്ങള്‍
‍പൊട്ടിക്കരയുന്നു.


*റോബര്‍ട്ട് ബ്രൂസിന്റെ കഥ ഓര്‍ക്കുക.