സാക്ഷിയായവര്‍...

blog counter

Saturday 19 December 2009

തീപിടിക്കുന്ന വാതിലുകള്‍ഒറ്റപ്പെടുന്നവന്റെ മനസ്സ്

നിറയെ പായല്‍പരന്ന
കുളംപോലെ ശാന്തമാകുമ്പോള്‍
ഒരു പൂര്‍ണചന്ദ്രനും അവന്റെ
അടിത്തട്ടിന്റെ ആഴമളക്കാനാകില്ല;
ഏറെതാഴെ, ചതുപ്പിനുള്ളില്‍
മുഖം പൂഴ്ത്തിയൊളിക്കുന്ന
മിനുപ്പാര്‍ന്ന പരല്‍മീനുകള്‍ക്ക്
പായല്‍പ്പാളികള്‍ക്കിടയിലൂടെ
തലനീട്ടിയെത്തുന്ന
ആറ്റുവഞ്ചിത്തലപ്പുകള്‍ കണ്ട്
പരിചയം പുതുക്കാനുമാവില്ല.പെരുവിരല്‍ നഖവിടവില്‍
നാരകമുള്ളുകള്‍ക്ക് ചെയ്യാനാകുന്നത്,

മിനുസമുള്ള വാക്കുകള്‍ കൊണ്ട്
ചങ്ങാതിയോടുചെയ്യാനാകുന്നത്,
നിശബ്ദമായ കുളത്തിനുള്ളില്‍
കൂടണഞ്ഞും,കൂടുവിട്ടും പുളയുന്ന
പരല്‍മീനുകളോടുമാകാം;
കണ്ണൂകള്‍ പൂട്ടി,വാതിലുകള്‍
കൊട്ടിയടച്ച്, അനുമതിയില്ലാത്തതൊന്നും
കടന്നുവരില്ലെന്നുറപ്പാക്കാം,ഒപ്പം
സ്വീകരണമുറിയിലെ ജാലകത്തിലൂടെ
അനുവാദംകൂടാതെ കടന്നുവരുന്നവ
നിസ്സഹായതയോടെ കണ്ടില്ലെന്നുനടിക്കാം.

ഓടാമ്പലിട്ടുറപ്പിച്ച വാതിലിനുപിന്നില്‍

നെടുവീര്‍പ്പുകളോടെ,ഹൃദയമൊളിപ്പിച്ച്
തീപിടിച്ച വാതായനശീലകള്‍കൊണ്ട്
സൂര്യനോടുയുദ്ധംചെയ്യാം,
പായല്‍പ്പാളികള്‍ക്കിടയിലൂടെ
നിലവിളിയൊച്ചപോലുമില്ലാതെ
കുഞ്ഞുങ്ങള്‍ മുങ്ങിത്താഴുന്നത്
മൂകം കണ്ടു രസിക്കാം‌,
പായല്‍മേലാപ്പിനു കീഴെ
കിടപ്പാടമുള്ളവനെന്നഭിമാനിക്കാം.

ഒറ്റപ്പെടുന്നവന്‍
സ്വന്തമായി മേല്‍ക്കൂരയില്ലാത്തവന്‍,

ഉടലിനുമീതെ-
സ്വന്തം തലപോലുമില്ലാത്തവന്‍,
അഭിരമിക്കുന്ന കിടക്കയില്‍
സ്വന്തം ഉടലുകൊണ്ടുമാത്രം
യുദ്ധം ചെയ്യുന്നവന്‍,
അരമില്ലാത്ത നാവുകൊണ്ട്
വാക്കുകള്‍ക്കു വഴങ്ങുന്നവന്‍,
വാക്കിന്റെ ഭൂപടങ്ങള്‍ക്ക്
ചൂണ്ടുവിരലുകളാല്‍ വശംകെട്ടവന്‍.

എന്റെയും നിങ്ങളുടേയും കുഞ്ഞുങ്ങള്‍

ചതുരംഗക്കളത്തിനപ്പുറവും,
ഇപ്പുറവും വെട്ടിയും, വീഴ്ത്തിയും
ആനമയിലൊട്ടകം കളിക്കുമ്പോള്‍,
കളത്തിനുപുറത്ത് വിയര്‍പ്പാറ്റാനൊരു
നിലപാടുതറ തിരഞ്ഞു,തിരഞ്ഞ്,
ഉത്തരം കിട്ടാതെ വലഞ്ഞ്,
നിലക്കണ്ണാടിക്കുമുന്നില്‍ തൂവലുകള്‍
കൊഴിച്ച് നിശബ്ദനായവന്‍.


തൂവലുകളില്ലാതെ കിട്ടിയതല്ലേ,
എരിവും,പുളിയും നന്നായിച്ചേര്‍ത്ത്
വറചട്ടിയില്‍ മൊരിച്ചെടുത്താലെന്തു
മൃഷ്ടാന്നമീ മദ്ധ്യാഹ്നഭോജനം‌.

Wednesday 9 December 2009

ഒരുമുഴം കയര്‍ അഥവാ ശീലങ്ങളുടെ തത്വശാസ്ത്രംനീളത്തില്‍ കെട്ടിയിട്ട
പ്ലാസ്റ്റിക്ക് കയറില്‍
നീ ധരിച്ചഴിച്ചെറിഞ്ഞ
ഉടുവസ്ത്രങ്ങള്‍
ചുമന്നു,മടുത്തു-
പോയെന്നേ ഞാന്‍.

നിന്റെ നവചിന്തകളിലൊന്നിലു-
മെന്റെയീ സഹനത-
യോര്‍ക്കാറുപോലുമില്ല നീ,
സാമ്രാജ്യത്വവിരുദ്ധ വാദത്തി-
നിടയിലൊന്നും നിന്റെയീ
വലിച്ചെറിയലൊട്ടലട്ടാറുമില്ല.
നിനക്കു മുഷിഞ്ഞെന്നു-
തോന്നുമ്പോള്‍

വലിച്ചെറിഞ്ഞതെല്ലാം
ഇന്നെന്റെ ബാധ്യത മാത്രമായി.
പൂത്തും,കനച്ചും,നാറിയും
നിന്റെ പുറമേയ്ക്ക് അപ്രാപ്യമായ
അഴുക്കുകളൊക്കെയും
ഇങ്ങനെ താങ്ങിത്തളര്‍ന്നു-
മടുത്തുപോയ് ഞാന്‍.

അപ്പുറത്തരികില്‍
ഇസ്ത്തിരിവടിവില്‍,ഹാംഗറില്‍,
ഹുങ്കോടെ തൂങ്ങിക്കിടക്കുന്നവനുണ്ടോ-
അറിയുന്നിപ്പുറമുള്ളവനും
കിടന്നിട്ടുണ്ടെത്രനാളിങ്ങനെ-
യിപ്പോളീവിധമെങ്കിലും...ഈ ജനാലക്കപ്പുറത്തേക്ക്
നീ എന്നേയൊന്നുമാറ്റി
കെട്ടിയിരുന്നെങ്കിലീ-
വീശുന്ന കാറ്റിലുലച്ചു-
വീഴ്ത്തിയേനേം,നിന്റെയീ
വിഴുപ്പുകള്‍.

എന്തോ-
ഇങ്ങനെ താങ്ങിയൊരു
ശീലമായതുകൊണ്ടാകാം
പുഴുകിയ ഈ മണമില്ലാതൊരു
സുഖവുമില്ലിപ്പോള്‍. 

  

Wednesday 25 November 2009

മുറിവുകള്‍ക്കിടം തിരയുന്നവര്‍....മൊഴിയിലൂടറിഞ്ഞിട്ടും 
മനം തൊട്ടുഴിഞ്ഞിട്ടും
അരം വച്ച വാക്കാല്‍ ,
മുനയിട്ട നോക്കാല്‍,
അളന്നുതറച്ചിതെന്‍
നോവുന്ന നെഞ്ചില്‍ -
നീ എയ്ത വാക്ശരം .


ഇത്തിരി നോവുണ്ടു നെഞ്ചില്‍
ഒത്തിരിക്കനവുണ്ടീ കൂടിനുള്ളില്‍;
ഒന്നിച്ചു നീന്തിത്തുടിക്കവേ,
വിരലിലൂടൂര്‍ന്നൂളിയിട്ടെങ്ങോ
ഒളിച്ച നേര്‍പെങ്ങളേ,


ഒരു കര്‍ക്കിടകക്കൂറു -
താണ്ടുവാനാകാതെ
അമ്മയുടെ ഒസ്യത്തില്‍
രണ്ടു പെണ്‍മക്കളുടെ
പേരെഴുതിവച്ചീ -
മണ്ണീലുറങ്ങാന്‍ പോയി
മുളച്ചു വരാത്തൊരച്ഛനെ,

പൊട്ടിത്തകര്‍ന്ന ചിരികൊണ്ട്
ജീവിതമൊരു ചെറുപിത്തള-
പ്പൂട്ടിലൊതുക്കിയോരമ്മയെ,


ഒരു ലോഹത്തുണ്ടുകൊണ്ടുപെണ്‍മനം
വര്‍ണത്തിരശ്ശീലയ്ക്കു മുന്നില്‍
ദുരന്തപര്യവസായിയാക്കി
കടന്നകണവനെ,


ചില്ലിട്ടു സൂക്ഷിച്ചുവച്ചിട്ടു
പിന്നെയും നീക്കിവച്ചിട്ടുണ്ട്
നീകാണുമീയിടം;
അളന്നുമുറിച്ച വാക്കുകള്‍
കൊണ്ടെന്നെ കുത്തിനോവിക്കുവാന്‍
തികയാതെ പോകുമോ?

Monday 16 November 2009

അസാധുവാതില്‍പ്പാളിക്കു പിന്നില്‍

വേര്‍പാടിന്റെ വിഹ്വലത-
യടരാതെ,ഒഴുകി മറയാതെ,
പ്രതീക്ഷയുടെ മിഴിവെട്ടത്തില്‍
പത്തുമിന്നാമിനുങ്ങുകള്‍
പുരനിറഞ്ഞു കവിഞ്ഞ്..

പുകയിലത്തുണ്ടില്‍,സ്വന്തം
ജീവിതം കൂട്ടിത്തിറുത്ത്,
പുകച്ച്, ചുമച്ചു തീര്‍ത്തു കൊണ്ടച്ഛന്‍.
ബീഡിയിലപോലെ
സിരാപടലങ്ങളില്‍
പിടഞ്ഞുകിടന്ന വിരലുകളാല്‍
കൈമാറിത്തന്ന കണക്കുപുസ്തക-
ത്താളില്‍ക്കുടുങ്ങിക്കടലുകടന്നവന്‍.


കാത്തിരുന്നവള്‍ക്ക് വാക്കും,
വട്ടിപ്പലിശക്കാരനു വളപ്പും,
വഴിച്ചെലവിന് അമ്മയുടെ
കണ്ണീര്‍പ്പാടവും പണയമായ്‌ വച്ച്
കടലുകടന്നവന്‍.

മനക്കോട്ടകള്‍ക്കപ്പുറം
വളര്‍ന്ന് പറന്നിറങ്ങുമ്പോഴേ
പൊള്ളിത്തുടങ്ങിയ പാദങ്ങള്‍;
ഒട്ടകക്കൂട്ടത്തിനൊപ്പം
ഗര്‍വ്വുതാണ്ടി നടന്ന്,
ചെമ്മരിയാടിന്‍പറ്റത്തോടൊപ്പം
ഭൂമിശാസ്ത്രം പഠിച്ച്,
മണല്‍ച്ചൂളയില്‍ സ്വയം
വെന്തുമടുത്തു:
വെയിലോലകള്‍ ലോഭമില്ലാതെ,
മൂര്‍ദ്ധാവില്‍ മുത്തമിട്ടു വിയര്‍ത്തു.

അതിരുകളില്ലാത്ത ലോകത്ത്
അവനും, ആട്ടിന്‍പറ്റത്തിനൊപ്പം
വേര്‍തിരിവിന്റെ അടയാളമില്ലാതെ
ഇഴഞ്ഞുനടന്നു.
വിയര്‍ത്തു നനഞ്ഞ ചാക്കിനുള്ളിലെ
വരണ്ട ഖുബ്ബൂസു* പോലെ ശുഷ്കമായ്‌,
മിഴിയിലെ മിന്നലാട്ടം വരെ.


വഴിപിഴച്ച, പടികടന്ന,
ആടുകളുടെ കണക്കെടുപ്പുദിനം,
കഫീലിന്റെ** ചാട്ടവാറാല്‍
ശരീരമാകെ മുറുക്കികെട്ടിയ
വീണക്കമ്പികളില്‍
വിരലോടിക്കുമ്പോള്‍
അവന്‍ സ്വാതന്ത്ര്യത്തിന്റെ
ആര്‍ദ്രസംഗീതം കേട്ടു.


നീട്ടിവരച്ച നേര്‍രേഖയുടെ
ഒരു ബിന്ദുവില്‍ നിന്നും വരി-
തെറ്റാതെ അടുക്കിവച്ച ഫില്‍സു***കള്‍
മറ്റേതോ അഗ്രബിന്ദുവില്‍ തൊടുംവരെ
താന്‍ അസാധുവാണെന്ന തിരിച്ചറിവില്‍
അവന്‍ മണല്‍മിനാരങ്ങളില്‍ മുഖംപൂഴ്ത്തി.

ഓരോ തവണയും തിളച്ചു -
മറിഞ്ഞ ചാട്ടവാറടിയൊച്ച -
ഒടിയാതിരിക്കാന്‍ വളഞ്ഞുതീര്‍ന്ന
അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
"ഇങ്ക്വിലാബ് സിന്ദാബാദ്‌."     


* - അറബിനാടുകളിലെ ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന സാധാരണക്കാരന്റെ ഭക്ഷണം.ഇതു സബ്സിഡി നിരക്കില്‍ ഭരണകൂടം വിതരണം ചെയ്യുന്നു.
** - പ്രായോജകന്‍.
*** - കുവൈറ്റിലെ ഒരു നാണയം.

Sunday 25 October 2009

വന്ധ്യംകരണംകാതുകളിലൊക്കെ
നുണയുരുക്കിയൊഴിച്ചിട്ടും
പാഴ്മുളന്തണ്ടിലെ
പഴുതുകളിലൂടെ നീ
അലക് ഷ്യമായി ഊതിനിറച്ച
ഈണങ്ങള്‍ പഠിച്ചത്‌
എവിടെ നിന്നാണ് ?

കണ്ണുകളിലെ
വെളിച്ചവഴികളൊക്കെ
കറുത്തവാവുകൊണ്ട്
കൊട്ടിയടച്ചിട്ടും
സമവാക്യങ്ങള്‍ പിഴക്കാതെ,
അംഗുലവടിവുകളിലിളകാതെ,
കരിങ്കല്‍പാളിയടര്‍ത്തി മാറ്റി
നീ മുളച്ചു പൊന്തിയത്‌
എങ്ങിനെയാണ്?

കാറ്റുറക്കംപിടിച്ച
കോട്ടകൊത്തളങ്ങളില്‍
അട്ടഹാസങ്ങളും,
ആക്രോശങ്ങളും,
പ്രതിരോധകുത്തിവയ്പ്പെടുത്ത
നാഡീഞരമ്പുകളില്‍
സിംഫണിയുടെ കോറസ്ബാധ
കടന്നതെങ്ങിനെയാണ് ?

എല്ലിന്‍ മേദസ്സില്‍
പട്ടിണികൊണ്ട് മൂന്നുനേരം
മൃഷ്ടാന്നമൂട്ടിയിട്ടും
മനസ്സിന്റെ പട്ടിണി
മാറ്റാന്‍ ചുട്ടെടുത്ത
തീക്കനല്‍ കൊണ്ട്
ഭരണകൂടചങ്ങലകളെ
ഉരുക്കുന്നതെങ്ങിനെയാണ് ?

ഇനി-
വേരുപിടിച്ചു പടര്‍ന്നുപോയ നിന്നേ
മുറിച്ചുമാറ്റാതെ വയ്യ,
പാഴ്ശീലപുതപ്പിനുള്ളില്‍ നിന്ന്
ജനിതകമാറ്റം വരുത്തിയെടുത്ത
പുതിയ വിത്തുണ്ട്,
നല്ല വിളവുകിട്ടുന്ന
നട്ടാല്‍ കുരുക്കാത്ത വിത്ത്.

Monday 12 October 2009

കണ്ണാടിയില്‍ കാണാതിരുന്നത്...


ഉടഞ്ഞശംഖിലേക്കുരുക്കി ഞാന്‍ വീഴ്ത്തും
തെളിഞ്ഞ കണ്ണീരാല്‍ കുരുതിനേരുന്നു.
ഇരുണ്ട വാനിലങ്ങടിമയായ് ചുറ്റും-
തെളിഞ്ഞ താരമേ മിഴിതുറക്കുക.

നിറഞ്ഞ കണ്ണുകള്‍ക്കുറവതേടി ഞാന്‍
നിലച്ച ക്ലോക്കിന്‍മേലിടിച്ചു വീഴുന്നു.
ചിതറിവീണൊരീ നിണമണിഞ്ഞതില്‍
തെളിഞ്ഞ മഞ്ചാടി പകുത്തു മാറ്റുന്നു.


നിറഞ്ഞ മാറിലേക്കമര്‍ത്തി ഞാന്‍ വച്ച-
'വിശുദ്ധമാല' യെന്‍ കരളുതിന്നുന്നു.
നിരത്തു വക്കിലങ്ങലയും പെണ്ണിന്റെയു -
യുടുപ്പുചുട്ടുഞാന്‍ വിശപ്പടക്കുന്നു

വിരിഞ്ഞ കാട്ടുപൂവിറുത്തു ഞാനിന്നെന്‍
കൊഴിഞ്ഞ ബാല്യത്തിന്‍ ശവപ്പെട്ടിയില്‍വച്ചു.
തിരിച്ചുപോരുമ്പോളിരുട്ടിലെന്‍ മിഴി-
ക്കോണുതട്ടിയാക്കുരിശുടഞ്ഞുപോയ്‌.

കഴിഞ്ഞ സന്ധ്യതന്‍ ശവക്കുഴിക്കുമേല്‍
പറന്നുവീണോരരിപ്പിരാവേ നിന്റെ-
ശവമടക്കിന്റെ മണിമുഴക്കത്തിലലിഞ്ഞു -
ചേര്‍ന്ന് ഞാന്‍ പുതിയതാളമായ്‌.

കറുത്തവാവിലെ ആയില്യമായി-
ട്ടെഴുതിജാതകം, പിഴച്ച ജീവിതം.
കടന്ന ജീവിതവഴികളില്‍ വേനല്‍
ശിരസ്സിലേറ്റിയേന്‍ കുളിരുമേറുന്നു.

ചിരിയില്‍ പൂത്തൊരീ ചുവന്നലില്ലിയില്‍
പുഴുവിരുന്നെന്റെ ചിറി കരളുന്നു.
ചുമലിലേറ്റിയ കുശുമ്പു,കുന്നായ്മ-
യൊന്നടയിരുന്നു പെറ്ററുപതെണ്ണത്തെ.


കിഴക്കേമൂലയില്‍ പാഴ്മുളക്കൂട്ടം
പെരുമഴയിലും കത്തിയാളുന്നു.
പനിവിറയലില്‍ പുതച്ചു കൊണ്ടു-
ഞാനാമുളഞ്ചോട്ടില്‍ ചൂടുകായുന്നു.

ഇവിടെ ഞാനൊറ്റയ്ക്കരമെടുതെന്റെ
ചിരിച്ച പല്ലിനു മൂര്‍ച്ച കൂട്ടുന്നു.
ഇന്നലെപ്പെറ്റ മയില്‍പ്പീലിക്കുഞ്ഞി-
നിരട്ടയാണഛന്‍ അറിഞ്ഞുവയ്ക്കണം.


ഓര്‍മ്മപ്പുസ്തകം അഴിച്ചുവച്ചതില്‍
കണക്കുകൂട്ടണോ,കിഴിക്കണോ, വയ്യ
ഇടത്തുപാദത്തിലമര്‍ന്ന വേദന
വലത്തുമാറ്റുവാനടവു വേണമോ ?


കടുത്തജിജ്ഞാസ മടുത്തു, ഞാനിനി-
പൊതിയഴിക്കട്ടെ,അഴിച്ചുനോക്കുമ്പോ-
ളഴിഞ്ഞു വീണതെന്‍ മുഖംമൂടി താഴെ,
മിഴിയടച്ചു ഞാനുറങ്ങുവാനിനി-
നേരമായേറെ,മിഴികള്‍ പൂട്ടുക.

Monday 5 October 2009

ജ്യോനവന്...

ഉടഞ്ഞ 'പൊട്ടക്കലം'.....

മണല്‍ക്കാട്ടില്‍
ഒരു ബിന്ദുവില്‍ത്തുടങ്ങി
നീ വരച്ചുതീര്‍ത്ത
ആകാശക്കൊട്ടാരങ്ങള്‍.
സ്വന്തം സ്വപ്നസൌധത്തിന്റെ
കൂരാപ്പിനു താഴെ
രമിക്കില്ലെന്നുറപ്പിച്ച നീ,
മരിക്കുമെന്നുറപ്പിച്ച്
വാക്കുകള്‍ കൊണ്ടു
സ്വയം തുളച്ചു.


തുളഞ്ഞത്
ഞങ്ങളുടെ നെഞ്ചുകള്‍ ;
അതിരുകളില്ലാത്തിടത്ത്
നീ മരണം കൊണ്ടു
കൊരുത്തെടുക്കുന്നു ഞങ്ങളെ.
ഞങ്ങളുടെ പുലയാട്ടും,പുലഭ്യവും
നിന്റെ സമര്‍പ്പണത്തില്‍
നിഷ്ഫലമാകുന്നു.
പഠിക്കാത്താവനു പഠിക്കാനും
പഠിച്ചവന് പകര്‍ത്താനും
നീ ജീവിതം തന്നെയാണല്ലോ
'പൊട്ടക്കല'ത്തില്‍ നിറച്ചു കാണിച്ചത്‌.   


ഒരു സ്വപ്നം ബാക്കിയാവുന്നത്...

Thursday 1 October 2009

പൌരബോധം


സ്കൂളിലവസാന പിരീഡില്‍
പൌരബോധം പഠിപ്പിച്ച മാഷ്‌
പാതയോരത്തൊരു-
ടിപ്പര്‍ലോറിക്കടിപ്പെട്ടുപോയി;
പതിവു പ്രഭാതസഞ്ചാര-
വേളയില്‍ റോഡിന്നോരം പറ്റി-
നീങ്ങുന്ന സാധുവിന്‍ പിന്നിലൂ-
ടെത്തി മരണം, ഞൊടിയിടെ.


ഇന്നലെ സന്ധ്യയ്ക്കു ജംഗ്ഷനില്‍
പരിസ്ഥിതി മീറ്റിംഗില്‍
പൊലിയുന്ന ഭൂമിതന്‍ സങ്കടം
ചൊല്ലിത്തിളച്ചത്രേ മാഷീവയസ്സിലും.
"മണ്ണിനും പെണ്ണിന്‍ ഗതി
നിര്‍ദ്ദയ മുരിയുമുടയാടകള്‍,
ചിരിച്ചു ദുശ്ശാസ്സനര്‍,
പൊരുതാനറയ്ക്കുന്നതെന്തുനാം ?
കൂട്ടിക്കൊടുപ്പുകാര്‍-
വിലപേശി വില്‍ക്കുമ്പോള്‍
കുന്നിറങ്ങുന്നുണ്ടു ലോറിയില്‍,
പുഴകളൊഴുകി നിറയുന്നു ടാങ്കറില്‍,
മണലുതിന്നുന്നു ഫ്ലാറ്റുകള്‍ ,
ഗന്ധകം മണത്തുചിതറുന്നു
കരിമ്പാറക്കോട്ടകള്‍."

പരാതിക്കുടുക്കില്‍ മടുത്ത ശകുനിമാര്‍
കരുതിവച്ചോരടിവില്ലിതൊന്നതില്‍
ഈച്ചയാര്‍ത്തു കിടപ്പുണ്ടിതിന്നൊരാള്‍
തെരുവോരത്തു ചതഞ്ഞതെച്ചിപ്പൂക്കള്‍.


മിഴിയുയര്‍ത്തേണ്ട...കണ്ടുപോം
തെരുവോരത്തീയിടെ-
വിരിയുന്നുണ്ടേറെപ്പൂക്കള്‍
ചെഞ്ചോര ചുവപ്പുമായ്‌ ;
പറയുന്നുണ്ടതിമൂകം
പൌരബോധപ്പെരുമകള്‍.  

Thursday 24 September 2009

അളവുകോല്‍


നമുക്കിടയിലില്ലാതിരുന്നത്
അതിരുകള്‍ വേര്‍തിരിച്ച സൌഹൃദം.
തോളത്തു വച്ച കൈകള്‍
താങ്ങാവുമെന്നും ,
ഊഷ്മളാശ്ലേഷത്തില്‍
പ്രപഞ്ചം കീഴടക്കാമെന്നും,
സ്വപ്നശൈലങ്ങളില്‍ നിന്നും
നീലമേഘഞോരികളിലൂടെ
പറക്കാമെന്നും,
കൊതിച്ചിട്ടുണ്ടു ഞാന്‍ .
സിഗരറ്റിന്റെ അവസാനത്തെ പുകയും,
അവസാന മദ്യതുള്ളിയും,
പങ്കുവെച്ച്-
യാഥാര്‍ത്ഥ്യങ്ങളെ നേര്‍ത്ത
തിരശീല കൊണ്ടുമറച്ച്
ഒന്നായിരുന്നു നാം.

തികഞ്ഞ സൌഹൃദ -
മെയ്‌വഴക്ക വൈഭവത്തിലാണ്
എന്റെ സ്നേഹദൌര്‍ബല്യങ്ങളെ
നിനക്കളക്കാനായത്‌;
ചുടലി മുള്‍ക്കാട്ടിലേക്കെന്നെ
വലിച്ചെറിയാനായത്‌.
ഹൃദയഭിത്തിയില്‍ പതിപ്പിച്ചു നിന്നേ
അളവെടുപ്പില്‍ പിഴക്കാതിരിക്കുവാന്‍.
ചിത്രം-രൂപകല്‍പ്പന സജിവ്പുനലൂര്‍

Thursday 17 September 2009

അര്‍ബുദംജലജാലകങ്ങള്‍ മെല്ലെ തുറന്ന്
മഷിത്തുള്ളി പടരുന്നതുപോലെ
അര്‍ബുദം പടര്‍ന്നുകയറിയത്,
ശിശിരത്തിലെന്നപോലെ ഇലകൊഴിച്ചത്.
കൊതിച്ചത് കുറച്ചുകൂടി സമയം;
സ്നേഹിച്ചുതീര്‍ക്കാന്‍,
മഴത്തൂവല്‍ കൊണ്ട് കൊട്ടാരം പണിയാന്‍,
വരിതെറ്റാതെ തീരംതേടുന്ന-
തിരകളിമപൂട്ടാതെ കണ്ടിരിക്കാന്‍...
ഒടുവിലൊരു വലിയതിരവന്നു
പുഴക്കിയെറിഞ്ഞുപോയത്‌,
ആറരസെന്റു മണ്ണും
സ്വപ്നം വേവിച്ചു കൊതിതീരാത്ത
ആറുമണ്‍പാത്രങ്ങളും.

Saturday 12 September 2009

ഗുണ്ടകള്‍ശാന്തന്‍,ലജ്ജാലു,
അടക്കിപ്പിടിച്ച സംസാരം,
തലകുമ്പിട്ടുള്ള നടത്തം,
അച്ഛന്റെ ചൂരല്‍പ്പിഴകള്‍ക്കുമുന്നില്‍
സുശീലന്‍ എന്നും
നല്ല കുട്ടിയായിരുന്നു.

ചൂരലിന്റെ മറവില്‍നിന്നാണ്
അച്ഛന്‍ വലിച്ചുവലിച്ചെറിഞ്ഞ
ബീഡിക്കുറ്റി വലിച്ചുതുടങ്ങിയത്‌,
മേശവലിപ്പില്‍ നിന്ന്
നാണയത്തുട്ടുകള്‍ മോഷ്ടിച്ചത്‌.
സ്കൂളില്‍-
കണക്കുസാറിന്റെ
കാര്‍ക്കശ്യത്തിന്റെ മറവില്‍നിന്നാണ്
ഒന്നാമത്തെ ബഞ്ചില്‍ നിന്ന്
കാലുകളിളകുന്ന
അവസാനത്തെ ബഞ്ചിലേക്കവന്‍
നുഴ്ന്നിറങ്ങിയത്.

കുമ്പസാരകൂടിന്റെ മറവില്‍നിന്നാണ്
അയല്‍ക്കാരന്റെ ആഞ്ഞിലിമരം

രസം വച്ചുണക്കിയത്,
പൊള്ളുന്ന പനിച്ചൂടില്‍
പാപത്തിന്റെ കനിതിന്നത്.

വീര്‍ത്തു വശംകെട്ട പോക്കറ്റുകളുടെ
മറവില്‍നിന്നാണ്, അത്താഴക്കലവും,
തുളസിക്കതിരിന്റെ മാലയിട്ട
കൃഷ്ണ വിഗ്രഹവും എറിഞ്ഞുടച്ചത്.

പറന്നുനരച്ച കൊടിക്കൂറകളുടെ മറവില്‍നിന്നാണ്
ക്യാന്‍വാസില്‍ ജീവന്റെ
ചിത്രം കോറിയിട്ടത്‌;
ഓണമുണ്ടിരുന്ന ഒറ്റപ്പുത്രന്റെ തലയറുത്ത്‌
അമ്മയുടെ മുന്നിലര്‍പ്പിച്ച്,
ഗുരുവിന്റെ കുടല്‍മാലയാല്‍ കുരുന്നുകള്‍‍ക്കു
ഡി പി ഇ പി ക്ലാസെടുത്ത്‌,
ഈറ്റുനോവില്‍ പിടയുന്ന പെണ്ണിനെ
വൈധവ്യത്തിന്റെ തറ്റുടുപ്പിച്ച്...

അംഗീകാരത്തിന്റെ അലങ്കാരമുദ്രകള്‍
മറവിലിരുന്ന് ചാര്‍ത്തിക്കൊടുത്തവര്‍
വിരല്‍തുമ്പിനാല്‍-
വിലക്കുന്നുണ്ട്, നാവില്‍നിന്നും
പേരെടുത്തു മാറ്റുന്നുണ്ട് ,
ഊരാക്കുടുക്കിനാല്‍ മുറുക്കുന്നുണ്ട-
ഴിഞ്ഞു പോകാതിരിക്കുവാന്‍.

ഇരുമ്പഴിക്കുള്ളിലെ നിശബ്ദദയുടെ മറവിലും
സുശീലന്‍ സൌമ്യനാണ്;
അവനു ചൂണ്ടുവാന്‍ വിരലുകള്‍
മതിയാകുമായിരുന്നില്ല,
അട്ടഹാസങ്ങളേ മറികടക്കാന്‍
അവന്റെ ശബ്ദം തികയുമായിരുന്നില്ല.

ആനകാട്ടില്‍-
പൂക്കളോടു കിന്നാരം ചൊല്ലി,
മുളങ്കാടിനോട് കുറുമ്പുകാട്ടി,
അഹങ്കാരത്തിന്റെ ചിന്നം വിളിച്ച്,
വഴിത്താരത്തിരിവൊന്നില്‍
കൊതിയൂറും ശര്‍ക്കരമധുരത്തില്‍
ചതിയുടെ വെടിമരുന്നിലുടഞ്ഞ്-
പൂവാകപ്പുഷ്പ്പങ്ങളായ്
വിടര്‍ന്നുചിതറുമ്പോള്‍
'മണി' കിലുക്കമുണ്ട്,
നാട്ടിലെ കീശയില്‍.

നാട്ടില്‍-
മുത്തുക്കുട, ആലവട്ടം,വെഞ്ചാമരം,
സ്വര്‍ണഗോളകകളുടെ നെറ്റിപ്പട്ടം,
സ്നേഹാധിക്യത്താല്‍
വേദനിച്ചുണര്‍ന്നാല്‍
മയക്കുവെടി,കല്ലേറ്,
ഒടുവില്‍ ജലസമാധി,
പുഷ്പ്പവൃഷ്ടിയാല്‍ വിട.

വാണിഭത്തട്ടില്‍
കാടെന്ത്, വീടെന്ത്,
മാപനിക്കുഴലില്‍
ക്കയറുന്നമൂല്യം.
വരിയുടച്ചെത്തും,
നുകം വലിച്ചൂര്‍ദ്ധന്‍ വലിക്കും,
പൂട്ടുകാളകള്‍ക്കെന്നും
പുളയുന്ന ചാട്ടവാര്‍.
മുന്‍കാലിലാരോ ചാരുന്ന തോട്ടി-
മറിയാതിരിക്കുവാന്‍
നിച്ഛലം നില്‍പ്പു ഞാന്‍.

Tuesday 8 September 2009

തിരിച്ചറിവ്
രണ്ടാം വാര്‍ഡില്‍
അഞ്ചാമത്തെ കട്ടിലില്‍
അവനുണ്ട്
ഫിനൈലും,നെടുവീര്‍പ്പുകളും ചേര്‍ന്ന്
മനംമടുപ്പിക്കുന്ന ഗന്ധം,
മരണം മണക്കുന്ന കിടക്കകള്‍,
സ്വജീവിതം പോലെ-
ശൂന്യമായി,അലക്ഷ്യമായി,
വലിച്ചെറിഞ്ഞ മരുന്നുകുപ്പികള്‍,
ഒരിറ്റു ശ്വാസത്തിന്
പണിപ്പെട്ടു കറങ്ങുന്ന പങ്കകള്‍.
അവന്റെയുള്ളില്‍ ഒരു
കൊടുങ്കാറ്റിരമ്പുന്നുണ്ട്;
കാറ്റിലിളകുന്ന
അഴുക്കും,മെഴുക്കും കൊണ്ട്
കറുത്ത് ഇരുണ്ടുപോയ
വാതായനശീലകള്‍;
ജനാലക്കപ്പുറം-
നിശ്ചലം നില്‍പ്പുണ്ടിരുള്‍ രൂപങ്ങള്‍,
വരാന്തയില്‍
പുതച്ചുറങ്ങുന്നുണ്ടു ശവങ്ങള്‍.

അവന്റെ ഞരമ്പുകളിലേക്കിറ്റുന്ന-
ചുവന്ന തുള്ളികളില്‍
ചോരവിറ്റന്നം തേടുന്നവന്റെ അതേമുഖം.
അവന്റെ-
ഓരോ ചെറുചലനത്തിലും
വേദനിച്ചു കരയുന്നുണ്ടു കട്ടില്‍
ഓരോ കരച്ചിലും ഞെട്ടലോടെ
അറിയുന്നുണ്ട്;
സ്വന്തം ജീവിതമൂറ്റി നല്‍കി
വിളറിയ മുഖവുമായി
കാല്‍ക്കലൊരു വിഴുപ്പു ഭാണ്ടമായി
അവന്റെ ഭാര്യ.

വേട്ടമൃഗത്തിന്റെ മുഖമുള്ള
വെള്ളരിപ്രാവുകള്‍ പറന്നുപോയി,
എല്ലാ പൊട്ടിച്ചിതറലിനുശേഷവും
ഇങ്ങനെ പറന്നുപോകാറുണ്ടല്ലോ,
വെളുത്ത പറവകള്‍;
കൂടിലടക്കപ്പെടാറുണ്ട്-
വീണ്ടും ഊഴമെത്തുംവരെ.

രണ്ടാമത്തെ വാര്‍ഡില്‍
അഞ്ചാമത്തെ കട്ടിലില്‍
ഹൃദയത്തിന്റെ നിലച്ചസൂചിയുടെ,
ചലനം വീണ്ടെടുത്ത്‌ അവനുണ്ട് .
ഒരു കൂരയ്ക്ക് കീഴെ
ഉണ്ണാതെ, ഉറങ്ങാതെ
കലഹിച്ചു തീര്‍ത്തിട്ടും
അവന്‌-
ഹൃദയമുണ്ടായിരുന്നെന്ന്
തിരിച്ചറിയാത്തതിന്റെ
അതിശയത്തിലാണവളിന്ന്.

Tuesday 1 September 2009

ഇര


അവള്‍-
ഒഴുക്കില്‍പ്പെട്ട ഒരില
ചതിയുടെ നീര്‍ക്കയങ്ങളില്‍,
ശിഖരങ്ങളില്‍ നിന്നടടര്‍ന്ന്,
ചില്ലുജലജാലകങ്ങള്‍ തുറന്ന്,
കുളിരിന്റെ സൂചിമുനകളേറ്റുമുറിഞ്ഞ്‌,
നീര്‍ക്കുമിളകളേപ്പോലെ തകര്‍ന്ന്‌,
നീന്താനാകാതെ തളര്‍ന്ന്,
പിന്നിലടയുന്ന വാതിലുകളെ ഭയന്ന് ,
നോട്ടക്കാരുടെ കൈപ്പഴുതിലൂടെ
കൈവിട്ടുപോയ ഒരില.

അവള്‍-
ചിലന്തിവലയില്‍ കുടുങ്ങിയ ഒരിര
കണിശതയുടെ കണ്ണികളുമായി
കണ്ണിമതെറ്റാതെ വേട്ടക്കാരുടെ നിര.
"നോക്കൂ മകളെ,ഓരോ തവണയും
വലനെയ്യുന്നു,കാത്തിരിക്കുന്നു.
ചരിത്രത്തിലെ രാജാവ് ക്ഷമയോടെ,
തോറ്റു,തോറ്റു വിജയത്തിലേക്ക്‌ .." *
വലയിലകപ്പെട്ട്,
കൈകാലിട്ടടിച്ചു തളര്‍ന്ന്,
വേട്ടക്കാരന്റെ കൈകളിലമര്‍ന്നു-
കീഴ്പ്പെട്ടുപോയ ഒരിര
കുത്തൊഴുക്കില്‍പ്പെട്ട്
ഒന്നുകൂടി കീഴ്മേല്‍മറിഞ്ഞു;
ഒരു കുളിര്‍ കാറ്റില്‍ കുറുകി
കുത്തിയൊലിക്കുന്ന പുഴയിലേക്കു-
വീഴാന്‍ കാത്തുനില്‍ക്കുന്നുണ്ടിലകള്‍.
ഓരോ വലയിലും ഇന്‍കുബേറ്റര്‍ കുഞ്ഞുങ്ങള്‍
‍പൊട്ടിക്കരയുന്നു.


*റോബര്‍ട്ട് ബ്രൂസിന്റെ കഥ ഓര്‍ക്കുക.

Sunday 30 August 2009

ഓര്‍മച്ചിരാതുകള്‍


ഓര്‍മയിലെ ഓണത്തിന്

കാച്ചെണ്ണമണമുള്ള

അമ്മയുടെ മുഖമാണ്,

തൂശനിലയിലെ

കുത്തരിയുടെ രുചിയാണ്,

വര്‍ഷത്തിലൊരിക്കലുള്ള

വയറിന്റെ നിറവാണ്,

പുത്തനുടുപ്പിന്റെ മണമാണ്,

പൂക്കളമിട്ട കൈയിലെ

പാരിജാതത്തിന്റെ,

കാശിത്തുംബയുടെ,

നങ്ങ്യാര്‍വട്ടത്തിന്റെ കുളിരാണ്,

തിരുവാതിരപ്പാട്ടിന്റെ ഈണമാണ്,

കാല്‍പ്പന്തിന്റെ,കിളിത്തട്ടിന്റെ-

കരുത്താണ്,

വഞ്ചിപ്പാട്ടിന്റെ ഒരുമയാണ്,

ഇന്നോണമുണ്ട്,

റെഡിമെയിഡ് ഊണുണ്ട്,

ഉത്സവമുണ്ട്,

ടിവിയില്‍ മേളമുണ്ട്,

കുഞ്ഞുമോള്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍

ഒരോണമില്ല.


Saturday 29 August 2009

അടുപ്പംആദ്യമായ്‌ കണ്ടനാള്‍
ഔപചാരികതയുടെ പേരില്‍
കൈപിടിച്ചു കുലുക്കിപ്പറഞ്ഞു
ഹായ്‌.....
വീണ്ടും കണ്ടപ്പോള്‍
പരിചയഭാവത്തില്‍
ചിരിച്ചു,
പരിചയം കൊണ്ടടുത്തപ്പോള്‍
കണ്ടുമുട്ടാനെന്തു വൈകിയെന്നായി,
വാക്കുകളില്‍ ആര്‍ദ്രത,
മിഴികളില്‍ ലാസ്യം,
ലോകത്തിന്റെ സൌന്ദര്യം-
അവളുടെ മിഴിചെപ്പിനുള്ളില്‍.

വേര്‍പിരിയാന്‍ ആകാത്ത വിധം
അടുത്തറിഞ്ഞപ്പോള്‍ ,
തീന്മേശയില്‍,കുരുങ്ങിക്കിടന്ന-
മിഴികള്‍ക്കടിയില്‍
ഉരുകിപ്പരന്ന ഐസ്ക്രീം
ദൈര്‍ഘ്യമില്ലാത്ത നിമിഷങ്ങള്‍,
ഭ്രാന്തമാകുന്ന ഒറ്റപ്പെടലുകള്‍ .

ഒടുവില്‍-
അവരിരുവരും
പുല്‍ക്കൊടിയും,മഞ്ഞു തുള്ളിയും പോലെ,
മഴവില്‍ശോഭയില്‍ ജ്വലിച്ച്..
കാര്‍മേഘമായിപ്പറന്ന്,
കൊടുങ്കാറ്റായ് അലഞ്ഞ്,
പെരുമഴയായി പെയ്തിറങ്ങി ,
നീര്‍ച്ചോലയായി ഒഴുകുമ്പോള്‍ -
മുഷിഞ്ഞ വാക്കുകള്‍,
ഇസ്ത്തിരിയിട്ടു മിനുക്കിയ ജീവിതം
"ഇണക്ക മുള്ളിടത്തെ പിണക്കമുള്ളൂ"-
യെന്നാശ്വാസവാക്കുകള്‍...
കണ്ടുമടുത്തപ്പോള്‍
അസ്വസ്ഥതയുടെ മുള്ളുകള്‍,
പകപഴുപ്പിച്ച പുണ്ണുകള്‍ .


പരിചയം കൊണ്ടുവെറുത്ത്‌,
കുടുംബക്കോടതി വരാന്തയില്‍
നിന്നിറങ്ങുമ്പോള്‍,
ലാഘവത്തോടെ പറഞ്ഞു
"ബൈ..."
ഹായ്ക്കും ..ബൈ ക്കും ഇടയിലെ
രസതന്ത്ര വ്യതിയാനങ്ങളെക്കുറിച്ച്
ഗവേഷണത്തിലാണിന്നയാള്‍.Monday 24 August 2009

പ്രകൃതിവിരുദ്ധം


കാലത്തെഴുന്നേറ്റ്
യന്ത്രചക്രങ്ങളില്‍
മേനിയഴകിനു കൂടിയാട്ടം ;
കാലില്‍ യഥാര്‍ഥ തുകലിന്റെ
ഭാരരഹിത മൃദുസ്പര്‍ശം.
ലാഭപ്പെരുക്കങ്ങളുടെ മരക്കച്ചവടം,
സില്‍ക്കുജൂബയില്‍-
ചന്ദനസുഗന്ധമുള്ള പെര്‍ഫ്യും,
ശീതീകരിച്ച സ്യുട്ടില്‍ നിന്നും
മൊബൈലില്‍ സല്ലപിച്ച് ആഡംഭരക്കാറിലേക്ക് .
പ്രകൃതിയോട് ഇണങ്ങിമാത്രം ജീവിച്ച പത്രോസ്
പവിത്രനും,പരമുവും ഇരുട്ടുമുറിയില്‍
സ്നേഹം പരസ്പരം പങ്കുവച്ചതറിഞ്ഞു
പൊട്ടിത്തെറിച്ചു "പ്രകൃതിവിരുദ്ധര്‍"മാന്യതതാക്കോല്‍പ്പഴുത്
ചുഴിഞ്ഞിറങ്ങുന്ന ഒളികണ്ണുകള്‍,
കൊതിനുണയുന്ന ചെന്നായ-
തിരയുന്നതെന്താണ് ?
നടന്നലഞ്ഞു ചെളിപുരണ്ട
നഗ്നമായ കണങ്കാല്‍,
വിശന്നൊട്ടിയവയറിലെ -
കറുത്ത മറുക്‌,
കുഞ്ഞിനു മുലകൊടുക്കുന്ന -
പൊള്ളുന്ന നെഞ്ച് ,
രാത്രിഞ്ചരന്‍മാരുടെ പീഡയില്‍-
വിളറിപ്പൊട്ടിയ ചുണ്ടുകള്‍ ,
മാന്യതയുടെ കുപ്പായക്കൂട്ടിനുള്ളില്‍ നിന്ന്
പുതിയ തലമുറയ്ക്ക്
സദാചാരത്തെപ്പറ്റി
ക്ലാസെടുത്തതിയാളാണ്.

Sunday 23 August 2009

മഴ

ചാറ്റല്‍ മഴ എനിക്കിഷ്ടമാണ്
എന്റെ ഓരോ രോമ കൂപങ്ങളോടും

നിന്റെ സ്നേഹം ഇണചേരുന്നത്

അപ്പോഴാണ്‌.


പുതുമഴ എനിക്കിഷ്ടമാണ്,
നിന്റെ വിയര്‍പ്പുഗന്ധം ഞാനറിയുന്നത്
മണ്ണിനെ മഴ പുണരുംബോഴാണ്

അണമുറിയാത്ത പെരുമഴ നനയുന്നത്
എനിക്കിഷ്ടമാണ്,
മനസ്സിലെ കാര്‍മേഘക്കൂട്ടം
പെയ്തിറങ്ങുന്നത്,
വരണ്ടുണങ്ങിയ എന്റെജീവിത ത്തിലേക്കാണ്

മിന്നല്‍ ഒളിപ്പിച്ച വേനല്‍മഴ
എനിക്കിഷ്ടമാണ്,
എരിഞ്ഞടങ്ങാത്ത എന്റെ കാമനകളെ,
ചിരിയിലോളിപ്പിച്ച വക്രതയെ,
ഹൃദയജാലകമറവിലെ കാപട്യത്തെ,
ഭസ്മീകരിക്കുന്നതന്നാണ് .

ഇഷ്ടമില്ലാതിരുന്നിട്ടും
നിന്റെ സാമീപ്യംവിട്ട്
മഴതുള്ളികള്‍ക്കൊപ്പം അലിഞ്ഞു -
മണ്ണോടുചേരുന്നതന്നാണ് .


Saturday 22 August 2009

അടയാളങ്ങള്‍
നമ്മള്‍
ഞാനും,നീയും എന്ന്
വേര്‍പെട്ടത്‌ എന്നാണ് ?
നിന്റെ നിസ്കാരതഴമ്പും ,
എന്റെ ചന്ദനക്കുറിയും ,
അവരുടെ തലപ്പാവും,
അടയാളങ്ങളായത് എന്നാണ് ?

നാമൊന്നിച്ച് പൊതിച്ചോറില്‍പ്പാതി പങ്കുവച്ചത് ,
കാവിലെ ഉത്സവത്തിന്
പകല്‍പ്പുരത്തിന് ആഹ്ലാദിച്ചത്,
ഉമ്മയുടെ കൈപ്പുണ്യം
സ്നേഹത്തോടെ രുചിച്ചത്......

നന്മയുടെ ഇലച്ചിന്തില്‍
ബാലിക്കാക്കകള്‍ വറ്റുണ്ണുന്നു,
ചിതറിയ എള്ളും,ദര്‍ഭയും,
പുണ്യങ്ങളുടെ മണ്‍കുടം വീണ്ടുമുടയുന്നു.....

ബാലറ്റ്പേപ്പറില്‍ ഇലക്കും,പൂവിനും,
ചക്രത്തിനും,നക്ഷത്രത്തിനും പകരം
ജപമാല,നിലവിളക്ക്,പര്‍ദ്ദ,തലപ്പാവ്,
ഉരുകിത്തീര്‍ന്ന മെഴുകുതിരി......

മനസ്സമ്മതം നാലായി മടക്കുംമുമ്പെ
മതശാട്യത്തിന്റെ കൈച്ചങ്ങല,
ചെയ്തുപോയ കൈപ്പിഴയ്ക്ക്‌
പഞ്ചവത്സരകുമ്പസാരം.

നമ്മുടെ ചിന്തകളും, സ്വപ്നങ്ങളും
പേറ്റെന്റ്റ് ചെയ്യപ്പെടുന്നത് ആര്‍ക്കാണ് ?

Saturday 15 August 2009

സ്വാതന്ത്ര്യം

കൈകൊണ്ടുതുന്നിയ ഒറ്റമുണ്ടില്‍
നീണ്ടുമെലിഞ്ഞ ശരീരം പാതിമറച്ച്
സ്വന്തം ജീവിതം കൊണ്ട്
പടവെട്ടിയ ഫക്കീര്‍ ,
കൈക്കുലി കൊടുക്കാനുള്ള
പച്ചനോട്ടിലെ നിറം മങ്ങിയ ചിത്രം.

ചരിത്രപുസ്തകതതാളില്‍ തൂങ്ങിയാടുന്ന
ഭഗത്സിംഗിന്റെ ധൈര്യമാര്‍ന്ന മുഖം,
വരികള്‍ക്കിടയിലൂടെ ഇറ്റുവീഴുന്നത്
പേരില്ലാത്ത പോരാളിയുടെ ചോര
ശ്വാസത്തിലറിയുന്നത്‌
ഗളഹസ്തം ചെയ്യപ്പെട്ടവന്റെ ഗന്ധം,
കാതുകളില്‍ നിറയുന്നത്
ചതഞ്ഞരഞ്ഞ പെങ്ങളുടെ നിലവിളി

എന്റെ സ്വാര്‍ത്ഥതയ്ക്ക്‌, ധാര്‍ഷ്ടിത്തിന്,
വിധേയത്വത്തിന്, ജീര്‍ണിച്ചു -
പൊള്ളയായ അധികാരത്തിന് ,
ചെറുത്തുനില്‍പ്പുകള്‍ക്കുമേലുള്ള-
കടന്നുകയറ്റത്തിന് ഉത്തരമായി
ധിക്കാരത്തിന്റെ സ്വാതന്ത്ര്യം.

സ്വയമൊരുക്കിയ അന്ധതയുടെ തടവറയില്‍ നിന്നും
നമുക്കെന്നാണ്‌ സ്വാതന്ത്ര്യം കിട്ടുക ?


Monday 3 August 2009

സ്നേഹിതന്...ഞാന്‍ നിനക്കു തന്നത്
വളപ്പൊട്ട്,മഞ്ചാടി,
സ്നേഹപീയുഷം നിറച്ച ഹൃദയം,
നേര്‍ വാക്കിന്റെ എന്ഞുവടി,
സങ്കടങ്ങള്‍ക്ക് തണല്‍മരം,
നെറുകയില്‍ കുളിരിന്റെ ചന്ദനം,
അടയിരിക്കനൊരു കൂട്,
പിശകില്ലാത്ത കലെണ്ടെര്‍

നീ പങ്കിട്ടെടുക്കാത്തതായി എന്തുന്ടെനിക്ക് ?
കായ്ച്ചുലഞ്ഞ തണല്‍മരത്തിന്റെ തായ്ത്തടി,
നിനക്ക് ശ്രുതിയിട്ട വീണക്കംബികള്‍ ,
എന്നിലേക്ക്‌ വളര്‍ന്നുപടര്‍ന്ന ഭാര്യയുടെ സ്നേഹം,
പോതിച്ചോര്‍, കിടക്ക, അടുപ്പ്‌ ..

ഞാനൊരു കളി പ്പാട്ടമാകുന്നതായിരുന്നു
നിനക്കെന്നുമിഷ്ടം
Sunday 2 August 2009

നിസ്വന്‍
ഞാനെന്റെ കണ്ണുകളടച്ചുവച്ചു,
ബോധ മിരുളിന്‍ ചുഴിക്കുള്ളിലാഴ്ത്തിവച്ചു,
സുഖശാന്തമായൊരുറക്കം തുടരുവാന്‍
ഞാനെന്റെ കണ്ണുകളടച്ചുവച്ചു.

വന്യമാം ഗിരിഗഹ്വരങ്ങളില്‍ കാലമായ്‌ -
മാറ്റൊലി കൊണ്ടോരീ നിലവിളികള്‍
സ്വര്‍ഗ്ഗസമാനമാം സ്വപ്നശൈലങ്ങളില്‍
വിരിയുന്ന കല്യാണസൌഗന്ധികങ്ങളെ,
കാല്‍ക്കീഴിലിട്ടു മെതിക്കാതിരിക്കുവാന്‍
ഞാനെന്റെ കാതുകളടച്ചുവച്ചു .

ആര്‍ദ്രമായ്‌ പ്രേമം പുതപ്പിച്ച വാക്കുകള്‍ ,
നന്മകളില്‍ ഊതിമിനുക്കിയ ഗീതികള്‍ ,
ഹൃദയരക്തത്താല്‍ ക്കുറിച്ച പ്രവാചക -
ബോധനപ്പെരുമകള്‍ പട്ടടയിലെരിയുമ്പോള്‍ ,
ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ ,
ജാതക പത്തായവില്ലില്‍ കുടുങ്ങിയോരശരണര്‍
സ്നേഹ പ്രഘോഷണഗന്ധം മടുത്തുപോയ്‌
ഞാനെന്റെ നാസികാ ജാലകമടയ്ക്കുന്നു .

തലമുറ ഭരണിയില്‍ പാകം വരുത്തിയ
പാരമ്പര്യത്തിന്റെ നേര്‍ രുചിപ്പഴമകള്‍
മാക്‌ടോനാഡ്‌സ്, കെ.എഫ്‌.സി -
നവരുചിപ്പെരുമയില്‍ ജീര്‍ണിച്ച-
പാഴ്വസ്തു പോലെയലിയുമ്പോള്‍
ഉള്ളില്‍ തികട്ടിത്തികട്ടി വരുന്നോരാ-
മൂര്‍ത്ത സത്യത്തിന്റെ വാക്കുതടയുവാന്‍ ,
നഗ്ന സത്യങ്ങള്‍ ക്ക് മൌന ക്കുരുക്കിട്ടു -
ഞാനെന്റെ നാവിനെ തടവിലാക്കി.

തെരുവിലായുന്മാദനൃത്തം ചവിട്ടിയീ-
മേള ക്കൊഴുപ്പില്‍ കടലായോഴുകുമ്പോള്‍ ,
പാത യോരങ്ങളില്‍ ഭിക്ഷാടനത്തിന്റെ
ബാലപാഠങ്ങള്‍ ചുമക്കുന്ന ശൈശവം;
പിന്നാലെയെത്തി കുടുക്കുന്നോരോര്‍മ്മയാല്‍
തീര്‍ത്ത മതിക്കെട്ടു താണ്ടാന്‍ പഠിച്ചും ,
കൊണ്ടും,കൊടുത്തും,ചിരിക്കാന്‍ മറന്നും,
പിന്നിട്ട പാത മറന്നു നീങ്ങുന്നു ഞാന്‍.

ശാന്തിതന്നാലയമേറെയകന്നുപോയ്‌
ദുരിതക്കയങ്ങളില്‍ മുങ്ങിയമര്‍ന്നുപോയ്‌ ,
ജീവിതവ്യഥകളുടെ ഭാണ്ഡം മറന്നുപോയ്‌,
രക്തബന്ധങ്ങളുടെ കണ്ണികളുമറ്റു പോയ്‌,
എന്ങിലുമേറെ മുറിപ്പെടുത്തുന്നോരീ ചിത്രം..
തൂങ്ങിയാടുന്ന കബന്ധപ്പെരുമഴ,
നിറകണ്ണുരണ്ടും തുറിച്ചു നോക്കുന്നോരാള്‍
ഭീതി പ്പെടുത്തുന്ന ചിന്തയില്‍ നിന്നുടന്‍
ആത്മ ഹത്യാക്കയര്‍ മാറ്റിവയ്ക്കുന്നു ഞാന്‍

വാക്കില്ല,നോക്കില്ല ,പച്ചയാം ജീവിത-
ച്ചന്തയില്‍ ചിതറിയ ഗന്ധക മണമില്ല
കുഷ്ടം പിടിച്ചു മരിച്ച മനസ്സിനെ,
തോട്ടുനോവിക്കാതെ തുടരും നിലവിളി .

എല്ലാമൊരു വശക്കാഴ്ച്ചകള്‍,മറുപുറ-
ത്തെല്ലാം സുഖദം, സുഖകരജീവിതം.
വാഴ്ത്തുവാന്‍ വര്‍ത്തകര്‍ "നിസ്വന്‍, നിരുപമന്‍ ,
ദീനദയാപരന്‍, മലര്‍ക്കെ തുറന്നിട്ട ജീവിതപുസ്തകം,
ഊര്‍ദ്ധന്‍ വലിക്കുന്ന ജീവിത മൂല്യങ്ങള്‍-
ക്കൂര്‍ജ്ജംപകര്‍ന്നുകൊടുത്തോരകംപൊരുള്,‍"
ജീവിതം തല്ലിപ്പഴുപ്പിച്ചെടുക്കുന്ന
പുസ്തകതാളിലെ ജീവചരിത്രവും.

കുത്തിവലിക്കുന്ന ചിന്തയില്‍നിന്നുടന്‍
ആത്മഹത്യാക്കയര്‍ മാറ്റിവയ്ക്കുന്നു ഞാന്‍.

Sunday 26 July 2009

തെരുവുകാഴ്ച
മെല്ലെത്തിരിഞ്ഞൊന്നു നോക്കവേകണ്ടു
പിഞ്ഞിപ്പറിഞ്ഞൊരു കുപ്പായവും,
പറിപ്പറക്കുന്നചെമ്പന്‍ മുടിയും,
വേദന ചാലിട്ടൊഴുകിയ കണ്ണുമായ്‌,
പാവമാബാലിക ഏകയായ്‌ നില്ക്കുന്നു .

എവിടെയോ കണ്ടതീ മാലാഖമുത്തിനെ..
ഓര്‍മ്മയിലാകെ പതുക്കെ തിരഞ്ഞുഞാന്‍
ഇന്നലെ പാതയോരത്തങ്ങനാഥമായ്‌
കണ്ടൊരാ ‌കുഞ്ഞിനും കണ്ടൂ, ഇതേ മുഖം
അത്ഭുതമെന്നേ പറയേണ്ടു,ഞെട്ടിഞാന്‍
എന്‍ കുഞ്ഞുവാവയ്ക്കുമുണ്ടിന്നിതേ മുഖം

ചിത്രങ്ങളേറെ അവ്യക്തമായിന്നെന്റെ
ചിന്തകള്‍ക്കുള്ളില്‍ കടന്നലിരംബവേ,
ഏറെ പരിലാളനങ്ങളില്‍ എന്‍ മകള്‍
കൊഞ്ചിക്കുഴയുന്നദൃശ്യവും കണ്ടു ഞാന്‍ .


പിന്‍ നിഴല്‍ പോലെ ,കണ്ടവര്‍ തെരുവിലെ
ഹോട്ടെലിന്‍ പിന്നില്‍ ചാവാലി നായ്ക്കൊപ്പം .
ഒരു തേങ്ങലാലെന്റെ ചിന്ത മുറിഞ്ഞുപോയ്‌
മിഴികളില്‍ കണ്ണുനീര്‍ തുള്ളിവാര്‍ന്നോ ?
ഏറ്റവും ദൈന്യത പേറുമാ കുഞ്ഞിന്റെ
നീട്ടിപ്പിടിച്ചൊരാ കൊച്ചു കൈവെള്ളയില്‍
ചില്ലറ നാണയത്തുട്ടുകള്‍ വച്ചു ഞാന്‍ .

വിളറിയ കണ്ണിലായ്‌ ദീപം തെളിഞ്ഞുവോ ?
ചുണ്ടുകള്‍ നന്ദിയെന്നോതാന്‍ തുനിഞ്ഞുവോ ?
വിളറിയ കുഞ്ഞുമുഖത്തൊരു ദിവ്യമാം
ചേതന കണ്ടിന്നു ദുഖിതനായി ഞാന്‍


രണ്ടു(പഴയ)ഇണക്കുരുവികള്‍ഒന്ന്
കടക്കണ്ണാല്‍ നോട്ടമിട്ടും,മനസ്സില്‍ ഗൂഡതയൊളിച്ചും,
ചുണ്ടുകള്‍ മന്ദം നനച്ചും,മല്ലാക്ഷീമണി നമ്രമുഖിയാള്‍
വിരല്‍ തുംബാല്‍ ചിത്രം വരച്ചും,കാമുകന്റെ
വദനം മനസ്സില്‍ കുറിച്ചിട്ടന്‍പോടുമേവീടിനേന്‍

രണ്ട്‌

മോഹത്താല്‍ പ്രിയയോടോരം ചാരിയീരുന്നു-
മൃദുലം കൈയില്‍ത്തലോടിയും,ഭോഗാനന്ദ
കുതുകനായ്‌ കണ്ണില്‍ നോക്കീട്ടേരെ ഫലിതം

മൊഴിഞ്ഞും,അങ്ങിങ്ങുമണ്ടിനടക്കുമിവനൊരു ശുംഭന്‍ ദൃഡം

Monday 20 July 2009

നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍ ?നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍ ?
വഴിപിരിയും നേരത്തഴലുരുകി ,


മിഴിയറിയാതൊഴുകി,ഉള്ളം നിറയുമ്പോള്‍
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?
നീതിയ്ക്കായ്‌ കുരുതി കൊടുക്കും
നിണമൊഴുകും തെരുവില്‍
നീതിക്കായ്‌ കേണുവിളിക്കും
നിന്ദിതരുടെ തെരുവില്‍
ന്യായത്തിന്‍ പൊരുളുകള്‍ തേടും
പീഡിതരുടെ അരികില്‍
ഖഡ്ഗവുമായ്‌ പാഞ്ഞുനടക്കും
കാട്ടാളക്കുട്ടത്തില്‍
സ്വാന്തനമായൊരു പാഴ്‌വാക്കാ-
വുകയാണെന്നറിയുകയാണെന്നുള്ളം;
നീറുന്ന മുറിവുകളാല്‍ ഞാന്‍
നിണമൊഴുകും തെരുവില്‍
കാരുണ്യക്കരതേടുമ്പോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?

നാടു നന്നാക്കനിറങ്ങി
കാടിന്റെ മുടികൊഴിച്ചും,
നനവുള്ളേടംകുഴിച്ചും
നേട്ടങ്ങള്‍ കൂട്ടിക്കിഴിച്ചും
പലവര്‍ണ്ണക്കൊടികളുടെ
തണലുംചൂടിനീളുന്ന
ജനവേതാളജല്‍പനങ്ങള്‍-
ക്കിരയാകുംബോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?മൌനശാട്ട്യങ്ങള്‍ മനസ്സിറക്കി-
വച്ചേകാന്തമധുരം നുണയുന്നെന്നെ
വേണ്ടാത്ത ചോദ്യം കൊണ്ടു തൊട്ടുണര്‍ത്തി
കിട്ടുന്ന ഉത്തരം നീട്ടുന്ന വാക്കിന്റെ ഉള്ളറിയാതെ
പൊള്ളുന്ന വാക്കെന്നു ചൊല്ലുന്ന
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?

Saturday 18 July 2009

വിരല്‍പ്പാട്
പിച്ചവെച്ചു നടക്കുമ്പോള്‍
കമഴ്ന്നു വീണുപോകാതിരിക്കാന്‍
ക്ലേശിച്ചാഞ്ഞു പിടിച്ചപ്പോള്‍,
കുമ്മായം വലിച്ചു വെടിപ്പാര്‍ന്ന
സ്വീകരണ മുറിയുടെ ഭിത്തിയില്‍ പതിഞ്ഞത്‌
അഴുക്കും,മെഴുക്കും നിറഞ്ഞ വിരല്‍പ്പാടുകള്‍.

അക്കങ്ങള്‍ കൂട്ടിയും കിഴിച്ചും
സമവാക്യങ്ങള്‍ പിഴച്ചും
ഗണിത പദപ്രശ്നത്തില്‍
പാമ്പും,കോണിയും കളിച്ചു-
പരാജയപ്പെട്ടപ്പോള്‍,
ചൂരല്‍പ്പിഴയ്ക്ക് പകരമായി
കൂട്ടുകാരന്റെ കൈവെള്ളയില്‍
കൊമ്പസ്സുകൊണ്ട് വരച്ചിട്ടത്
ചെമ്പരത്തിപ്പൂ നിറമുള്ള
വിരല്‍പ്പാടുകള്‍

കൌമാര,കുതിരപ്പന്തയ വാതുവെപ്പില്‍
പണയപ്പണ്ടത്തിനായുഴലവേ,
നന്നായൊന്നുണ്ണാതെ,
മേനി കാട്ടിയുടുക്കാതെ,
സ്വരുക്കുട്ടി വച്ച അഭിമാനസമ്പാദ്യം കവര്‍ന്നെടുത്ത്‌ ,
പിതൃസമക്ഷത്തില്‍ ബാക്കിവച്ചത്‌,
ശിരോരേഖയില്‍ നെടുകെയും,കുറുകെയും,
കറുത്ത വിരല്‍പ്പാടുകള്‍.


യൌവന യവനികക്കുള്ളില്‍
നിലാവ് പുതച്ച താരുണ്യത്തില്‍,
മാറിലെ ചൂടും,ചൂരും നെടുവീര്‍പ്പും
കൊണ്ടെന്നെ നിവേദിച്ച -
എണ്ണക്കരുപ്പിന്റെ ഏഴഴകിന്,
നിര്‍വികാരമായി, നിര്‍ലജ്ജം പകര്‍ന്നത്
ജീവന്റെ വിരല്‍പ്പാടുകള്‍.

കൂട്ടം തെറ്റിയ ഏതോസന്ധ്യയില്‍
വഴിതെറ്റിയെത്തിയ പെണ്ണിന്റെ
കൈയും പിടിച്ച് കുറ്റാകുട്ടിരുട്ടിലേക്ക്,
നിസ്സഹായതയുടെ നേരിപ്പോടിലെക്ക് ,
വറുതിയുടെ വറചട്ടിയിലേക്ക് ,
വലിച്ചെറിഞ്ഞിട്ട്‌ നല്‍കിയത്‌
ദുരന്തത്തിന്റെ മായ്ക്കാനാവാത്ത
വിരല്‍പ്പാടുകള്‍.

സായന്തനത്തിന്റെ പഥസീമയില്‍,
അവമതിപ്പിന്റെ പട്ടുമെത്തയില്‍,
അനാഥത്വ ത്തിന്റെ സാന്ത്വ നത്തില്‍,
ആര്‍ദ്രവും,വിവശവുമായ കണ്ണുകളില്‍
ചോദ്യചിഹ്നം പോലെ
വിരലടയാളത്തിന്റെ തനിപ്പകര്‍പ്പുകള്‍;
സഞ്ചാര ദൂരമത്രയും തിരഞ്ഞിട്ടും
ഉത്തരമില്ലാത്ത ചോദ്യമായി
സ്വന്തം കയ്യൊപ്പ് .

റിയാലിറ്റിഷോനിലവിളിയുടെ നേര്‍ത്ത സംഗീതം
ഒഴുകിയെത്തുന്ന ശീതീകരിച്ച ഹാളില്‍
'റിയാലിറ്റിഷോ'യുടെ പരിശീലനം.
ഇല്ലാത്ത കാറ്റിന്റെ ഒഴുക്കിനെതിരെ
നടന്നുകേറാന്‍ പരിശീലിക്കുമ്പോള്‍
അകലെ, ദൃശ്യാതിര്‍ത്തിക്കുമപ്പുറത്ത്,
മധ്യാഹ്ന സൂര്യന്റെ പുതപ്പിനുള്ളില്‍
അഗാധനീലിമയിലേക്ക് -
വലനീട്ടിയെറിഞ്ഞു കാത്തിരിക്കുന്നവര്‍,

ഈ റിയാലിറ്റിഷോവില്‍
ആരാണ് വിജയിയാവുക ?

അടുത്ത തവണയും എനിക്ക് മികച്ച
നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍
നിന്റെ കീശയില്‍ ശേഷിക്കുന്ന
ഓട്ടക്കാലണയ്ക്ക്‌ എനിക്കൊരു എസ്.എം.എസ്

Thursday 16 July 2009

കാഴ്ച

കാഴ്ച

ഞാന്‍ നിന്റെ കണ്ണുകളിലേക്കു നോക്കി
നേര്‍ക്കാഴ്ച്ചകളുടെ ദുരിതം അവയില്‍
പീളകെട്ടിയിരുന്നു.
യാഥാര്‍ത്ഥ്യങ്ങളുടെ മഞ്ഞപ്പും
നിസ്സഹായതയുടെ നിഴലാട്ടവും
നിരാശയുടെ നിര്‍വ്വികാരതയും കണ്ടു
ഉണങ്ങി വരണ്ട്കണ്ണീര്‍ച്ചാലുകള്‍
നിത്യദു:ഖത്തിന്റെ കഥ എന്നോടു പറഞ്ഞു.ഞാന്‍ നിന്റെ കവിള്‍ത്തടങ്ങളിലേക്കുനോക്കി,
പീഡനങ്ങളുടെ വിരലടയാളം
അവിടെ പതിഞ്ഞുകിടന്നിരുന്നു.

ഞാന്‍ നിന്റെ വിറയാര്‍ന്ന ചുണ്ടുകളിലേക്കു നോക്കി
വീര്‍പ്പുമുട്ടുന്ന സത്യങ്ങള്‍ വിതുംബുന്നതും
ഹൃദയഭേദകമായ ഒരു നിലവിളി
അവയില്‍ കുരുങ്ങിക്കിടക്കുന്നതും കണ്ടു

ഞാന്‍ നിന്റെ കൈകളിലേക്കു നോക്കി
കാലം അടിച്ചേല്‍പ്പിച്ച അടിമത്വം
അവളുടെ കരിവളകള്‍ക്കൊപ്പം
വിലങ്ങായിക്കിടന്നു;
ഒരു ചിത്രകാരിയുടേതിനു സമാനമായ
നീണ്ടുമെലിഞ്ഞ വിരലുകളില്‍
രക്തംകരിനീലിച്ചുപടര്‍ന്നു.

ഞാന്‍ നിന്റെ കവിള്‍ത്തടങ്ങളിലേക്കുനോക്കി,
പീഡനങ്ങളുടെ വിരലടയാളം
അവിടെ പതിഞ്ഞുകിടന്നിരുന്നു.

ഞാന്‍ നിന്റെ നഗ്നമായ മാറിലേക്കു നോക്കി,
ഇളമ്പൈതലിന്റെ ദംശനത്തിനായി
അവ ത്രസിക്കുന്നതും
സ്നേഹപീയൂഷം തുളുംബുന്നതും കണ്ടു.

ഞാന്‍ നിന്റെ പാദങ്ങളിലേക്കു നോക്കി,
പതനങ്ങളുടെ ചെളിക്കുണ്ടില്‍ നിന്നും
വിജയങ്ങളിലേക്ക്‌ നടന്നുകയറാനുള്ള
പ്രവേഗം അവയില്‍ കണ്ടു;
പരാശ്രയത്തിന്റെ ചങ്ങലക്കെട്ടുകള്‍
മുറുകുമ്പോഴും,ചുവടുകള്‍
പിഴയ്ക്കാതെ നടന്നുകയറുന്ന
സുദ്രിഡമായ പദചലനങ്ങള്‍.