സാക്ഷിയായവര്‍...

blog counter

Monday 31 May 2010

നിശബ്ദതയുടെ തിരക്കഥ.

നിന്നോടുപറയാനുള്ളതു

പറഞ്ഞു തുടങ്ങിയാല്‍
ഒഴുകിപ്പടരുന്ന ലാവാ-
പ്രവാഹമായി അതുമാറും.
പക്ഷേ, പറയാനുള്ളതെല്ലാമിങ്ങനെ
അടക്കിവച്ച്, ശീതീകരണിയുടെ
ഒടുങ്ങാത്ത മുരള്‍ച്ചയില്‍
പിറുപിറുക്കലുകളെ ഒളിപ്പിച്ചുവച്ചിങ്ങനെ
ചിരിച്ചും,നടിച്ചും വേഷപ്പകര്‍ച്ചകളിലൂടിങ്ങനെ
തള്ളിനീക്കുന്നതാണു ജീവിതമെന്നു-
 മുന്നേ അറിയാതെ പോയതാണ്.


ഇടച്ചുമരിനപ്പുറത്തെ

യൌവ്വനവൈധവ്യത്തിന്റെ
തേങ്ങലിനുചെവിയോര്‍ക്കുന്നത്
നീ ഒളികണ്ണാല്‍ കണ്ടതുകൊണ്ടുമാത്രം
നിന്റെ മുന്നിലര്‍ത്‍ഥശൂന്യമാകുന്ന
വാക്കുകളില്‍ സ്വയം മടുത്ത്‌,
ഇനി ജീവിതാന്ത്യം വരെ
ചോദ്യമുനകളില്‍ കുടുങ്ങിക്കിടക്കേണ്ടതാണ്.


അയലത്തിരുപിഞ്ചുപൈതങ്ങളെ

മാറോടടക്കി വിശപ്പിനോടും,
തന്റെ പ്രണയാന്ത്യജീവിതത്തോടും,
ചുറ്റിലും കത്തിയാളുന്ന മൃഗതൃഷ്ണയോടും
കലഹിച്ചുവശംകെട്ടവളെ,
കരുണാര്‍ദ്രമിഴികളാല്‍
പുതപ്പിച്ചതുകൊണ്ടുമാത്രം
നിന്റെ ഘനപ്പെട്ട വാക്കുകളോടും
നെറികെട്ടതുറിച്ചുനോട്ടത്തോടും
നിസ്സഹായമായി തോല്‍ക്കുമ്പോഴൊക്കെ
നെഞ്ചുമുറിഞ്ഞ്, മകളെ
മാറോട് ചേര്‍ത്തുനിര്‍ത്തി
വിതുമ്പിപ്പോകുന്നതാണ്.


"എന്നിലേക്കെന്നാണുനീ

മടങ്ങുന്നതെന്നു" നിന്റെ
ഇന്നത്തെ എസ്സെമ്മെസ്സുകൊണ്ട്
നീ ഓര്‍മ്മിപ്പിച്ചത് നമ്മുടെ
മകളുടെ തേങ്ങുന്ന മുഖമാണ്;
എന്റെ എല്ലാതോല്‍‌വിയിലും
ഇങ്ങനെയൊരു നിസ്സഹായതയുണ്ടെന്ന്
നീ അറിയാതെ പോയതെന്ത്?


ഓരോതവണയും

കൂടുതലടുക്കാനായി,
നിന്നിലേക്കെന്നെ ചേര്‍ത്തുനിര്‍ത്താനായി
നീ വിതറുന്ന കുടുക്കുകളില്‍
കുടുങ്ങി ചോരവാര്‍ന്നിങ്ങനെ
നിന്നില്‍നിന്നകലുകയാണെന്ന്
ഓര്‍ക്കാതെപോകുന്നതെന്താണ്.