ശാന്തന്‍,ലജ്ജാലു,
അടക്കിപ്പിടിച്ച സംസാരം,
തലകുമ്പിട്ടുള്ള നടത്തം,
അച്ഛന്റെ ചൂരല്‍പ്പിഴകള്‍ക്കുമുന്നില്‍
സുശീലന്‍ എന്നും
നല്ല കുട്ടിയായിരുന്നു.
ചൂരലിന്റെ മറവില്‍നിന്നാണ്
അച്ഛന്‍ വലിച്ചുവലിച്ചെറിഞ്ഞ
ബീഡിക്കുറ്റി വലിച്ചുതുടങ്ങിയത്,
മേശവലിപ്പില്‍ നിന്ന്
നാണയത്തുട്ടുകള്‍ മോഷ്ടിച്ചത്.
സ്കൂളില്‍-
കണക്കുസാറിന്റെ
കാര്‍ക്കശ്യത്തിന്റെ മറവില്‍നിന്നാണ്
ഒന്നാമത്തെ ബഞ്ചില്‍ നിന്ന്
കാലുകളിളകുന്ന
അവസാനത്തെ ബഞ്ചിലേക്കവന്‍
നുഴ്ന്നിറങ്ങിയത്.
കുമ്പസാരകൂടിന്റെ മറവില്‍നിന്നാണ്
അയല്‍ക്കാരന്റെ ആഞ്ഞിലിമരം
രസം വച്ചുണക്കിയത്,
പൊള്ളുന്ന പനിച്ചൂടില്‍
പാപത്തിന്റെ കനിതിന്നത്.
വീര്‍ത്തു വശംകെട്ട പോക്കറ്റുകളുടെ
മറവില്‍നിന്നാണ്, അത്താഴക്കലവും,
തുളസിക്കതിരിന്റെ മാലയിട്ട
കൃഷ്ണ വിഗ്രഹവും എറിഞ്ഞുടച്ചത്.
പറന്നുനരച്ച കൊടിക്കൂറകളുടെ മറവില്‍നിന്നാണ്
ക്യാന്‍വാസില്‍ ജീവന്റെ
ചിത്രം കോറിയിട്ടത്;
ഓണമുണ്ടിരുന്ന ഒറ്റപ്പുത്രന്റെ തലയറുത്ത്
അമ്മയുടെ മുന്നിലര്‍പ്പിച്ച്,
ഗുരുവിന്റെ കുടല്‍മാലയാല്‍ കുരുന്നുകള്‍ക്കു
ഡി പി ഇ പി ക്ലാസെടുത്ത്,
ഈറ്റുനോവില്‍ പിടയുന്ന പെണ്ണിനെ
വൈധവ്യത്തിന്റെ തറ്റുടുപ്പിച്ച്...
അംഗീകാരത്തിന്റെ അലങ്കാരമുദ്രകള്‍
മറവിലിരുന്ന് ചാര്‍ത്തിക്കൊടുത്തവര്‍
വിരല്‍തുമ്പിനാല്‍-
വിലക്കുന്നുണ്ട്, നാവില്‍നിന്നും
പേരെടുത്തു മാറ്റുന്നുണ്ട് ,
ഊരാക്കുടുക്കിനാല്‍ മുറുക്കുന്നുണ്ട-
ഴിഞ്ഞു പോകാതിരിക്കുവാന്‍.
ഇരുമ്പഴിക്കുള്ളിലെ നിശബ്ദദയുടെ മറവിലും
സുശീലന്‍ സൌമ്യനാണ്;
അവനു ചൂണ്ടുവാന്‍ വിരലുകള്‍
മതിയാകുമായിരുന്നില്ല,
അട്ടഹാസങ്ങളേ മറികടക്കാന്‍
അവന്റെ ശബ്ദം തികയുമായിരുന്നില്ല.