സാക്ഷിയായവര്‍...

blog counter

Saturday, 12 September 2009

ആന



കാട്ടില്‍-
പൂക്കളോടു കിന്നാരം ചൊല്ലി,
മുളങ്കാടിനോട് കുറുമ്പുകാട്ടി,
അഹങ്കാരത്തിന്റെ ചിന്നം വിളിച്ച്,
വഴിത്താരത്തിരിവൊന്നില്‍
കൊതിയൂറും ശര്‍ക്കരമധുരത്തില്‍
ചതിയുടെ വെടിമരുന്നിലുടഞ്ഞ്-
പൂവാകപ്പുഷ്പ്പങ്ങളായ്
വിടര്‍ന്നുചിതറുമ്പോള്‍
'മണി' കിലുക്കമുണ്ട്,
നാട്ടിലെ കീശയില്‍.

നാട്ടില്‍-
മുത്തുക്കുട, ആലവട്ടം,വെഞ്ചാമരം,
സ്വര്‍ണഗോളകകളുടെ നെറ്റിപ്പട്ടം,
സ്നേഹാധിക്യത്താല്‍
വേദനിച്ചുണര്‍ന്നാല്‍
മയക്കുവെടി,കല്ലേറ്,
ഒടുവില്‍ ജലസമാധി,
പുഷ്പ്പവൃഷ്ടിയാല്‍ വിട.

വാണിഭത്തട്ടില്‍
കാടെന്ത്, വീടെന്ത്,
മാപനിക്കുഴലില്‍
ക്കയറുന്നമൂല്യം.
വരിയുടച്ചെത്തും,
നുകം വലിച്ചൂര്‍ദ്ധന്‍ വലിക്കും,
പൂട്ടുകാളകള്‍ക്കെന്നും
പുളയുന്ന ചാട്ടവാര്‍.
മുന്‍കാലിലാരോ ചാരുന്ന തോട്ടി-
മറിയാതിരിക്കുവാന്‍
നിച്ഛലം നില്‍പ്പു ഞാന്‍.

3 comments:

ഉറുമ്പ്‌ /ANT said...

മുന്‍കാലിലാരോ ചാരുന്ന തോട്ടി-
മറിയാതിരിക്കുവാന്‍
നിച്ഛലം നില്‍പ്പു ഞാന്‍.

u said it.

മഹത്തായ ചില അറിവുകൾ.
മനുഷ്യന്റെ പല വിജയങ്ങൾക്കു പിന്നിലും പ്രകൃതിയുടെ കാരുണ്യപൂർണ്ണമായ നിസ്സംഗതയാണെന്നു തിരിച്ചറ്രിയേണ്ടിയിരിക്കുന്നു നമ്മൾ.

ഒരു കാറ്റൊന്നാഞ്ഞുവീശിയാൽ തകർന്നു വീഴുന്ന, ഒരു തിരയിളക്കത്തിൽ ഒലിച്ചു പോകാവുന്ന നേട്ടങ്ങൾ മാത്രമേ നാം നേടിയിട്ടുള്ളൂ ഇതുവരെ.
ഇനിയും അങ്ങിനെ തന്നെ.

ഒരു തോട്ടിയുടെ പ്രഹരശേഷിയല്ല ആനയെ സൌ‌മ്യനാക്കുന്നത്. പകരം ആനയുടെ ക്ഷമ, പ്രകോപനങ്ങളിൽ സംയമനം കാത്തുസൂക്ഷിക്കാനുള്ള ആ വലിയ മൃഗത്തിന്റെ കഴിവാണ്.

പ്രപഞ്ചത്തെ കീഴടക്കി എന്നു വീമ്പിളക്കുന്ന മനുഷ്യന്റെ നിസ്സാരത തുറന്നു കാട്ടുന്നു പ്രദീപ്.

Vinodkumar Thallasseri said...

സ്നേഹത്തിണ്റ്റെ അതിഭാവുകക്കാഴ്ച്ചകളില്‍ നിറയെ വന്നിട്ടുണ്ടെങ്കിലും, ആനയെ ഒരു റൊമാണ്റ്റിക്‌ ആയി കാണാറില്ല. ആരും കാണാത്ത ആനയെ കാണിച്ച പ്രദീപിന്‌ നന്ദി. കാഴ്ച ആനയേയും കടന്ന്‌ ഏറെ മുന്നോട്ട്‌ നീളുന്നു. നല്ല കവിത.

കുളക്കടക്കാലം said...

ഉറുമ്പ്‌,Thallasseri,
കാട്ടിലെ ആനയുടെ മുന്‍ കാലില്‍ തോട്ടി ചാരിവയ്ക്കാന്‍ ധൈര്യമുള്ളവര്‍ ആരുണ്ട്. അതുകൊണ്ടുതന്നെ സഹിക്കുന്നവന്റെ,ക്ഷമിക്കുന്നവന്റെ മുന്‍ കാലില്‍ തോട്ടില്‍ ചാരിവയ്ക്കാന്‍ മത്സരം മുറുകുകയാണ്.ഈ സഹനത കൊണ്ടാണ് ആനകള്‍ നമ്മുടെ അതിഭാവുകക്കാഴ്ച്ചകളില്‍ നിറഞ്ഞു കവിയുന്നതും...