സാക്ഷിയായവര്‍...

blog counter

Wednesday, 9 December, 2009

ഒരുമുഴം കയര്‍ അഥവാ ശീലങ്ങളുടെ തത്വശാസ്ത്രംനീളത്തില്‍ കെട്ടിയിട്ട
പ്ലാസ്റ്റിക്ക് കയറില്‍
നീ ധരിച്ചഴിച്ചെറിഞ്ഞ
ഉടുവസ്ത്രങ്ങള്‍
ചുമന്നു,മടുത്തു-
പോയെന്നേ ഞാന്‍.

നിന്റെ നവചിന്തകളിലൊന്നിലു-
മെന്റെയീ സഹനത-
യോര്‍ക്കാറുപോലുമില്ല നീ,
സാമ്രാജ്യത്വവിരുദ്ധ വാദത്തി-
നിടയിലൊന്നും നിന്റെയീ
വലിച്ചെറിയലൊട്ടലട്ടാറുമില്ല.
നിനക്കു മുഷിഞ്ഞെന്നു-
തോന്നുമ്പോള്‍

വലിച്ചെറിഞ്ഞതെല്ലാം
ഇന്നെന്റെ ബാധ്യത മാത്രമായി.
പൂത്തും,കനച്ചും,നാറിയും
നിന്റെ പുറമേയ്ക്ക് അപ്രാപ്യമായ
അഴുക്കുകളൊക്കെയും
ഇങ്ങനെ താങ്ങിത്തളര്‍ന്നു-
മടുത്തുപോയ് ഞാന്‍.

അപ്പുറത്തരികില്‍
ഇസ്ത്തിരിവടിവില്‍,ഹാംഗറില്‍,
ഹുങ്കോടെ തൂങ്ങിക്കിടക്കുന്നവനുണ്ടോ-
അറിയുന്നിപ്പുറമുള്ളവനും
കിടന്നിട്ടുണ്ടെത്രനാളിങ്ങനെ-
യിപ്പോളീവിധമെങ്കിലും...ഈ ജനാലക്കപ്പുറത്തേക്ക്
നീ എന്നേയൊന്നുമാറ്റി
കെട്ടിയിരുന്നെങ്കിലീ-
വീശുന്ന കാറ്റിലുലച്ചു-
വീഴ്ത്തിയേനേം,നിന്റെയീ
വിഴുപ്പുകള്‍.

എന്തോ-
ഇങ്ങനെ താങ്ങിയൊരു
ശീലമായതുകൊണ്ടാകാം
പുഴുകിയ ഈ മണമില്ലാതൊരു
സുഖവുമില്ലിപ്പോള്‍. 

  

21 comments:

കുളക്കടക്കാലം said...

"ഇങ്ങനെ താങ്ങിയൊരു
ശീലമായതുകൊണ്ടാകാം
പുഴുകിയ ഈ മണമില്ലാതൊരു
സുഖവുമില്ലിപ്പോള്‍."

ചിന്തകന്‍ said...

[അപ്പുറത്തരികില്‍
ഇസ്ത്തിരിവടിവില്‍,ഹാംഗറില്‍,
ഹുങ്കോടെ തൂങ്ങിക്കിടക്കുന്നവനുണ്ടോ-
അറിയുന്നീയുള്ളവനും
കിടന്നിട്ടുണ്ടെത്രനാളിങ്ങനെ-
യിപ്പോളീവിധമെങ്കിലും...]

ഇസ്തിരിവടിവില്‍ തൂങ്ങികിടക്കുന്നവനും
വരും ഇസ്തിരിപിടിക്കാത്തൊരു കാലം...


നന്നായിട്ടുണ്ട്, ആശംസകള്‍

വേദ വ്യാസന്‍ said...

വളരെ നന്നായിട്ടുണ്ട് :)

കാപ്പിലാന്‍ said...

പഴകിയ ശീലങ്ങളും ശീലകളും .

sushamaraman said...

സാമ്രാജ്യത്വത്തിന്റെ വലിച്ചെറിയപ്പെട്ട വിഴുപ്പുകള്‍ ചുമക്കാ‍ന്‍ വിധിക്കപ്പെട്ട നമ്മള്‍ എത്ര ഹതഭാഗ്യര്‍?!!!! നന്നായിട്ടുണ്ട്. ചിന്തിപ്പിക്കുന്ന വരികള്‍.

സുനില്‍ കെ. ചെറിയാന്‍ said...

!

t p sudhakaran said...

പ്രദീപ്‌,
ഇത് വിയര്‍പ്പിന്റെ തത്വശാസ്ത്രം കൂടിയാണ് അഭിനന്ദനങ്ങള്‍
ടി പി സുധാകരന്‍

പകല്‍കിനാവന്‍ | daYdreaMer said...

ജനാലക്കപ്പുറത്തേക്ക്
എന്നേയൊന്നുമാറ്റി
കെട്ടിയിരുന്നെങ്കിലീ-
വീശുന്ന കാറ്റിലുലച്ചു-
വീഴ്ത്തിയേനേം,നിന്റെയീ
വിഴുപ്പുകള്‍.

!!!!

ഉറുമ്പ്‌ /ANT said...

പ്രദീപ്,
കവിത വായിച്ചപ്പോൾ മനസ്സിലേക്കോടിയെത്തിയത് “വിധേയൻ” എന്ന സിനിമയിലെ തൊമ്മിയെ ആണ്. ഏതൊരു അടിമയുടെയും ഉള്ളിൽ അവൻ താലോലിക്കുന്ന ഒരു സ്വാതന്ത്ര്യ സ്വപ്നമുണ്ടാകും. ഭാര്യയുടെ ശരീരത്ത് പട്ടേലരുടെ സെന്റിന്റെ മണം ആസ്വദിക്കുന്ന അതേ തൊമ്മി തന്നെയാണ് ഭാസ്കരപട്ടേലരുടെ മരണശേഷം “പട്ടേലർ ചത്തേ...” എന്നലറിക്കൊണ്ട് വിജയഭേരി മുഴക്കുന്നതും. കെട്ടിയിടപ്പെട്ടവന്റെ അല്ലെങ്കിൽ പരാജയപ്പെട്ടവന്റെ കീഴടങ്ങലിനെ വിജയമായി കാണുന്നത് വിജയിച്ചവന്റെ മിധ്യാധാരണയാണ്. പകരം അത് തനിക്കുപയോഗിക്കാവുന്ന രീതിയിലുള്ള ഒരു കത്തി പാകപ്പെടുത്തിയെടുക്കാനുള്ള സമയം കണ്ടെത്താനാവും.

താൻ എത്തിച്ചേർന്ന നിസ്സഹായാവസ്ഥയിലും അന്യരോട്, ഇനി ഈ വഴി വരാനിരിക്കുന്നവനോട്,ഹാസ്യം കലർന്ന മുന്നറിയിപ്പു നൽകുന്നു കവിത. ആ ഹാസ്യത്തിലൊളിപ്പിച്ചു വച്ച ക്രൂരമായ സത്യങ്ങളെ നമ്മുടെ മസസ്സാക്ഷിയുടെ കറുത്ത ഇടവഴികളിലൂടെ നടത്തുന്നു.

ഈ ജനാലക്കപ്പുറത്തേക്ക്
നീ എന്നേയൊന്നുമാറ്റി
കെട്ടിയിരുന്നെങ്കിലീ-
വീശുന്ന കാറ്റിലുലച്ചു-
വീഴ്ത്തിയേനേം,നിന്റെയീ
വിഴുപ്പുകള്‍.

ഈ വരികളിലൂടെ ഒരു സ്വാതന്ത്ര്യ സ്വപ്നം വിളമ്പരം ചെയ്യുന്നു കവി.

മികച്ച കവിത. നന്ദി പ്രദീപ് ഈ പങ്കുവയ്ക്കലിന്.

കുളക്കടക്കാലം said...

വേദവ്യാസന്‍,കാപ്പിലാന്‍, ഈ വരവിനും,നല്ല വാക്കുകള്‍ക്കും.
ചിന്തകന്‍,പലരും ചിന്തിക്കാതെ പോകുന്നത്...
സുഷമ, പ്രതിഷേധിക്കാനുളള ആഗ്രഹം പോലും ഉള്ളിലിട്ടു ദഹിപ്പിക്കാന്‍ പഠിച്ചിരിക്കുന്നു നമ്മള്‍...,പ്രതികരിക്കാനാകുന്നില്ലെങ്കിലും...!
സുനില്‍, അവമതിപ്പൊ,ആശ്ചര്യമോ,അനുതാപമോ?
റ്റി.പി.എസ്, വിയര്‍പ്പിന്റെ സങ്കടം കൂടിയാണ്.
പകല്‍കിനാവന്‍, ഉള്ളിലണയാതെ കിടക്കുന്ന കനലുകൊണ്ട് ആഗ്രഹിച്ചെരിച്ചുതീര്‍ക്കാം....
ഉറുമ്പെ,വിധേയന്‍ സ്വാതന്ത്ര്യം വിളംബരം ചെയ്യുന്നതുപോലും സാഹചര്യത്തിനു വിധേയമായിട്ടാകും,തന്റെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രം അവന്‍ അട്ടഹസിക്കും,പട്ടേലന്മാരുടെ വീഴ്ചയില്‍. ഒടുവില്‍ പൂട്ടിക്കരയും,തന്നെ ത്തന്നെ തിരിച്ചറിയുമ്പോള്‍......അവസാനതകര്‍ച്ചയും പൂര്‍ണമാകുമ്പോള്‍....

Jayesh / ജ യേ ഷ് said...

nannayittundu

ആഭ മുരളീധരന്‍ said...

കാലികമായ പല വിഷയങ്ങളും കവിതയ്ക്ക് വിഷയമാവുന്നു എന്നതില്‍ സന്തോഷം. ഇങ്ങനെയുള്ള കവിതകളാണ് ഇന്നിന്റെ ആവശ്യം.ബ്ളോഗില്‍ മാത്രം തളച്ചിടേണ്ടതല്ല ഈ കവിതകള്‍ ഒന്നും

Anonymous said...

പ്രിയ മിത്രം പ്രദീപ്,
ആദ്യമേതന്നെ നാല്ല ഒരു വായനാസുഖം തന്നതിന് നന്ദി. കവിതവായിച്ചപ്പോൾ ജീവിതത്തിന്റെ ഏതെങ്കിലും ഒരു അവസരത്തിൽ ഞാനും ഈ അയവള്ളിതന്നെ ആയിരുന്നു. അനുഭവങ്ങളുടെ വിവിധതലങ്ങളിലെ സൂത്രവാക്യമായി അയവള്ളി അഥവ ഈ ഒരുമുഴം കയർ മാറുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ സഹനതയുടെ ഈ അയവള്ളി കുമ്മായച്ചുവരുകളിൽ അകപ്പെട്ട്, സ്വയം പ്രതിക്ഷേതിക്കാൻ പോലും അവസരം നഷ്ടമാക്കപ്പെട്ടവന്റെ പ്രതിരൂപമാണ്. ഊരി എറിയപ്പെട്ട തത്വശാസ്ത്രങ്ങൾ ചുമക്കുന്ന ഒന്ന് കുടഞ്ഞെറിയാൻ പോലും കെൽപ്പില്ലാത്ത സാധരണക്കാരന്റെ ഗതികേടാണ് ഈ ഒരുമുഴം കയർ പറയുന്നത്. സാമ്രാജ്യവൽക്കരണത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുമ്പോൾ, അതിന്റെ പ്രത്യയശാസ്ത്രം ഉരുക്കഴിക്കുമ്പോൾ, വെന്റിലേറ്ററുകളിലെ വിടവുപോലും നീ അടയ്ക്കാൻ മറക്കില്ല. സാംസ്കാരിക അധിനിവേശം നീ എന്നേ എന്റെമേൽ നേടിയിരുന്നു എന്ന് അയകരുതിയാൽ എന്താണ് തെറ്റ് ??? നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്റെതും കൂടെ എന്ന് നീ അട്ടഹസിക്കുമ്പോൾ, പരിചരിച്ചു തീർത്ത നിഷ്കാമന ദിനങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കാതെ എന്തുചെയ്യും? കട്ടിയുള്ള വാതായനശീലകൾ നിന്റെ സ്വകാര്യതെയെ മറച്ച് ദുർഗന്ധം പരത്താൻ തുടങ്ങുമ്പോൾ ഒരു നാളത്തേയ്ക്കെങ്കിലും നീ അത് എന്റെ മുഖത്തെയ്ക്കെറിയും, അതും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും, എന്നെ തളച്ചിടുന്ന ഈ കെട്ടുപാടുകൾ ഒരു നാൾ തകർക്കാൻ എനിക്ക് കഴിയും എന്ന് എനിക്ക് ഉറപ്പുള്ള കാലം വരെ…ദി കോമൺ മാൻ അതു മാതമാണ് ഞാൻ……….
എന്റെ പ്രിയ സ്നേഹിതാ, എഴുത്തുകാരന് സമൂഹത്തോടുള്ള ഉത്തരവാധിത്വം എല്ലാ അവസരത്തിലും നിങ്ങൾ വെളിപ്പെടുത്തുന്നു. ഓർമ്മടുത്തൽ അതാണ് അക്ഷരങ്ങൾകൊണ്ട് ഒരു സമൂഹത്തോട് ഒരാൾക്ക് ചെയ്യാൻ കഴിയുന്നത്, ഞാനും എന്റേതു മാത്രവും എന്ന ജീർണ്ണത കാർന്നുതിന്നുന്ന എന്റെ മനസ്സിനെ ഒന്ന് ചിന്തിപ്പിക്കാൻ കഴിഞ്ഞാൽ………

കണ്ണുകള്‍ said...

ശീലങ്ങളോട് സന്‌ധി ചെയ്തുപോവുന്ന തളര്‍ച്ചകള്‍...
ഇന്ന് പ്രതികരിക്കുന്നവന്റെയും നാളത്തെ അവസ്ഥ ഇതാണെന്നുള്ള തിരിച്ചറിവ്...
സത്യമാണ്‌ മാഷെ. - നല്ല കവിത.

കണ്ണനുണ്ണി said...

നന്നായിട്ടുണ്ട് ട്ടോ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചിന്തിപ്പിക്കുന്ന വരികള്‍.

കുമാരന്‍ | kumaran said...

:)

കുളക്കടക്കാലം said...

ജയേഷ്,വഴിപോക്കന്‍: സന്തോഷം വാക്കുകള്‍ക്ക്..
കണ്ണനുണ്ണി: കണ്ടിട്ട് വളരെയായല്ലൊ.?
കുമാരേട്ടാ,ആഭ: ((:
നാറാണത്ത്: പ്രതിരോധങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുമ്പോഴും നാം പ്രതീക്ഷിക്കുന്നുണ്ട് സുഹൃത്തേ,എല്ലാം കണ്ടുകൊണ്ടുനില്‍ക്കുന്ന നീയെങ്കിലും കൂട്ടിനെത്തുമെന്ന്......എന്റെ ചോരപ്പാടും കടന്ന് നിനക്ക് എത്ര നിര്‍വികാരനായാണ്‍ പോകാന്‍ കഴിയുന്നത്...???
കണ്ണുകള്‍: മുഷിഞ്ഞുപോകുന്നു മനസ്സും...

Deepa Bijo Alexander said...

സാഹചര്യങ്ങളോട് സന്ധി ചെയ്ത് കാലം കഴിക്കുമ്പോഴും ഉള്ളിലെന്നും ഒരു സ്വാതന്ത്ര്യമോഹം ഒളിഞ്ഞിരിക്കും അല്ലേ..?നല്ല ആശയം.

ശ്രീ said...

നന്നായിട്ടുണ്ട്, മാഷേ

കുളക്കടക്കാലം said...

ദീപ,ശ്രീ,
സന്തോഷം വരവിന്