മുരളുന്ന ശീതീകരണിക്കു താഴെ
നരച്ച ചായം തേച്ച ചുവരില്‍,
ബോധിവൃക്ഷച്ചുവട്ടില്‍
നിത്യദു:ഖത്തിന്റെ പൊരുള്‍തേടി
സമാധിസ്ഥനായ ബുദ്ധന്റെ ചിത്രം.
എതിര്‍ഭിത്തിയില്‍ കൂട്ടം തെറ്റിയ
പേടമാനെ വേട്ടയാടുന്ന
കടുവയുടെ എണ്ണച്ഛായചിത്രം.
താഴെ-
നീലയില്‍ വെള്ളപൂക്കളുള്ള
വിരിപ്പിട്ട കിടക്കയില്‍
മുറുവേറ്റുപിടയുന്ന വേട്ടമൃഗം,
ശോണിത സ്പര്‍ശത്താല്‍
ചുവന്നൂ വെള്ളപ്പൂക്കള്‍;
ഹൃദയച്ചുവരില്‍ നിരനിരെ
നാല്പതുവേട്ടമൃഗങ്ങളുടെ
ചില്ലിട്ടചിത്രങ്ങള്‍.
വേലിയാണു വിളവുണ്ടതെങ്കിലും
കരഞ്ഞു തീര്‍ത്തിവള്‍ ‘പാപ’ജീവിതം
സ്വയം തീര്‍ത്ത കാരാഗ്രഹകൂട്ടില്‍.
“ഒഴിവുവേളയിലോടിമാറാത്തതെന്തേ ?
ഒച്ചവെയ്ക്കാത്തതെന്തേ ?” കുരിശി-
ലാഴ്ത്താനുറച്ചവര്‍ക്കുത്തരം-
നല്കുവാനാകാത്ത ചോദ്യങ്ങളായിരം.
* * *
കോടതിഭിത്തിയില്‍ ചില്ലിനുപിന്നില്‍
ഗാന്ധിജി നില്പൂ സഗൌരവം;
പഴകിയ, പാഴ്പുസ്തകങ്ങള്‍ക്കുള്ളിലായ്
കണ്ണുകള്‍ കെട്ടി, ഇടം കൈയിലൊരു
തുലാസ്,നിശ്ചലം.
നീലയില്‍ ചുവന്നപൂക്കളുള്ള
ചുരീദാറില്‍,കൂട്ടില്‍ തലകുമ്പിട്ടവള്‍
ചുറ്റിലും കണ്ണുകള്‍,സാകൂതം,കൌതുക-
ക്കാഴ്ചകാണാന്‍,കേള്‍ക്കാന്‍ കുതൂഹലം.
മിഴിക്കോണിലൂടെക്കാണാം
ചോദ്യമുനയുമായ് കറുത്തകുപ്പായങ്ങള്‍,
വീണ്ടുമാപുള്ളിപ്പാവാടച്ചരടുകളഴിയുന്നു
തിരുവുടലുരിയുന്നു,വീണ്ടുമവസാന-
വേട്ടനായെത്തും വരെ വിചാരണോത്സവം;
“ആദ്യമൂരിയ കുടുക്കേത് ? ആഴ്ത്തിയ നഖമേത് ?
സാക്ഷികളാരാനുമുണ്ടോ കണ്ട -
തണുവിടതെറ്റാതെ ചൊല്ലുവാന്‍ ?”
കൂട്ടില്‍ നഗ്നയായ് നിന്നവള്‍.
ചുറ്റുമാര്‍ത്തുചിരിക്കുന്ന കണ്ണുകള്‍,എത്ര-
ഭേദം,നാലുചുവരിനുള്ളിലെ പീഢനം
“ഭൂമി പിളര്‍ന്നൊന്നു താഴണേ ദൈവമേ”
ബോധമറ്റുനിപതിച്ചവള്‍ കൂട്ടില്‍
ഭാഗ്യം, കൂടിനിന്നവര്‍ നെടുവീര്‍പ്പിട്ടു,
പറ്റിയില്ലൊരുകേടും വീഴ്ചയില്‍ തുലാസിനും,
കണ്ണിന് കെട്ടഴിഞ്ഞിട്ടില്ല,
ഹൊ..നീതിദേവത കാത്തു.
14 comments:
വിതുര എന്ന മലയോരഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു ബാലിക തന്റെ മാതുലനാല്‍ കബളിപ്പിക്കപ്പെട്ട് നാല്പതോളം വേട്ടനായ്ക്കളുടെ വന്യതക്കിരയായി. ഇപ്പോളവള്‍ 'ആശ്രയച്ചിറകിനുള്ളില്',.
സമൂഹത്തിലെ അധികാര-രാഷ്ട്രീയ-സാംസ്കാരിക ദല്ലാളന്മാര് ഒന്നൊന്നായി കോടതിമുറിയിലും അവളെ വേട്ടയാടുന്നു. നിയമം.........?!
ഈശ്വരോ രക്ഷതുഃ
നീതിയും തുലാസും ഒരു പെൺകുട്ടിയും.. കൊള്ളാം.. (‘പീഡനം’ എന്ന് തിരുത്തി എഴുതുമല്ലോ..)
ഇര എന്നും വേട്ടയാടപ്പെടുന്നു.....വേട്ടക്കാർ മാറി മാറി വരുന്നെന്നേയുള്ളു...
ഇരക്കും, വേട്ടനായ്ക്കും ഇടയില്‍ ഓടിത്തളരുന്ന നിയമം
കണ്ണുകെട്ടി തൂക്കമൊപ്പിക്കുന്ന ദാരുശില്‍പ്പം വിചിത്രം!
കവിതയെ "ഇരയുടെ ഉത്സവങ്ങള്‍" എന്ന് വായിക്കാനാണെനിക്കിഷ്ടം
ഒരു ലേഖകന്റെതല്ലാതെ ഒരു കവിയുടെ ധര്‍മ്മം ഈ കവിത നിര്‍വഹിക്കുന്നുണ്ടോ എന്ന് വിമര്‍ശനം....
ഉറുമ്പേ: വരികളെഴുതിയ ആളിനേയോ,കവിതയേയോ,ഇരയെയോ,വേട്ടക്കാരനേയോ,നമ്മുടെ നിയമ സംവിധാനത്തെയോ........ഏതാണു,അല്ലെങ്കില്‍ ഏതിനെയാണ് ഈശ്വരന്റെ കൈകളില്‍ ഏല്പിചുകൊടുക്കുന്നത്...?
പള്ളീക്കുളം: വരവിനു നന്ദി,അങ്ങനെ ഒരു തിരുത്തലിന്റെ ആവശ്യം ഉണ്ടോ?
ദീപ: ഇരയ്ക്കും,വേട്ടക്കാര്‍ക്കും,വേട്ടയാടാന്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ക്കും ഒന്നും ക്ഷാമമില്ലാത്ത ഒരു പ്രത്യേക അവസ്ഥയിലാണ് സമകാലികജീവിതം കുടുങ്ങിക്കിടക്കുന്നത്.
സാക്ഷ: കണ്ണടച്ചോട്ടേ..തൂക്കമൊപ്പിച്ചാല് മതിയായിരുന്നു.ഒരു പ്രസ്താവനാ രീതിയാണ് ഉപയോഗിക്കാന്‍ ശ്രമിച്ചത്.
kollllaaam Eshttaaayi.
കൊള്ളാം.ഇഷ്ടായീ.ഇനിയും വരാം
ഈ ലോകത്ത്,
ദുര്ബലന് നീതിയുണ്ടോ?
നിയമങ്ങളും നീതിന്യായവുമെല്ലാം,
ബലവാനെ രക്ഷിക്കാനും,
ദുര്‍ബലനെ ശിക്ഷിക്കാനും
മാത്രമുള്ളതല്ലേ?
ഇരയോട് ‘ഓടി രക്ഷപെട്ട് കൂടായിരുന്നോ‘
എന്ന് ചോദിക്കാന്‍,
നമുക്ക് ഒരു നീതിന്യായവ്യവസ്ഥയുടെ ആവശ്യമുണ്ടോ?
ഇരയോടൊപ്പം നില്‍ക്കാനുള്ള സന്മനസ്സിനു നന്ദി.
മാഷെ, ഇതിവിടെ ചേര്‍ക്കുന്നു. മുന്‍പെഴുതിയതാണെങ്കിലും....വെറും സ്ഥലപ്പേരുകളായി മാറിയ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി.
ഇതു
ദൈവത്തിന്റെ സ്വന്തം നാട്
പെണ്‍കുട്ടികളെ
സ്ഥലപ്പേരുകളാക്കുന്ന
ദൈവങ്ങളുടെ നാട്
ഇടവഴിയില്‍ ഓടിക്കളിച്ചപ്പൊള്‍
കൊണ്ടുപൊയതാണ്
മാമ്പഴം പെറുക്കാനാഞ്ഞപ്പൊള്‍
പുലി പിടിച്ചതാണ്
അന്നവള്‍ വിലയുളള ശരീരം
ഇന്ന് പുഴുവരിക്കുമ്പോഴും,
കടത്തിണ്ണച്ചര്‍ച്ചയില്‍
ചൂടുള്ള ശരീരം
ഓരൊ അമ്മയും പ്രസവിക്കുമ്പൊള്‍
നൊന്തിട്ടുണ്ടാവണം
പെണ്‍കുഞ്ഞിനെ പ്രസവിക്കുമ്പോള്‍
ഒരുപാട് നോവണം
ഇരുളിലും പകലിലും
കണ്ണിമയ്ക്കാതിരിക്കണം
കരിയിലയനങ്ങുമ്പോള്‍
ഞെട്ടിത്തെറിക്കണം
കാരണം,
അവളുടെ അച്ചനും പുരുഷനാണ്.
കമല്‍ കാസ്സിം,ടോംസ് കോനുമഠം: നന്ദി, വരവിന് വായനക്ക്.
ചിന്തകന്‍:നീതിന്യായവ്യവസ്ഥയില്‍ അനിവാര്യമാകുന്ന പൊളിച്ചെഴുത്തിന് ആരു തയ്യാറാകും?
കണ്ണുകള്‍: കവിതയ്ക്കു ചുവടെ എന്റെ വിരല്പ്പാടുകൂടി.
കടിച്ചതിനേക്കാള് വലുതാണ് മടയില്‍ കിടക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ കാണുന്നു നമ്മള്..........
മാറുന്ന മലയാളി : ഇനിയും കാണാനി രിക്കുന്ന ചിത്രങ്ങള്‍ കണ്ടതിനേക്കാള്‍ എത്രയോ ഭീതിതം
ഷിബു: നന്ദി വരവിന്
Post a Comment