മുഷിഞ്ഞ വരയന്‍ ഷര്‍ട്ടിലെ
ഇടതു കൈമടക്കില്‍
ഒറ്റവരയന്‍ ബുക്കിലെ
ചീന്തിയെടുത്ത
കടലാസുകീറില്‍
കുറിച്ചിട്ട മുഷിഞ്ഞ
മൂന്നക്ഷരമാണു മരണം.
കാലില്‍ കുത്തിക്കയറുന്ന
കുപ്പിചില്ലു നീ,
നെഞ്ചിന്‍ കൂടം തകര്‍ക്കുന്ന
മരച്ചുറ്റിക നീ,
മുന്നില്‍ നിന്നും കൂസലില്ലാതെ
നേര്‍ക്കുനേര്‍ വന്നുതറയ്ക്കുന്ന
ഒരമ്പുനീ,
എന്റെ മുഖമറകളെ
ചിരിച്ചുകൊണ്ട്
വലിച്ചുകീറിയ
കുഞ്ഞു നീ.
നടന്നുതീര്‍ത്ത നിന്നെ
അക്കാദമി ഹാളിന്റെ പുറം-
ചുമരിലൊരു പൂമാലയിട്ടു
തൂക്കണമെനിക്ക്;
അനുസരണകെട്ടവന്‍....
ചില്ലുഫ്രെയിമിന്റെ
ചിറ്റളവിനുപുറത്തേക്ക്
ഒട്ടും കൂസാതെ
നടന്നുമായുന്നു നീ,
നെഞ്ചില്‍വിരിഞ്ഞ ചുവന്ന
കാട്ടുപൂവും ചൂടി.
Monday, 25 October 2010
Subscribe to:
Posts (Atom)