സാക്ഷിയായവര്‍...

blog counter

Tuesday 8 September, 2009

തിരിച്ചറിവ്




രണ്ടാം വാര്‍ഡില്‍
അഞ്ചാമത്തെ കട്ടിലില്‍
അവനുണ്ട്
ഫിനൈലും,നെടുവീര്‍പ്പുകളും ചേര്‍ന്ന്
മനംമടുപ്പിക്കുന്ന ഗന്ധം,
മരണം മണക്കുന്ന കിടക്കകള്‍,
സ്വജീവിതം പോലെ-
ശൂന്യമായി,അലക്ഷ്യമായി,
വലിച്ചെറിഞ്ഞ മരുന്നുകുപ്പികള്‍,
ഒരിറ്റു ശ്വാസത്തിന്
പണിപ്പെട്ടു കറങ്ങുന്ന പങ്കകള്‍.
അവന്റെയുള്ളില്‍ ഒരു
കൊടുങ്കാറ്റിരമ്പുന്നുണ്ട്;
കാറ്റിലിളകുന്ന
അഴുക്കും,മെഴുക്കും കൊണ്ട്
കറുത്ത് ഇരുണ്ടുപോയ
വാതായനശീലകള്‍;
ജനാലക്കപ്പുറം-
നിശ്ചലം നില്‍പ്പുണ്ടിരുള്‍ രൂപങ്ങള്‍,
വരാന്തയില്‍
പുതച്ചുറങ്ങുന്നുണ്ടു ശവങ്ങള്‍.

അവന്റെ ഞരമ്പുകളിലേക്കിറ്റുന്ന-
ചുവന്ന തുള്ളികളില്‍
ചോരവിറ്റന്നം തേടുന്നവന്റെ അതേമുഖം.
അവന്റെ-
ഓരോ ചെറുചലനത്തിലും
വേദനിച്ചു കരയുന്നുണ്ടു കട്ടില്‍
ഓരോ കരച്ചിലും ഞെട്ടലോടെ
അറിയുന്നുണ്ട്;
സ്വന്തം ജീവിതമൂറ്റി നല്‍കി
വിളറിയ മുഖവുമായി
കാല്‍ക്കലൊരു വിഴുപ്പു ഭാണ്ടമായി
അവന്റെ ഭാര്യ.

വേട്ടമൃഗത്തിന്റെ മുഖമുള്ള
വെള്ളരിപ്രാവുകള്‍ പറന്നുപോയി,
എല്ലാ പൊട്ടിച്ചിതറലിനുശേഷവും
ഇങ്ങനെ പറന്നുപോകാറുണ്ടല്ലോ,
വെളുത്ത പറവകള്‍;
കൂടിലടക്കപ്പെടാറുണ്ട്-
വീണ്ടും ഊഴമെത്തുംവരെ.

രണ്ടാമത്തെ വാര്‍ഡില്‍
അഞ്ചാമത്തെ കട്ടിലില്‍
ഹൃദയത്തിന്റെ നിലച്ചസൂചിയുടെ,
ചലനം വീണ്ടെടുത്ത്‌ അവനുണ്ട് .
ഒരു കൂരയ്ക്ക് കീഴെ
ഉണ്ണാതെ, ഉറങ്ങാതെ
കലഹിച്ചു തീര്‍ത്തിട്ടും
അവന്‌-
ഹൃദയമുണ്ടായിരുന്നെന്ന്
തിരിച്ചറിയാത്തതിന്റെ
അതിശയത്തിലാണവളിന്ന്.

5 comments:

Rare Rose said...

വൈകി വന്ന തിരിച്ചറിവ്..

ഉറുമ്പ്‌ /ANT said...

ഒരു കൂരയ്ക്ക് കീഴെ
ഉണ്ണാതെ, ഉറങ്ങാതെ
കലഹിച്ചു തീര്‍ത്തിട്ടും
അവന്‌-
ഹൃദയമുണ്ടായിരുന്നെന്ന്
തിരിച്ചറിയാത്തതിന്റെ
അതിശയത്തിലാണവളിന്ന്.

tps said...

Oru Nissahayatha......
Nammude Pratheekshakal Mangunnundo
tps

shaijukottathala said...

വേട്ടമൃഗത്തിന്റെ മുഖമുള്ള
വെള്ളരിപ്രാവുകള്‍

ആശംസകള്‍

കണ്ണനുണ്ണി said...

ഹൃദയം ഉണ്ടെന്നു തിരിച്ചറിയാന്‍ അത് നിലയ്ക്കാന്‍ പോവുന്ന സമയം വരെ നോക്കി ഇരിക്കേണ്ടി വന്നു ...