സാക്ഷിയായവര്‍...

blog counter

Saturday, 12 September 2009

ഗുണ്ടകള്‍



ശാന്തന്‍,ലജ്ജാലു,
അടക്കിപ്പിടിച്ച സംസാരം,
തലകുമ്പിട്ടുള്ള നടത്തം,
അച്ഛന്റെ ചൂരല്‍പ്പിഴകള്‍ക്കുമുന്നില്‍
സുശീലന്‍ എന്നും
നല്ല കുട്ടിയായിരുന്നു.

ചൂരലിന്റെ മറവില്‍നിന്നാണ്
അച്ഛന്‍ വലിച്ചുവലിച്ചെറിഞ്ഞ
ബീഡിക്കുറ്റി വലിച്ചുതുടങ്ങിയത്‌,
മേശവലിപ്പില്‍ നിന്ന്
നാണയത്തുട്ടുകള്‍ മോഷ്ടിച്ചത്‌.
സ്കൂളില്‍-
കണക്കുസാറിന്റെ
കാര്‍ക്കശ്യത്തിന്റെ മറവില്‍നിന്നാണ്
ഒന്നാമത്തെ ബഞ്ചില്‍ നിന്ന്
കാലുകളിളകുന്ന
അവസാനത്തെ ബഞ്ചിലേക്കവന്‍
നുഴ്ന്നിറങ്ങിയത്.

കുമ്പസാരകൂടിന്റെ മറവില്‍നിന്നാണ്
അയല്‍ക്കാരന്റെ ആഞ്ഞിലിമരം

രസം വച്ചുണക്കിയത്,
പൊള്ളുന്ന പനിച്ചൂടില്‍
പാപത്തിന്റെ കനിതിന്നത്.

വീര്‍ത്തു വശംകെട്ട പോക്കറ്റുകളുടെ
മറവില്‍നിന്നാണ്, അത്താഴക്കലവും,
തുളസിക്കതിരിന്റെ മാലയിട്ട
കൃഷ്ണ വിഗ്രഹവും എറിഞ്ഞുടച്ചത്.

പറന്നുനരച്ച കൊടിക്കൂറകളുടെ മറവില്‍നിന്നാണ്
ക്യാന്‍വാസില്‍ ജീവന്റെ
ചിത്രം കോറിയിട്ടത്‌;
ഓണമുണ്ടിരുന്ന ഒറ്റപ്പുത്രന്റെ തലയറുത്ത്‌
അമ്മയുടെ മുന്നിലര്‍പ്പിച്ച്,
ഗുരുവിന്റെ കുടല്‍മാലയാല്‍ കുരുന്നുകള്‍‍ക്കു
ഡി പി ഇ പി ക്ലാസെടുത്ത്‌,
ഈറ്റുനോവില്‍ പിടയുന്ന പെണ്ണിനെ
വൈധവ്യത്തിന്റെ തറ്റുടുപ്പിച്ച്...

അംഗീകാരത്തിന്റെ അലങ്കാരമുദ്രകള്‍
മറവിലിരുന്ന് ചാര്‍ത്തിക്കൊടുത്തവര്‍
വിരല്‍തുമ്പിനാല്‍-
വിലക്കുന്നുണ്ട്, നാവില്‍നിന്നും
പേരെടുത്തു മാറ്റുന്നുണ്ട് ,
ഊരാക്കുടുക്കിനാല്‍ മുറുക്കുന്നുണ്ട-
ഴിഞ്ഞു പോകാതിരിക്കുവാന്‍.

ഇരുമ്പഴിക്കുള്ളിലെ നിശബ്ദദയുടെ മറവിലും
സുശീലന്‍ സൌമ്യനാണ്;
അവനു ചൂണ്ടുവാന്‍ വിരലുകള്‍
മതിയാകുമായിരുന്നില്ല,
അട്ടഹാസങ്ങളേ മറികടക്കാന്‍
അവന്റെ ശബ്ദം തികയുമായിരുന്നില്ല.

11 comments:

മാണിക്യം said...

ഏതൊരു പ്രവര്‍ത്തിക്കു പിന്നിലും
അവരവരുടെതായ ശരിയും തെറ്റും ഉണ്ടാവാം ...
മറ്റുള്ളവരുടെ നോട്ടത്തില്‍ ചട്ടകുടില്‍ നിന്ന്
വ്യതിചലിച്ച പ്രവര്‍ത്തികളെ ശിക്ഷിക്കും മുന്നെ
:: "നീ എന്തുകൊണ്ടാവിധം ചെയ്തു ?"::
എന്നു സ്നേഹപൂവ്വം ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ, നിഷ്ക്കരുണം ശിക്ഷിക്കുകയും ശകാരികുകയും ചെയ്യുന്നത്
തികച്ചും വിപരീത ഫലമേ നല്‍ക്കു.

വളരുന്ന പ്രായത്തില്‍ ജിഞ്ജാസ കൊണ്ട് പലതും ചെയ്യും അതിനു തീക്ഷ്ണമായ ശിക്ഷയല്ല കൌണ്സിലിങ്ങ് ആണു ആവശ്യം ആരും

കുറ്റവാളിയായി ജനിക്കുന്നില്ല ഒരു വ്യക്തിയെ ക്രൂരനാക്കുന്നതില്‍ സഹചര്യവും സമൂഹവും കുടുംബവും ആണു ഉത്തരവാദികള്‍ ..

കവിത നന്നയി ...

Anil cheleri kumaran said...

പറന്നുനരച്ച കൊടിക്കൂറകളുടെ മറവില്‍നിന്നാണ്
ക്യാന്‍വാസില്‍ ജീവന്റെ
ചിത്രം കോറിയിട്ടത്‌;

മനോഹരം..

ഉറുമ്പ്‌ /ANT said...

അവനു ചൂണ്ടുവാന്‍ വിരലുകള്‍
മതിയാകുമായിരുന്നില്ല.

നന്നായി.

steephengeorge said...

vayichu

സുനില്‍ കെ. ചെറിയാന്‍ said...

ഗുണ്ടായിസം വയസ്സറിയിച്ചു കഴിഞ്ഞ ഇക്കാലത്ത് ശടേന്ന് കാര്യം ചെയ്തുതീര്‍ക്കുന്നതാണ്, നനുത്ത ഓര്‍മ്മപ്പൊട്ടുകളുടെ മന്ദഗതിസ്‌പര്‍ശം പുറകോട്ട് വലിക്കുമെങ്കിലും, അഫിഗാമ്യം. കുളക്കട, കാര്യങ്ങള്‍ ഏറെ പറഞ്ഞെന്ന് സാരം. കവിതയെ, മാണിക്യത്തിന്‍റെ വിശകലനത്തേയും, 'ഈ സമൂഹമാണ്, ഏവരേയും കുറ്റവാളികളാക്കുന്നത്' സിന്‍ഡ്രം ബാധിച്ചിട്ടുണ്ട്

കുളക്കടക്കാലം said...

മാണിക്യം, നന്ദി.കുറ്റം ചെയ്യുന്നതിനേക്കാള്‍ കുറ്റകരമാണ് അതിന് പ്രേരിപ്പിക്കുന്നത് എന്നുള്ളത് മറക്കുന്നതാണ് നമുക്കിന്നിഷ്ടം.ഈ കുറ്റത്തിന് ഞാന്‍ എത്രതവണ ശിക്ഷിക്കപ്പെടാം എന്നആത്മപരിശോധന കൂടിയാണിത്‌
സുനില്‍, ചില സൂചകങ്ങള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമെന്ന് തോന്നിയതിനാല്‍ പരന്നുപോയി, കൂടുതല്‍ ചുരുക്കാന്‍ ശ്രമിക്കാം.

Vinodkumar Thallasseri said...

കാവ്യത്മകമല്ലെന്ന്‌ തോന്നിയേക്കാവുന്ന വിഷയങ്ങളും കവിതയ്ക്ക്‌ വിഷയമാവുന്നത്‌ നല്ലത്‌ തന്നെ. സുനില്‍ പര്‍ഞ്ഞത്‌ പോലെ വല്ലാതെ പരന്നോ എന്ന്‌ സംശയം ഇല്ലാതില്ല.

കുളക്കടക്കാലം said...

Thallasseri, യഥാര്‍ത്ഥ ഗുണ്ടകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അല്‍പ്പം പരന്നുപോയി.ശ്രദ്ധിക്കാം.

girishvarma balussery... said...

സാഹചര്യം ആണ് ഒരുവനെ കുറ്റവാളി ആക്കുന്നത്. സ്വന്തം അമ്മ തന്നെ കക്കാന്‍ പ്രേരിപ്പിച്ചത് കൊണ്ട് വലിയൊരു കള്ളനായ ഒരു നമ്പൂതിരി ഉണ്ട് എന്റെ നാട്ടില്‍. കട്ടുകൊണ്ടു വന്നു അമ്മയുടെ മുന്‍പില്‍ സമര്‍പ്പിച്ചപ്പോള്‍ ..അഭിനന്ദനം ..അമ്മയുടെ വക . പക്ഷെ ഇതൊക്കെ ചിലര്‍ മാത്രം. എത്ര സ്നേഹം , പരിലാളന , മറ്റെന്തും കിട്ടിയിട്ടും കാര്യമില്ല... ചിലരുണ്ട്... ജന്മവാസന എന്ന് പറയും.. കവിയാവാന്‍ ആരും ശീലിപ്പിക്കേണ്ട. ഒരു കുറ്റവാളി ആവാനും . ജയില്‍ ശിക്ഷ കൊണ്ടും നന്നായവര്‍ എത്രയോ ഉണ്ട്... പക്ഷെ കൊടും കുറ്റവാളി ആയവരും ഉണ്ട്. രണ്ടു തലങ്ങള്‍ എന്തായാലും ഇതിലും ഉണ്ട്. കൌണ്സിലിംഗ് ചിലര്‍ക്ക് ഗുണം ചെയ്തേക്കും. അവനില്‍ ഒരു മനുഷ്യന്‍ കുടിയിരിപ്പുണ്ടെങ്കില്‍. എന്നെ തല്ലണ്ട അമ്മാവാ .. ഞാന്‍ നന്നാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചവരും ഉണ്ട്. അവര്‍ ഒരിക്കലും നന്നാവില്ല. പഴയ കാലങ്ങള്‍ അവരെ മാടിവിളിച്ചു കൊണ്ടിരിക്കും. ഇപ്പോള്‍ ഇവിടെ ഗുണ്ടകള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. അവര്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ തണല്‍ മരങ്ങള്‍ ആണ്. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുക ആണല്ലോ. നെട്ടോട്ടം ഓടുന്നുണ്ട് പോലീസ്. ഗുണ്ടകളെ പിടിക്കാന്‍. പിടിച്ചു പിടിച്ചില്ല എന്ന മട്ടില്‍. ആരെ പറ്റിക്കാന്‍ ഈ തന്ത്രങ്ങള്‍ . പാവം ജനങ്ങളെയോ. ഏതു മന്ദബുദ്ധിക്കും വരെ ഇപ്പോള്‍ ഇവരുടെ യൊക്കെ പ്രവര്‍ത്തന രീതികള്‍ മനസ്സിലായിരിക്കുന്നു. കാര്യങ്ങള്‍ എല്ലാം ഇവിടം വരെ കൊണ്ടെത്തിച്ചിരിക്കുന്നതില്‍ നമ്മളാണ് ശരിക്കും ഉത്തരവാതികള്‍ . ഇതിനൊരു സൊലൂഷന്‍ നമ്മള്‍ തന്നെ കണ്ടെത്തെണ്ടേ .?

കുളക്കടക്കാലം said...

ഗിരിഷ് വര്‍മ ബാലുശ്ശേരി,ഇത്തരം ചിന്തകളെങ്കിലും ഉണ്ടാകട്ടെ.നന്ന്ദി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

sathyam