സാക്ഷിയായവര്‍...

blog counter

Monday 16 November, 2009

അസാധു



വാതില്‍പ്പാളിക്കു പിന്നില്‍

വേര്‍പാടിന്റെ വിഹ്വലത-
യടരാതെ,ഒഴുകി മറയാതെ,
പ്രതീക്ഷയുടെ മിഴിവെട്ടത്തില്‍
പത്തുമിന്നാമിനുങ്ങുകള്‍
പുരനിറഞ്ഞു കവിഞ്ഞ്..

പുകയിലത്തുണ്ടില്‍,സ്വന്തം
ജീവിതം കൂട്ടിത്തിറുത്ത്,
പുകച്ച്, ചുമച്ചു തീര്‍ത്തു കൊണ്ടച്ഛന്‍.
ബീഡിയിലപോലെ
സിരാപടലങ്ങളില്‍
പിടഞ്ഞുകിടന്ന വിരലുകളാല്‍
കൈമാറിത്തന്ന കണക്കുപുസ്തക-
ത്താളില്‍ക്കുടുങ്ങിക്കടലുകടന്നവന്‍.


കാത്തിരുന്നവള്‍ക്ക് വാക്കും,
വട്ടിപ്പലിശക്കാരനു വളപ്പും,
വഴിച്ചെലവിന് അമ്മയുടെ
കണ്ണീര്‍പ്പാടവും പണയമായ്‌ വച്ച്
കടലുകടന്നവന്‍.

മനക്കോട്ടകള്‍ക്കപ്പുറം
വളര്‍ന്ന് പറന്നിറങ്ങുമ്പോഴേ
പൊള്ളിത്തുടങ്ങിയ പാദങ്ങള്‍;
ഒട്ടകക്കൂട്ടത്തിനൊപ്പം
ഗര്‍വ്വുതാണ്ടി നടന്ന്,
ചെമ്മരിയാടിന്‍പറ്റത്തോടൊപ്പം
ഭൂമിശാസ്ത്രം പഠിച്ച്,
മണല്‍ച്ചൂളയില്‍ സ്വയം
വെന്തുമടുത്തു:
വെയിലോലകള്‍ ലോഭമില്ലാതെ,
മൂര്‍ദ്ധാവില്‍ മുത്തമിട്ടു വിയര്‍ത്തു.

അതിരുകളില്ലാത്ത ലോകത്ത്
അവനും, ആട്ടിന്‍പറ്റത്തിനൊപ്പം
വേര്‍തിരിവിന്റെ അടയാളമില്ലാതെ
ഇഴഞ്ഞുനടന്നു.
വിയര്‍ത്തു നനഞ്ഞ ചാക്കിനുള്ളിലെ
വരണ്ട ഖുബ്ബൂസു* പോലെ ശുഷ്കമായ്‌,
മിഴിയിലെ മിന്നലാട്ടം വരെ.


വഴിപിഴച്ച, പടികടന്ന,
ആടുകളുടെ കണക്കെടുപ്പുദിനം,
കഫീലിന്റെ** ചാട്ടവാറാല്‍
ശരീരമാകെ മുറുക്കികെട്ടിയ
വീണക്കമ്പികളില്‍
വിരലോടിക്കുമ്പോള്‍
അവന്‍ സ്വാതന്ത്ര്യത്തിന്റെ
ആര്‍ദ്രസംഗീതം കേട്ടു.


നീട്ടിവരച്ച നേര്‍രേഖയുടെ
ഒരു ബിന്ദുവില്‍ നിന്നും വരി-
തെറ്റാതെ അടുക്കിവച്ച ഫില്‍സു***കള്‍
മറ്റേതോ അഗ്രബിന്ദുവില്‍ തൊടുംവരെ
താന്‍ അസാധുവാണെന്ന തിരിച്ചറിവില്‍
അവന്‍ മണല്‍മിനാരങ്ങളില്‍ മുഖംപൂഴ്ത്തി.

ഓരോ തവണയും തിളച്ചു -
മറിഞ്ഞ ചാട്ടവാറടിയൊച്ച -
ഒടിയാതിരിക്കാന്‍ വളഞ്ഞുതീര്‍ന്ന
അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
"ഇങ്ക്വിലാബ് സിന്ദാബാദ്‌."     


* - അറബിനാടുകളിലെ ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന സാധാരണക്കാരന്റെ ഭക്ഷണം.ഇതു സബ്സിഡി നിരക്കില്‍ ഭരണകൂടം വിതരണം ചെയ്യുന്നു.
** - പ്രായോജകന്‍.
*** - കുവൈറ്റിലെ ഒരു നാണയം.

27 comments:

കുളക്കടക്കാലം said...

"നീട്ടിവരച്ച നേര്‍രേഖയുടെ
ഒരു ബിന്ദുവില്‍ നിന്നും വരി-
തെറ്റാതെ അടുക്കിവച്ച ഫില്‍സു***കള്‍
മറ്റേതോ ആഗ്രബിന്ദുവില്‍ തൊടുംവരെ
താന്‍ അസാധുവാണെന്ന തിരിച്ചറിവില്‍
അവന്‍ മണല്‍മിനാരങ്ങളില്‍ മുഖംപൂഴ്ത്തി."

വിനിമയമൂല്യത്തിന്റെ മായികതയില്‍ ഭ്രമിച്ച്,സ്വന്തമായുള്ളതെല്ലാം കടം
കൊണ്ട്, പ്രത്യാശയുടെ മുന്തിരിവള്ളിയും നട്ട് കടലുകടക്കുന്നവര്‍. ഒടുങ്ങാത്ത ആവശ്യങ്ങളും,കടുക്കുന്ന പീഡനങ്ങള്‍ക്കുമിടയില്‍ അനാഥമായി, പിന്നെയെപ്പോഴോ അസാധുവായിപ്പോയ ആയിരങ്ങളുടെ
വേദനയ്ക്കുമുന്നില്‍ സമര്‍പ്പണം

സബിതാബാല said...

ഓടിയാതിരിക്കാന്ന് എന്നുള്ളത് ഓടാതിരിക്കാന്‍ എന്ന് തിരുത്തി വായിച്ചോട്ടെ??
അതോ അങ്ങനെ തന്നെയാണോ?

കുളക്കടക്കാലം said...

നന്ദി സബിതബാല,വരവിന്,ഉപരി തെറ്റ് ചൂണ്ടിക്കാട്ടിയതിന്. തിരുത്തിയിട്ടുണ്ട്."ഒടിയാതിരിക്കാന്‍ വളഞ്ഞുതീര്‍ന്ന..." എന്നാണ്.തിരുത്തി വായിച്ച് അഭിപ്രായം പറയുമല്ലോ.

ഉറുമ്പ്‌ /ANT said...

കുടുംബ പ്രാരാബ്ദങ്ങൾ തീർക്കാൻ സ്വന്തം മുഖം തന്നെ നഷ്ടപ്പെട്ട് അസാഥുവാക്കപ്പെടുന്ന പ്രവാസികളെ കണ്ടെത്തുന്ന താങ്കളുടെ കവിതക്ക് ആശംസകൾ.

താരകൻ said...

ഒടിയാതിരിക്കാൻ വളയണൊ..അതോ ഒടിഞ്ഞാലും വളയാതിരിക്കണോ.അതി ജീവനമോ അതോ ആദർശമോ...പലപ്പോഴും നമ്മൾ നമ്മോടുതന്നെ ചോദിക്കുന്ന ചോദ്യം

ഗോപി വെട്ടിക്കാട്ട് said...

പ്രവാസിയുടെ മനസ്സ്
ചാരം മൂടിയ കനല്‍കട്ടയാണ്
മണല്‍ക്കാറ്റില്‍ ആളിക്കത്തി
വെണ്ണീറായി ..വളമാകാന്‍ ...

നന്നായിരിക്കുന്നു കുളക്കട ....

ഓര്‍മ്മക്കുറിപ്പുകള്‍..... said...

വളരെ നന്നായിരിക്കുന്നു....പ്രവാസ ജീവിതത്തിന്റെ കുറെ നഗ്നസത്യങ്ങള്‍....നാട്ടിലെ പച്ച മതിയാവാതെ മരുപ്പച്ച തേടി വന്ന...........?????

തിരൂര്‍ക്കാരന്‍ said...
This comment has been removed by the author.
തിരൂര്‍ക്കാരന്‍ said...

വളരെ നന്നായിരിക്കുന്നു
.. ചില ദുഃഖ മുഖങ്ങള്‍ മനസ്സിലൂടെ കടന്നു പോയി,
എന്റെ ചില രചനകള്‍ ഇവിടെ വായിക്കാം..
പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍

ചിമ്മിനി വെട്ടത്തില്‍ പൊഴിയുന്ന പ്രവാസ ജീവിതങ്ങള്‍

ഒരു പ്രവാസിയുടെ മരണം നമുക്ക് നല്‍കുന്ന പാഠങ്ങള്‍ 2

പ്രവാസി സംഘടനകള്‍ അറിയാന്‍

Sreejith said...

വളരെ നന്നായിരിക്കുന്നു പ്രവാസികളുടെ നോമ്പരമുണര്‍ത്തുന്ന ഈ കവിത .. ആശംസകള്‍

ശ്രീജ എന്‍ എസ് said...

"പുകയിലത്തുണ്ടില്‍,സ്വന്തം
ജീവിതം കൂട്ടിത്തിറുത്ത്,
പുകച്ച്, ചുമച്ചു തീര്‍ത്തു കൊണ്ടച്ഛന്‍.
ബീഡിയിലപോലെ
സിരാപടലങ്ങളില്‍
പിടഞ്ഞുകിടന്ന വിരലുകളാല്‍
കൈമാറിത്തന്ന കണക്കുപുസ്തക-
ത്താളില്‍ക്കുടുങ്ങിക്കടലുകടന്നവന്‍."
ഗള്‍ഫ്‌ എന്ന സ്വപ്നത്തിലെക്കുള്ള യാത്രയും..അവിടെ എത്തുമ്പോള്‍ അനുഭവിക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യവും അറിയുന്ന ഒരാളെന്ന നിലയില്‍ കവിത മനസ്സില്‍ അസ്വസ്ഥത പടര്‍ത്തി...എത്രയോ വര്‍ഷക്കാലം ഗള്‍ഫ്‌ ജീവിതം നയിച്ച അച്ഛന്റെ മകള്‍..

ചിന്തകന്‍ said...

[നീട്ടിവരച്ച നേര്‍രേഖയുടെ
ഒരു ബിന്ദുവില്‍ നിന്നും വരി-
തെറ്റാതെ അടുക്കിവച്ച ഫില്‍സു***കള്‍
മറ്റേതോ അഗ്രബിന്ദുവില്‍ തൊടുംവരെ
താന്‍ അസാധുവാണെന്ന തിരിച്ചറിവില്‍
അവന്‍ മണല്‍മിനാരങ്ങളില്‍ മുഖംപൂഴ്ത്തി.]

കയ്പുള്ള കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു ഈവരികളില്‍‍.

അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തില്‍..
അറിഞ്ഞുകൊണ്ട് അസാധുവായി ജീവിക്കാന്‍
വിധിക്കപ്പെട്ട്, സ്വയം എരിഞ്ഞടങ്ങി..
മറ്റുള്ളവര്‍ക്ക് വെളിച്ചമേകും മെഴുകുതിരി
അല്ലയോ പ്രവാസി തന്‍ ജീവിതം..

താങ്കള്‍ കവിയുടെ/കവിതയുടെ ദൌത്യം നിറവേറ്റുന്നു...നന്ദി.

Unknown said...

പ്രവാസിയുടെ ജീവിതം വരച്ചു കാട്ടിയതിനു നന്ദി.
പക്ഷെ ഒരു സംശയം ബാക്കിയുണ്ട്. ഇത്രയും വേദന അനുഭവിക്കുന്ന പ്രവാസിക്ക് നാട്ടിലെത്തിയാല്‍ ഉള്ള പണമെല്ലാം കോണ്‍ക്രീറ്റ് കൂമ്ബരമാക്കാന്‍ കഴിയുന്നതെങ്ങനെ? ആഡംബര ജീവിതം നയിക്കാന്‍ കഴിയുന്നതെങ്ങനെ? കഷ്ടപ്പാടില്‍
വെന്തുരുകി നില്‍കുന്ന മാതാ പിതാക്കളെ അവഗണിക്കാന്‍ കഴിയുന്നതെങ്ങനെ?
ഇക്കരെ നല്‍കുന്ന എനിക്ക് തോന്നുന്നത് ഇതൊക്കെ വെറും ജല്പനകള്‍ മാത്രമാണ്.
ടി പി സുധാകരന്‍

ഷൈജു കോട്ടാത്തല said...

"ഇങ്ക്വിലാബ് സിന്ദാബാദ്‌."

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ചുറ്റുപാടും മുഖം നഷ്ട്ടപെട്ടവരും/മുഖമൂടി ധരിച്ചവരുമാണുള്ളത്

കുളക്കടക്കാലം said...

ഏറെ പ്രതീക്ഷകളുമായി കടലുകടന്നെത്തുന്ന മലയാളി സമൂഹത്തില്‍ ഇത്ര ശതമാനം പേര്‍ക്ക് സ്വന്തം വ്യക്ത്വിത്വം നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്?കേരളത്തില്‍ നിന്നും പരമ്പരാഗതമായി അഭ്യസിച്ചുവരുന്ന കുശുംബ്,കുന്നായ്മകള്‍ കൈമോശം വരുന്നില്ലെങ്കിലും പ്രതികരണശേഷിയും,ചെറുത്തു നില്‍പ്പുമെല്ലാം വിമാനത്താവളത്തില്‍ തന്നെ ഉപേക്ഷിക്കപ്പെടുന്നു,അല്ലെങ്കില്‍ ഉപേക്ഷിച്ചേ മതിയാകൂ.ഭാഗ്യവാന്മാരായ ചിലരെങ്കിലും അസ്സൂയാര്‍ഹാമായ തലങ്ങളില്‍ വിരാജിക്കുന്നു എന്നത് ശരിതന്നെ.മറ്റൊരു കൂട്ടര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നു.ഇവര്‍ക്ക് സ്വന്തമായി മുഖം പോലുമുണ്ടാകാറില്ല .ഒരു വാര്‍ത്തയിലുംപെടാത്ത,ഒരു വാര്‍ത്തയ്ക്കും വേണ്ടാത്ത മറ്റൊരു കൂട്ടരുണ്ട്.വഴിവക്കില്‍ ദിനാ റുകള്‍ എണ്ണി നല്‍കി വിലക്ക് വാങ്ങാവുന്നവര്‍,അവരെ വാങ്ങുന്നയാളിന് എന്തും ചെയ്യാം;വിലപേശി വില്‍ക്കാം ,പീഡിപ്പിച്ചു രസിക്കാം,ഭോഗിക്കാം,കൊല്ലാം...അങ്ങിനെ എന്തും.ഇവര്‍ അനാഥര്‍ പോലുമല്ല,മുഖം പോയിട്ട് ശരീരം പോലും അവര്‍ക്കില്ല, INVALID ആയ മനുഷ്യര്‍,അസാധു ആയിപ്പോയവര്‍.ഒരു രാജ്യത്തെയും കാനേഷുമാരിക്കണക്കിലും പെടാത്തവര്‍.അവരുടെ സങ്കടങ്ങള്‍ പകര്‍ത്താന്‍ എന്റെ വരികള്‍ക്ക് കഴിഞ്ഞു എന്ന അവകാശവാദമില്ല,അങ്ങിനെയും കുറേപ്പേര്‍ എന്നു ഓര്‍മിപ്പിക്കുക മാത്രമായിരുന്നു ദൌത്യം. ഇവരിലേക്ക് ഒരു നോട്ടമയച്ചതിന് ഉറുംബ്, താരകള്‍,ഗോപി വെട്ടിക്കാട്,ഓര്‍മക്കുറിപ്പുകള്‍, തിരൂര്‍ക്കാരന്‍,ചിന്തകന്‍, ശ്രീജിത്ത്‌,ഷിജു കോട്ടാത്തല,ബിലാത്തിപട്ടണം എന്നിവരോട് സ്നേഹം അറിയിക്കുന്നു.
ശ്രീദേവി, സ്വന്തം അനുഭവങ്ങള്‍ ആകുമ്പോള്‍ നമുക്ക് നോവും, നമുക്ക് മാത്രം.
ടി.പി.സുധാകരന്‍, ഈ പൊങ്ങച്ചത്തിന്റെ പാഠവും പുക്കിള്‍ക്കൊടി ബന്ധം പോലെ അവനു കിട്ടിപ്പോയതാണ്‌. രണ്ടാഴ്ച നാട്ടില്‍ ലിവിനു വന്ന് മിന്നിമറഞ്ഞു പോകുന്ന പ്രവാസി,മടങ്ങിയെത്തി തുഴയുന്ന തുഴച്ചില്‍......പിന്നെ മേല്‍ത്തട്ടിലുള്ള ഒരു പാട, അത് നാട്ടിലും വ്യത്യസ്തമാല്ലല്ലോ.പക്ഷെ ഭൂരിപക്ഷം മറ്റൊന്നും ചെയ്യാനാകാത്ത നിസ്സഹായതയുടെ തുരുത്തിലാണ് എന്നത് യാഥാര്‍ദ്ധ്യം മാത്രം. ദൂരക്കാഴ്ചയില്‍ കാണുന്ന തിളക്കം അടുക്കുംതോറും ഉണ്ടാകില്ല തീര്‍ച്ച.--

ഹാരിസ്‌ എടവന said...

കാത്തിരുന്നവള്‍ക്ക് വാക്കും,
വട്ടപ്പലിശക്കാരനു വളപ്പും,
വഴിച്ചെലവിന് അമ്മയുടെ
കണ്ണീര്‍പ്പാടവും പണയമായ്‌ വച്ച്
കടലുകടന്നവന്‍.

പ്രവാസി...............

Umesh Pilicode said...

"ഇങ്ക്വിലാബ് സിന്ദാബാദ്‌."

നന്നായി മാഷെ

Ranjith chemmad / ചെമ്മാടൻ said...

പ്രവാസത്തിന്റെ ദുരിതവാതായങ്ങള്‍
വരികളിലൊരുക്കാന്‍ കഴിയുന്നില്ല അല്ലേ?
ചൂടുള്ള വരികള്‍ക്ക് ആശംസകള്‍...

വീ.കെ.ബാല said...

കവിത കവിക്കോ സമൂഹത്തിനോ ????
ചിന്തകന്റെ അഭിപ്രായത്തിന് താഴെ ഒരൊപ്പ്....
കവിതയിലെ ഏറ്റവും അവസാനവരി, ഞങ്ങൾക്കുള്ളതാണ്....

കുളക്കടക്കാലം said...

ഉമേഷ്‌ സന്ദര്‍ശനങ്ങളില്‍ സന്തോഷമുണ്ട്.
രണ്‍ജിത്തെ, സത്യമാണ്, ഇതെഴുതിക്കഴിഞ്ഞപ്പോഴേ തോന്നിയതാണിത്. ഈ വരികള്‍ക്ക് യാഥാര്‍ ദ് ധ്യങ്ങളുടെ തീഷ് ണത മുഴുവന്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്.അതെന്റെ പാദുക പരിമിതി യാണെന്ന് സമ്മതിക്കാതെ തരമില്ല.
ബാലാ, പിന്തുണയ്ക്ക് ലാല്‍സലാം.

Vinodkumar Thallasseri said...

വരണ്ട മരുഭൂമി കവിതയുടെ ശാദ്വലഭൂമി തന്നെ. മരുഭൂമിയുടെ ചൂടും വിയര്‍പ്പും ശരിക്കും അനുഭവിച്ചു. അഭിനന്ദനങ്ങള്‍.

കണ്ണുകള്‍ said...

മാഷെ...
ഇവിടെയിരുന്ന് ഞാനും പ്രവാസമറിയുന്നു.
നിങ്ങളുടെ വരികളില്‍.....
വളരെ നന്നായിട്ടുണ്ട് കവിത

കുളക്കടക്കാലം said...

തലശ്ശേരി,കണ്ണുകള്‍,
പ്രവാസിയെ അറിയാന്‍ ശ്രമിച്ചതിന്,ഈ വരവിന്...

ratheesh vasudevan said...

nanayeetundu suhruthe....

RajaniSabu said...

ee kavitha vayyikkumbol gulfukkarude jeevitham ariyunuu....nannayittundu...

ദര്‍ശിനി said...

priyappetta pradeep, Ini melaal ingane ezhutharuthe, please.
Kannadayillaathe enikku vaayikkaan pattilla. Kannadavachu vaayikkaan thudangumbol, kannuniranjittu kannadayoori kannuthudakkendivarunnu......

Ithoru nerkkaazhchayaanu.