സാക്ഷിയായവര്‍...

blog counter

Sunday, 25 October, 2009

വന്ധ്യംകരണംകാതുകളിലൊക്കെ
നുണയുരുക്കിയൊഴിച്ചിട്ടും
പാഴ്മുളന്തണ്ടിലെ
പഴുതുകളിലൂടെ നീ
അലക് ഷ്യമായി ഊതിനിറച്ച
ഈണങ്ങള്‍ പഠിച്ചത്‌
എവിടെ നിന്നാണ് ?

കണ്ണുകളിലെ
വെളിച്ചവഴികളൊക്കെ
കറുത്തവാവുകൊണ്ട്
കൊട്ടിയടച്ചിട്ടും
സമവാക്യങ്ങള്‍ പിഴക്കാതെ,
അംഗുലവടിവുകളിലിളകാതെ,
കരിങ്കല്‍പാളിയടര്‍ത്തി മാറ്റി
നീ മുളച്ചു പൊന്തിയത്‌
എങ്ങിനെയാണ്?

കാറ്റുറക്കംപിടിച്ച
കോട്ടകൊത്തളങ്ങളില്‍
അട്ടഹാസങ്ങളും,
ആക്രോശങ്ങളും,
പ്രതിരോധകുത്തിവയ്പ്പെടുത്ത
നാഡീഞരമ്പുകളില്‍
സിംഫണിയുടെ കോറസ്ബാധ
കടന്നതെങ്ങിനെയാണ് ?

എല്ലിന്‍ മേദസ്സില്‍
പട്ടിണികൊണ്ട് മൂന്നുനേരം
മൃഷ്ടാന്നമൂട്ടിയിട്ടും
മനസ്സിന്റെ പട്ടിണി
മാറ്റാന്‍ ചുട്ടെടുത്ത
തീക്കനല്‍ കൊണ്ട്
ഭരണകൂടചങ്ങലകളെ
ഉരുക്കുന്നതെങ്ങിനെയാണ് ?

ഇനി-
വേരുപിടിച്ചു പടര്‍ന്നുപോയ നിന്നേ
മുറിച്ചുമാറ്റാതെ വയ്യ,
പാഴ്ശീലപുതപ്പിനുള്ളില്‍ നിന്ന്
ജനിതകമാറ്റം വരുത്തിയെടുത്ത
പുതിയ വിത്തുണ്ട്,
നല്ല വിളവുകിട്ടുന്ന
നട്ടാല്‍ കുരുക്കാത്ത വിത്ത്.

24 comments:

നാറാണത്ത് said...

@കുളക്കടക്കാ‍ലം,
ഞാൻ നാറാണത്ത്, മൊത്തത്തിൽ പറഞ്ഞാൽ നാറാണത്ത് ഭ്രാന്തൻ, കവിത ആസ്വദിക്കാൻ അറിയാമോ എന്നൊന്നും അനിക്കറിയില്ല, എന്നാൽ അങ്ങനെ വിചാരിക്കുന്നു,
അനുഭവിക്കുന്നു, താങ്കളുടെ കവിത വായിച്ചു
കൊള്ളാം,
-----------------------------------------------------------------------------------------------
അലക് ഷ്യമായി ഊതിനിറച്ച
ഈണങ്ങള്‍ പഠിച്ചത്‌
ഇവിടെ നിന്നാണ് ?

ഇതിൽ എവിടെ നിന്നാണ് എന്നാണോ ഉദ്ദേശിച്ചത്, ആണ് എന്ന് തോന്നുന്നു. തിരുത്തുക, അച്ചരതെറ്റ് ഭ്രാന്തൻ സഹിക്കില്ല.
അത് ഞാൻ എഴുതിയാലും, തറ ആയും, പറയായും പരവതാനിയായും, വാക്കുകളുടെ വയറിളക്കം നടത്തുന്ന, ആസ്ഥാന ബൂലോക “ഗവി“കളിൽ നിന്നും താങ്കൾ വെത്യസ്ഥനായി തോന്നുന്നു.
നല്ലനൊമ്പരപ്പൂവുകൾ, വിടർന്നു നിൽക്കട്ടെ ഈ പൂവാടിയി ആശംസകൾ.
ഇഷ്ടപ്പെട്ടവരി :വേരുപിടിച്ചു പടര്‍ന്നുപോയ നിന്നേ
മുറിച്ചുമാറ്റാതെ വയ്യ,
പാഴ്ശീലപുതപ്പിനുള്ളില്‍ നിന്ന്
ജനിതകമാറ്റം വരുത്തിയെടുത്ത
പുതിയ വിത്തുണ്ട്,
.................................................................................................

കുളക്കടക്കാലം said...

മര്‍ദ്ദനോപകരണങ്ങള്‍ക്ക്‌ ക്ഷാമമില്ലാത്ത വര്‍ത്തമാനകാല ജീവിതത്തില്‍ ഒറ്റപ്പെട്ട നിലവിളികള്‍ അരോചകവും,അപ്രസക്തവുമാകാം. ഏതുതരം ആയുധത്താലാണ് താന്‍ ഇല്ലാതാകാന്‍ പോകുന്നത്,മൌനി ആക്കപ്പെടാന്‍ പോകുന്നത് എന്ന നിരന്തര അന്വേഷണം കൂടി ഒരു ഉത്തരവാദിത്വം പോലെ തലയില്‍ വന്നുപതിക്കുന്നു. നിന്റെ ചിരിയിലും ഞാന്‍ കാണുന്നുണ്ട് തിളക്കമുള്ള ഒരു ചൂണ്ട...

പ്രിയപ്പെട്ട നാറാണത്തു തമ്പുരാനേ പൊറുക്കണം 'ഇവിടെ' അല്ല 'എവിടെ'ആണ്.തിരുത്തിയിട്ടുണ്ട്.മലയാളം ടൈപ്പിങ്ങിലെ പിഴവ്, പുനര്‍ വായനയില്‍ കണ്ടെത്താന്‍
കഴിയാതെ പോയി അങ്ങയുടെ പൊട്ടിച്ചിരി അടിയനമൃതേത്തായി. സന്തോഷം ഈ മലമുകളിലേക്ക് ഒരു ചെറുകല്ലുരുട്ടിയതിന്.

ഉറുമ്പ്‌ /ANT said...

മനസ്സിന്റെ പട്ടിണി
മാറ്റാന്‍ ചുട്ടെടുത്ത
തീക്കനല്‍ കൊണ്ട്
ഭരണകൂടചങ്ങലകളെ
ഉരുക്കുന്നതെങ്ങിനെയാണ് ?


തീഷ്ണം ഈ വരികൾ.
പുലിക്കോടന്റെ കാലത്തെങ്ങാനുമായിരുന്നെങ്കിൽ
1..2..3..2..1.. എണ്ണാമായിരുന്നു.. :)

പ്രവാസി എന്ന പ്രയാസി said...

സത്യം പറയാല്ലോ.. എല്ലാ 'സംഗതി'കളും പിടുത്തം കിട്ടിയിട്ടില്ല.. എങ്കിലും നിഗൂഡമായ കുറെ അര്‍ത്ഥങ്ങളുണ്ടെന്ന് എനിക്കും തോന്നുന്നു.. ആള്‍ ഒരു കവി തന്നെ...

siva // ശിവ said...

Meaningful verses....

കുളക്കടക്കാലം said...

ഉറുമ്പേ, ഇതു കാണാച്ചരടുകളുടെ കാലം.വിശ്വസിക്കാം എന്ന് കരുതിയതൊക്കെ നിമിഷങ്ങള്‍ കൊണ്ട് ഒരു ചില്ലുകൊട്ടാരം പോലെ തകരുന്നത് നടുക്കത്തോടെ കണ്ടു നില്‍ക്കയാണ്‌ ഞാന്‍.പഴുതടക്കലില്‍ മിടുക്കുള്ളവരുടെ വാക്ധോരനികളില്‍ മയങ്ങുന്നുണ്ട്‌ ഞാനും.തിരിച്ചറിയലിന്റെ ഏതോ
ഒരു വേളയില്‍ നിസ്സഹായതയോടെ നിലവിളിക്കുകയാണ് ഞാന്‍,ഏറെ ഒച്ചയുണ്ടാകാതെ.
പ്രവാസി, ഒരു തവണ കൂടി വായിക്കാമോ, ഇനിയും മനസ്സിലാകുന്നില്ലെന്കില്‍ അത് ഭാഷയുടെ തകരാറല്ല. ഏഴുതുന്നയാളിന്റെ പരാജയം മാത്രം.
ശിവ, മിതവാദിയാണല്ലേ.സന്തോഷം അഭിപ്രായത്തിന്

തിരൂര്‍കാരന്‍ said...

ജനിതകമാറ്റം വരുത്തിയെടുത്ത
പുതിയ വിത്തുണ്ട്,
നല്ല വിളവുകിട്ടുന്ന
നട്ടാല്‍ കുരുക്കാത്ത വിത്ത്.

ഇന്നിന്റെ ശബ്ദം ...മനോഹരം..

ചാറ്റല്‍ said...

"ജനിതകമാറ്റം വരുത്തിയെടുത്ത
പുതിയ വിത്തുണ്ട്"
നട്ടാല്‍ കുരുക്കാത്ത ഇത്തരം വിത്തുകൊന്ട് എലായിടവും നിറഞ്ഞിരിക്കുന്നു
ഭയാനകമായ ഷണ്ഡീകരിക്കല്‍
കവിത നന്നായി ആസ്വദിച്ചു

കുളക്കടക്കാലം said...

നന്ദി, തിരൂര്‍ക്കാരന്‍ ചാറ്റല്‍, ഈ ആസ്വാദനത്തിന്

താരകൻ said...

പ്രതിരോധകുത്തിവയ്പ്പെടുത്ത
നാഡീഞരമ്പുകളില്‍
സിംഫണിയുടെ കോറസ്ബാധ
കടന്നതെങ്ങിനെയാണ് ? നന്നായിരിക്കുന്നു

സാക്ഷ said...

സ്നേഹിതാ,
എനിക്ക് പേടിതോന്നുന്നത് ഈ കവിതയില്‍
നീ എഴുതാതെ വിട്ടുകളഞ്ഞ വരികളെ ഓര്‍ത്താണ്.
ഇത്തിരി എഴുതി ഒത്തിരി ധ്വനിപ്പിച്ചു.

Deepa Bijo Alexander said...

ഓരോ വരിയും ഒരുപാടിഷ്ടമായി....

കുളക്കടക്കാലം said...

താരകള്‍,ചാറ്റല്‍,സാക്ഷ,ദീപ,
ഇതുവഴി വന്ന് കോറിയിട്ട സങ്കടങ്ങള്‍ അറിഞ്ഞതിന്,സന്തോഷം,ഞാന്‍ അര്‍ത്ഥമാക്കിയത്‌ സംവേദിക്കപ്പെട്ടുയെന്നറിയുന്നതിലും.

t p sudhakaran said...

സമകാലീന പ്രശ്നങ്ങളെകൂടി വിശകലനം ചെയ്തു എഴുതിയ കവിത വളരെ നന്നായി.
പക്ഷെ എന്തിനാണ് പ്രശ്നങ്ങളെ
ഇങ്ങനെ നിഗൂദ്ദധമായി അവതരിപ്പിക്കുന്നത്?
ഭയമാണോ അതോ ഒളിചോട്ടമോ
ടി പി സുധാകരന്‍

കുളക്കടക്കാലം said...

ടി.പി.എസ്,
ഇതെഴുതുന്നയാള്‍ക്ക് അത്രയേ കഴിയൂ;അല്ലെങ്കില്‍ അത്രയെങ്കിലുമൊക്കെ കഴിയണം.നമ്മുടെ നാടിന്റെ ചവുട്ടടികളും, പ്രത്യാശ യുടെ പിടിവള്ളികളും നഷ്ട മാകുകയോ,നാശോന്മുഖമാവുകയോ ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ദുര്‍ബലം ജീവിതം.തീര്‍ച്ചയായും കാലം എന്നെയും ഭയപ്പെടുത്തുന്നിടത്തോളം അരക്ഷിതമായിട്ടുണ്ട്.ആ ഭയം 'പൌ രബോധം' അടക്കം പലകവിതകളിലൂടെയും വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

ഉമേഷ്‌ പിലിക്കൊട് said...

ജനിതകമാറ്റം വരുത്തിയെടുത്ത
പുതിയ വിത്തുണ്ട്,
നല്ല വിളവുകിട്ടുന്ന
നട്ടാല്‍ കുരുക്കാത്ത വിത്ത്.


ഇഷ്ടായി മാഷെ

t p sudhakaran said...

പ്രദീപ്‌
ഭയപ്പെട്ടു മരുന്നവരന്കൂടുതല്‍. എന്നാല്‍ പൊരുതി മുന്നേറാന്‍ നമുക്കാവും എന്നത് ചര്ത്ര സത്യമാണ്.ചോര തുടിക്കും ചെറു കയ്യുകളെ പെരുക വന്നീ പന്തങ്ങള്‍ എന്ന് കവി പറഞ്ഞത് വെറുതെയാണോ.
ടി പി സുധാകരന്‍

കുളക്കടക്കാലം said...

ടി.പി.എസ്,
കവി സംസാരിച്ച കാലത്തില്‍
നിന്നും തികച്ചും വ്യത്യസ്തമായ ഒരവസ്ഥയിലാണ് സമകാലിക ജീവിതം കുടുങ്ങിക്കിടക്കുന്നത്. തൊട്ടുപിന്നില്‍ നില്‍ക്കുന്നവന്‍ ആയുധം ചൂണ്ടി അലറുന്നത് എപ്പോഴെന്നു പറയാനാകാത്ത സ്ഥിതി.ആയുധപ്പുരകള്‍ക്ക് ക്ഷാമ
മില്ലാത്ത കാലം.നേരിട്ടുള്ള ആക്രമണം,ആശയ സമരം ഇതൊക്കെ പ്രത്യാശമാത്രം വെറുതെധൈര്യം നടിക്കുന്നതിലെന്തുണ്ട്?
അവസാനശ്വാസം നഷ്ടപ്പെടും വരെ പ്രതീക്ഷിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം തല്ക്കാലം കൈമോശം വരില്ലന്നാശ്വസിക്കാം.

ഉമേഷ്‌, നന്ദി
,വരവിനും,ആസ്വാദനത്തിനും.

പി എ അനിഷ്, എളനാട് said...

നല്ല വിളവുകിട്ടുന്ന
നട്ടാല്‍ കുരുക്കാത്ത വിത്ത്

നന്നായി

സുനില്‍ കെ. ചെറിയാന്‍ said...

പൊതുവായ ഏറെ കാര്യങ്ങള്‍ കൈയൊതുക്കത്തോടെ പറഞ്ഞ് പ്രത്യേകമായ ഒരു കാര്യത്തിലെത്തി നില്‍ക്കുന്നു കുളക്കടയുടെ ഭേദപ്പെട്ട കവിത. (സാധാരണ പ്രത്യേകത്തില്‍ തുടങ്ങി പൊതുവിലേക്കെത്തുന്നതാണു രീതി).

കുളക്കടക്കാലം said...
This comment has been removed by the author.
കുളക്കടക്കാലം said...

sunil,anish,
നന്ദിയുണ്ട്,ഈ വരവിനും ആസ്വാദനത്തിനും..

കുമാരന്‍ | kumaran said...

തികച്ചും വ്യത്യസ്തം.. നന്നായി.

നാറാണത്ത് said...

ചർച്ചചെയ്യേണ്ട ഒരു വിഷയം, കല കലയ്ക്കുവേണ്ടിയോ ? സമൂഹത്തിന് വേണ്ടിയോ, എഴുത്തിന്റെ പുതു തലമുറ എങ്ങോട്ട് ???