ഒറ്റപ്പെടുന്നവന്റെ മനസ്സ്
നിറയെ പായല്‍പരന്ന
കുളംപോലെ ശാന്തമാകുമ്പോള്‍
ഒരു പൂര്‍ണചന്ദ്രനും അവന്റെ
അടിത്തട്ടിന്റെ ആഴമളക്കാനാകില്ല;
ഏറെതാഴെ, ചതുപ്പിനുള്ളില്‍
മുഖം പൂഴ്ത്തിയൊളിക്കുന്ന
മിനുപ്പാര്‍ന്ന പരല്‍മീനുകള്‍ക്ക്
പായല്‍പ്പാളികള്‍ക്കിടയിലൂടെ
തലനീട്ടിയെത്തുന്ന
ആറ്റുവഞ്ചിത്തലപ്പുകള്‍ കണ്ട്
പരിചയം പുതുക്കാനുമാവില്ല.
പെരുവിരല്‍ നഖവിടവില്‍
നാരകമുള്ളുകള്‍ക്ക് ചെയ്യാനാകുന്നത്,
മിനുസമുള്ള വാക്കുകള്‍ കൊണ്ട്
ചങ്ങാതിയോടുചെയ്യാനാകുന്നത്,
നിശബ്ദമായ കുളത്തിനുള്ളില്‍
കൂടണഞ്ഞും,കൂടുവിട്ടും പുളയുന്ന
പരല്‍മീനുകളോടുമാകാം;
കണ്ണൂകള്‍ പൂട്ടി,വാതിലുകള്‍
കൊട്ടിയടച്ച്, അനുമതിയില്ലാത്തതൊന്നും
കടന്നുവരില്ലെന്നുറപ്പാക്കാം,ഒപ്പം
സ്വീകരണമുറിയിലെ ജാലകത്തിലൂടെ
അനുവാദംകൂടാതെ കടന്നുവരുന്നവ
നിസ്സഹായതയോടെ കണ്ടില്ലെന്നുനടിക്കാം.
ഓടാമ്പലിട്ടുറപ്പിച്ച വാതിലിനുപിന്നില്‍
നെടുവീര്‍പ്പുകളോടെ,ഹൃദയമൊളിപ്പിച്ച്
തീപിടിച്ച വാതായനശീലകള്‍കൊണ്ട്
സൂര്യനോടുയുദ്ധംചെയ്യാം,
പായല്‍പ്പാളികള്‍ക്കിടയിലൂടെ
നിലവിളിയൊച്ചപോലുമില്ലാതെ
കുഞ്ഞുങ്ങള്‍ മുങ്ങിത്താഴുന്നത്
മൂകം കണ്ടു രസിക്കാം,
പായല്‍മേലാപ്പിനു കീഴെ
കിടപ്പാടമുള്ളവനെന്നഭിമാനിക്കാം.
ഒറ്റപ്പെടുന്നവന്
സ്വന്തമായി മേല്ക്കൂരയില്ലാത്തവന്,
ഉടലിനുമീതെ-
സ്വന്തം തലപോലുമില്ലാത്തവന്‍,
അഭിരമിക്കുന്ന കിടക്കയില്‍
സ്വന്തം ഉടലുകൊണ്ടുമാത്രം
യുദ്ധം ചെയ്യുന്നവന്,
അരമില്ലാത്ത നാവുകൊണ്ട്
വാക്കുകള്‍ക്കു വഴങ്ങുന്നവന്,
വാക്കിന്റെ ഭൂപടങ്ങള്‍ക്ക്
ചൂണ്ടുവിരലുകളാല്‍ വശംകെട്ടവന്.
എന്റെയും നിങ്ങളുടേയും കുഞ്ഞുങ്ങള്‍
ചതുരംഗക്കളത്തിനപ്പുറവും,
ഇപ്പുറവും വെട്ടിയും, വീഴ്ത്തിയും
ആനമയിലൊട്ടകം കളിക്കുമ്പോള്‍,
കളത്തിനുപുറത്ത് വിയര്‍പ്പാറ്റാനൊരു
നിലപാടുതറ തിരഞ്ഞു,തിരഞ്ഞ്,
ഉത്തരം കിട്ടാതെ വലഞ്ഞ്,
നിലക്കണ്ണാടിക്കുമുന്നില്‍ തൂവലുകള്‍
കൊഴിച്ച് നിശബ്ദനായവന്‍.
തൂവലുകളില്ലാതെ കിട്ടിയതല്ലേ,
എരിവും,പുളിയും നന്നായിച്ചേര്‍ത്ത്
വറചട്ടിയില്‍ മൊരിച്ചെടുത്താലെന്തു
മൃഷ്ടാന്നമീ മദ്ധ്യാഹ്നഭോജനം.
21 comments:
ഒരോ തവണയും ഓടാമ്പലുകള്‍ ഭദ്രമാണെന്നുറപ്പാക്കുന്നുണ്ടു ഞാന്‍,എന്നിട്ടും.....
ജനലഴികളിലൂടെ കടന്നുവരുന കാറ്റിനുപോലും വിഷഗന്ധമെന്നതിരിച്ചറിവ് നമ്മെ നയിക്കുന്നത് എങ്ങോട്ടാണ്.
ഒക്കത്തൊതുക്കി നടക്കാനാവില്ലല്ലോ നമ്മുടെ കുഞ്ഞുങ്ങളെ എന്നെന്നേക്കുമായി.
പരൽമീനുകൾപോലെ അവർ തുടിക്കുമ്പോഴും കാകൻ കണ്ണുകളുമായി അവർക്കു കാവലിരിക്കുകയോ?
പിന്നെ നമുക്കു കഴിയുന്നത് പായൽപ്പരപ്പിനുകീഴെ സ്വകാര്യത കണ്ടെത്തുകതന്നെ.
ഒഴുകുവരുന്ന ഒരു തെന്നലിന്റെ, ഒരു തുഴയെറിയലിന്റെ ആക്കത്തിൽ വിണ്ടുകീറാവുന്ന മേലാപ്പിൽ അഹങ്കരിക്കുക. എല്ലാം ഭദ്രമെന്നുകരുതി കണ്ണടച്ചിരുട്ടാക്കുക.
എന്റെ സ്വകാര്യ അഹങ്കാരങ്ങളെ വല്ലാതെ മുറിപ്പെടുത്തുന്നു ഈ കവിത.
ആശംസകൾ.
‘ആനമയിലൊട്ടകം‘അത് മനസ്സിലായില്ല.
ബാക്കിയൊക്കെ മനോഹരം....
എന്റെ കുളക്കടെ, വരികളുടെ അര്‍ഥം കണ്ടുപിടിക്കാന്‍ ഒരുപാടൊന്നും തല പുണ്ണാക്കാന്‍ ഈ തലമണ്ടക്കാകുന്നില്ല.. എന്നാലും വായിച്ചപ്പോള്‍ എന്തോ ഒരു രസം തോന്നി.. തല ചൂടാക്കാന്‍ ഇനിയും എഴുതുക.. ഹ..ഹ..
പ്രദീപ്
ജലപ്പരപ്പിനു മുകളില്‍ കാറ്റും വെളിച്ചവും , ആദിത്യ കിരണവും നിലാവും എല്ലാം ഉള്ള മറ്റൊരു ലോകം കൂടി ഉണ്ട്.
പായലിനു താഴെ ചെളിയില്‍ ഊളിയിട്ടു ഇരിക്കുംബ്പോഴും ചെറിയ ദ്വാരതിളുടെ ലോകം കാണാം. എന്തിനാണ് ഇത്ര വ്യാകുലതകള്‍...
പ്രതീക്ഷയാണ് ജീവിതം തന്നെ. താങ്കളുടെ കവിതകളില്‍ പ്രതീക്ഷകളുടെ നിറം മായുന്നുണ്ടോ?
മലരാരന്യത്തിലെ ഏകാന്ത ജീവിതമാണോ അതിനു കാരണം?
ടി പി സുധാകരന്
അടച്ചു കുറ്റിയിട്ടു സ്വയം ഭദ്രമാവുന്ന വലിയ വ്യാമോഹമാണ്
വര്‍ത്തമാന കാല മലയാളി. വെറും അയല്പക്കങ്ങളായിപ്പോകുന്നവര്,
നിന്റെതും, എന്റെതും എന്നതിലെ എന്റെതിനെ മാത്രം സംരക്ഷിക്കുന്നവര്‍...
അടച്ചു പൂട്ടി, ഒളിച്ചു വാതില്‍പ്പഴുതിലൂടെ നോക്കുമ്പോള്‍ പിന്കഴുത്തില്
പല്ലുകള്‍ ആഴ്ത്തുന്ന പ്രേതരൂപികളുടെ ഇടനാഴികളിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍...
കവിത വായിച്ചപ്പോള്‍ ഞാന്‍ നഗ്നത കണ്ടു.
എന്റെയും, നിന്റെയും !
unfortunately, i dont'know how to type in Malayalam, while using internet....however, i dont find it difficult for me to enjoy your (i dont think its only yours but i feel it represents the average Malayali as a whole) the fire in your mind and thoughts...
i dont find any guilty in passion....
:)
പായല്‍ പുതപ്പിനു താഴെ, തനിയെ...തനിയെ...തനിയെ...
നിസ്സഹായത, പേടി....
നാളെ?
ഞാനും പങ്കുവെയ്ക്കുന്നു.
മാഷെ, നന്നായിട്ടുണ്ട്.
Exceptional!!!!!! kooduthal parayendatrathra manoharam..
പായലുകള്‍ക്കു താഴെ ഒരു പരല്‍മീന്‍ പിടയ്ക്കുന്ന പോലെ എന്റെ മനസ്സും ഒരു നിമിഷം പിടഞ്ഞു പോയ്...
"പെരുവിരല്‍ നഖവിടവില്‍
നാരകമുള്ളുകള്‍ക്ക് ചെയ്യാനാകുന്നത്,
മിനുസമുള്ള വാക്കുകള്‍ കൊണ്ട്
ചങ്ങാതിയോടുചെയ്യാനാകുന്നത്........"
ഹോ..!ഒരോ വരിയും ഓരോ നാരകമുള്ളാണല്ലോ....!
ഉറുമ്പേ,
മക്കള്‍ വലുതായിത്തുടങിയാല് ഭയപ്പെടേണ്ടിയിരിക്കുന്നു.അവരെ ത്തുറിച്ചുനോക്കുന്ന കണ്ണുകളില്‍ എന്തെന്ന് അറിയുവതെങ്ങനെ? എല്ല ഓടാമ്പലുകളും ഭദ്രമാകുമ്പൊഴും എന്തിലാണവരുടെ കണ്ണൂകള്‍ ഉടക്കുന്നതെന്ന് പറയുവതെങ്ങനെ?
എല്ലാ മുഖങ്ങളേയും സംശയത്തോടേ നോക്കുക,മുനമാത്രമുള്ള നോക്കുകളാല്‍ അഭിമുഖീകരിക്കപ്പെടുക എത്ര വേദനാജനകം....!അഭിമാനവും,അഹങ്കാരവും...നല്ല പദങ്ങള്‍..!
സബിത:-കുട്ടികളല്ലേ അവരെന്തെങ്കിലും കളിച്ചോട്ടെ എന്നു വയ്ക്കാം.അല്ലെങ്കില്‍ തന്നെ അവരുടെ പുതിയ കളികള്‍ എന്തൊക്കെയാകാം..?
പ്രവാസി അല്ല പ്രയാസി:-തണുപ്പുകാലമല്ലെ,ഒന്നു ചൂടുപിടിപ്പിക്കാനായല്ലോ,അതുമതി.
റ്റി.പി.എസ് :- വിടവിലൂദെ മാത്രം വെളിച്ചം കാണട്ടെ എന്നത് ഓര്‍മിപ്പിക്കുന്നത് പഴയ തവളയുടെ കഥയാണ്.ലോകം വിശാലമാണ് എന്നതുകൊണ്ട് എല്ലാവരും അങ്ങനെ ചിന്തിക്കണമെന്നൊ,അങ്ങനെ ആയിരിക്കണമെന്നോ കരുതാനുമാകില്ല.നിയതിയില് എങ്ങനെ ആയിരിക്കും,എങ്ങനെ മാത്രമെ ആയിരിക്കൂ എന്നും എത്രമാത്രം ശഠിക്കാനാകും,അതു യാഥാര്‍ത്ഥ്യങ്ങളോട് എത്രമാത്രം യോജിക്കും.സൂര്യവെളിച്ചത്തെ ഒരു മറക്കുടയാല്‍ മറക്കാനാകില്ലല്ലോ. ഒരൊ പ്രഭാതവും പ്രതീക്ഷകളുടേതാണ്,യാഥാര്‍ത്ഥ്യമാകുംവരെ.നാട്ടിലെത്തിയിട്ടും വ്യാകുലതകള്‍ തീരുന്നില്ലെങ്കില്‍ നല്ലൊരു ഭിഷഗ്വരനേ കാണാം അല്ലേ....
സാക്ഷ:-അഭിപ്രായത്തോട് വിയോജിക്കാനേ ആകുന്നില്ല. പരസ്പരം വെളിപ്പെട്ടു പോകുന്നവര്‍..!
ടോംസ്:- മലയാളം ടൈപ്പ് ചെയ്യുക എന്നത് ലളിതമാണ്.'വരമൊഴി' ഡൌണ്‍ലോഡ് ചെയ്യുക.ആസ്വാദനത്തിനു നന്ദി.
വിചാരം:- സുഖമല്ലേ..?
കണ്ണുകള്‍:- ഒരു പിതാവെന്നനിലയില്‍ ഭയം തോന്നുന്നുവോ?ഞാന്‍ അനുഭവിച്ചറിയുന്നു.
ഒറ്റവരിരാമന്‍:-സന്തോഷകരം ഈ വാക്കുകള്‍
ശിവ:- പിടയലിന്റെ തുടക്കം..!
ദീപ:- മുള്ളുകൊണ്ടു നിറയുന്ന വേദന,നിലവിളിക്കുന്നതെങ്ങനെ ?
എനിയ്ക്കും ഇഷ്ടപ്പെട്ടു, എന്നാലും എഡിറ്റിംഗ് -ന്റെ കുറവുണ്ടോ?
ഒരോ തവണയും ഓടാമ്പലുകള്‍ ഭദ്രമാണെന്നുറപ്പാക്കുന്നുണ്ടു ഞാന്‍,എന്നിട്ടും.....
താങ്കളുടെ ആശങ്കകള്‍ പങ്കുവെക്കുന്നു....
ഒരോ തവണയും ഓടാമ്പലുകള്‍ ഭദ്രമാണെന്നുറപ്പാക്കുന്നുണ്ടു ഞാന്‍,എന്നിട്ടും.....
വല്ലാത്ത പേടിയാണ്...?
ആശംസകൾ..
മനസ്സില്‍ ഉമിത്തീയായി നിറിപ്പിറിക്കുന്ന വരികള്‍,സമാനമായ ചിന്താധാരയിലൂടെ കടന്നുപോകുന്നതു കൊണ്ടാകാം.പക്ഷെ ആദ്യത്തെ നാലു പാരയില്‍ കണ്ട പിരിമുറുക്കം അവസാനമായപ്പോഴേക്കും വാചാലതയില്‍ നഷ്ടപ്പെട്ട പോലെ തോന്നി.ചിലപ്പോള്‍ എന്റെ മാത്രം തോന്നലാവാനും മതി.
മേലേതില്‍: എഡിറ്റിങ്ങ് വേണമോ എന്നു പലയാവര്‍ത്തി പരിശോധിച്ചതാണ്,ഞാന്‍ പറയാനുദ്ദേശിച്ച കാര്യം പറയാന്‍ ഇത്രയും അനിവാര്യമാണ് എന്നു തോന്നിയതുകൊണ്ട് അല്‍പ്പം നീണ്ടു.
ചിന്തകന്‍,വി.കെ: ഒരു ഓടാമ്പലും സുരക്ഷിതമല്ല എന്നു അനുഭവം ഓര്‍മിപ്പിക്കുന്നു.
മുസാഫിര്‍: സന്തോഷം.പറയാനുദ്ദേശിച്ച കാര്യം പറയാന്‍ ഇത്രയും അനിവാര്യമാണ് എന്നു തോന്നിയതുകൊണ്ട് അല്‍പ്പം നീണ്ടു.
പ്രിയമിത്രം പ്രദീപ്,
ഇരന്ന് വാങ്ങിയ നിന്റെ ഹൃദയം, അതിന്റെ ചൂട് ഇപ്പോഴും എന്റെ ഉള്ളംകൈയ്യിലുണ്ട്, അതിന്റെ ചുവന്ന ഭംഗി ആസ്വദിക്കുന്ന എന്റെ കണ്ണുകൾ അതിനുള്ളിൽ പിടയ്ക്കുന്ന വേദന കണ്ടില്ല എന്ന് എത്രനാൾ കരുതും?!! അത് നീ ദാനമായി തരുമ്പോഴും എന്നിലെ കച്ചവടക്കാരൻ അതിന് വിലയിട്ടിരുന്നോ? ഞാനും എന്റെതും എന്ന സ്വാർത്ഥലഹരി എന്റെ ചിന്തകളെ വിൽപ്പനയ്ക്ക്വച്ചു, അത് വാങ്ങുന്നവനും വിൽക്കുന്നവനും ഞാൻ തന്നെ ആയപ്പോൾ ധാർമ്മിക മൂല്ല്യങ്ങൾ എന്റെ ഇഷ്ടാനുഷ്ടങ്ങളായി പരിണമിച്ചു.
പിടയുന്നപരൽ മീനുകളെ കണ്ട് എന്റ് കണ്ണുകൾ ആനന്ദിച്ചിരിക്കാം, കാരണം എന്റെ ചിന്ത വറചട്ടിയിൽ മൊരിഞ്ഞ് പാകമാകുന്ന അവയുടെ രുചിയിൽമയങ്ങിപ്പോയിരുന്നു. പരൽമീനുകളുടെ മുള്ളുകൾ ശ്രദ്ധിക്കണം എന്ന് ഭാര്യപറഞ്ഞപ്പോൾ ഒനൂകൂടെ മൊരിയട്ടെ എന്ന് വിചാരിച്ചു…… ഈ വിചാരങ്ങൾ ഒന്നും എന്റേതല്ല….. താങ്കളുടേതും….
നന്നായി പ്രദീപ് ജി .
Post a Comment