മുഷിഞ്ഞ വരയന്‍ ഷര്‍ട്ടിലെ
ഇടതു കൈമടക്കില്‍
ഒറ്റവരയന്‍ ബുക്കിലെ
ചീന്തിയെടുത്ത
കടലാസുകീറില്‍
കുറിച്ചിട്ട മുഷിഞ്ഞ
മൂന്നക്ഷരമാണു മരണം.
കാലില്‍ കുത്തിക്കയറുന്ന
കുപ്പിചില്ലു നീ,
നെഞ്ചിന്‍ കൂടം തകര്‍ക്കുന്ന
മരച്ചുറ്റിക നീ,
മുന്നില്‍ നിന്നും കൂസലില്ലാതെ
നേര്‍ക്കുനേര്‍ വന്നുതറയ്ക്കുന്ന
ഒരമ്പുനീ,
എന്റെ മുഖമറകളെ
ചിരിച്ചുകൊണ്ട്
വലിച്ചുകീറിയ
കുഞ്ഞു നീ.
നടന്നുതീര്‍ത്ത നിന്നെ
അക്കാദമി ഹാളിന്റെ പുറം-
ചുമരിലൊരു പൂമാലയിട്ടു
തൂക്കണമെനിക്ക്;
അനുസരണകെട്ടവന്‍....
ചില്ലുഫ്രെയിമിന്റെ
ചിറ്റളവിനുപുറത്തേക്ക്
ഒട്ടും കൂസാതെ
നടന്നുമായുന്നു നീ,
നെഞ്ചില്‍വിരിഞ്ഞ ചുവന്ന
കാട്ടുപൂവും ചൂടി.
Monday, 25 October 2010
Friday, 3 September 2010
ചാക്രികം
നിന്റെ ചുണ്ടിന്‍ കോണിലൊളിപ്പിച്ച
പുച്ഛത്തിന്റെ ഭാഷയും, ഭാഷാന്തരവും
നിശബ്ദം കണ്ടിരിക്കുന്ന എനിക്കിതൊന്നും
മനസ്സിലാകാഞ്ഞിട്ടല്ല ;
നിന്റെ മിഴിമുനയിലെ രൌദ്രത്തിന്
എന്നോടുള്ള പകയുടെ തീഷ്ണത
അറിയാഞ്ഞിട്ടുമല്ല,
ബോധപൂര്‍വം നീ വാക്കുകളിലൊളിപ്പിച്ച
മധുരമൂറും, മറുവാക്കിലെ വിഷം
തിരിച്ചറിയാഞ്ഞിട്ടുമല്ല....!
ഓരോ തവണയും
സര്‍വശക്തിയോടെ തുഴയുമ്പോഴും
അകന്നകന്നു പോകുന്നതാണു തീരമെന്ന
തിരിച്ചറിവിലുടഞ്ഞുപോകുന്നതുകൊണ്ടാണ്,
എല്ലാമറിഞ്ഞിട്ടും ഒരുള്‍പ്രേരണയാലൊരൂഴംകൂടി
തീരംതേടിത്തുഴഞ്ഞിട്ടുമൊടുവിലൊരു-
ജയമെങ്കിലുമെനിക്കുണ്ടെങ്കില്‍
നിന്നോടീയീര്‍ഷ്യയെല്ലാം തീര്‍ക്കാന്‍,
വായ്ക്കുരുചിയായി നാലുവാക്കു നന്നായിപ്പറഞ്ഞു
സുഖമായിട്ടൊന്നുറങ്ങണമെന്നുള്ളിലിച്ഛയാലീ-
നിലയില്ലാവെള്ളത്തിലിങ്ങനെ
നിന്റെ ധാര്‍ഷ്ട്യവും,ധിക്കാരവും,
തെറിത്തുപ്പും മടുത്ത്
തുടങ്ങിയേടത്തുതന്നെ
മടങ്ങിയെത്തുന്നതാണീ-
ചാക്രികജീവിതം.
Monday, 31 May 2010
നിശബ്ദതയുടെ തിരക്കഥ.
നിന്നോടുപറയാനുള്ളതു
പറഞ്ഞു തുടങ്ങിയാല്‍
ഒഴുകിപ്പടരുന്ന ലാവാ-
പ്രവാഹമായി അതുമാറും.
പക്ഷേ, പറയാനുള്ളതെല്ലാമിങ്ങനെ
അടക്കിവച്ച്, ശീതീകരണിയുടെ
ഒടുങ്ങാത്ത മുരള്‍ച്ചയില്‍
പിറുപിറുക്കലുകളെ ഒളിപ്പിച്ചുവച്ചിങ്ങനെ
ചിരിച്ചും,നടിച്ചും വേഷപ്പകര്‍ച്ചകളിലൂടിങ്ങനെ
തള്ളിനീക്കുന്നതാണു ജീവിതമെന്നു-
മുന്നേ അറിയാതെ പോയതാണ്.
ഇടച്ചുമരിനപ്പുറത്തെ
യൌവ്വനവൈധവ്യത്തിന്റെ
തേങ്ങലിനുചെവിയോര്‍ക്കുന്നത്
നീ ഒളികണ്ണാല്‍ കണ്ടതുകൊണ്ടുമാത്രം
നിന്റെ മുന്നിലര്‍ത്‍ഥശൂന്യമാകുന്ന
വാക്കുകളില്‍ സ്വയം മടുത്ത്,
ഇനി ജീവിതാന്ത്യം വരെ
ചോദ്യമുനകളില്‍ കുടുങ്ങിക്കിടക്കേണ്ടതാണ്.
അയലത്തിരുപിഞ്ചുപൈതങ്ങളെ
മാറോടടക്കി വിശപ്പിനോടും,
തന്റെ പ്രണയാന്ത്യജീവിതത്തോടും,
ചുറ്റിലും കത്തിയാളുന്ന മൃഗതൃഷ്ണയോടും
കലഹിച്ചുവശംകെട്ടവളെ,
കരുണാര്‍ദ്രമിഴികളാല്‍
പുതപ്പിച്ചതുകൊണ്ടുമാത്രം
നിന്റെ ഘനപ്പെട്ട വാക്കുകളോടും
നെറികെട്ടതുറിച്ചുനോട്ടത്തോടും
നിസ്സഹായമായി തോല്‍ക്കുമ്പോഴൊക്കെ
നെഞ്ചുമുറിഞ്ഞ്, മകളെ
മാറോട് ചേര്‍ത്തുനിര്‍ത്തി
വിതുമ്പിപ്പോകുന്നതാണ്.
"എന്നിലേക്കെന്നാണുനീ
മടങ്ങുന്നതെന്നു" നിന്റെ
ഇന്നത്തെ എസ്സെമ്മെസ്സുകൊണ്ട്
നീ ഓര്‍മ്മിപ്പിച്ചത് നമ്മുടെ
മകളുടെ തേങ്ങുന്ന മുഖമാണ്;
എന്റെ എല്ലാതോല്‍വിയിലും
ഇങ്ങനെയൊരു നിസ്സഹായതയുണ്ടെന്ന്
നീ അറിയാതെ പോയതെന്ത്?
ഓരോതവണയും
കൂടുതലടുക്കാനായി,
നിന്നിലേക്കെന്നെ ചേര്‍ത്തുനിര്‍ത്താനായി
നീ വിതറുന്ന കുടുക്കുകളില്‍
കുടുങ്ങി ചോരവാര്‍ന്നിങ്ങനെ
നിന്നില്‍നിന്നകലുകയാണെന്ന്
ഓര്‍ക്കാതെപോകുന്നതെന്താണ്.
Friday, 5 March 2010
ബാക്കിയാകുന്നത്.....
പൊടിക്കാറ്റില്‍ പൊടിഞ്ഞ്,
കനല്‍ച്ചൂടില്‍ കരിഞ്ഞ്,
മൂടല്‍മഞ്ഞിലുറഞ്ഞലിഞ്ഞ്
ഇല്ലാതാകുമെന്നുകരുതിയതാണ്.
തിരമാലകളിലുലഞ്ഞുയര്‍ന്ന്,
പത്തേമാരിയില്‍ തലതിരിഞ്ഞ്,
കരകാണണമെന്നുളളിലുറച്ച്
അതിരുകളില്ലാത്ത കാറ്റിനൊപ്പ-
മലഞ്ഞലഞ്ഞിപ്പുറമെത്തിയിട്ട്,
ഇന്നിത്രനാളും ഇടയില്ലാതെ,
പണിചെയ്തു തളര്‍ന്നിട്ടിനി, നാട്ടിലൊരു
ചെറുകൂര പണിഞ്ഞിട്ടതിലൊന്നു-
നീണ്ടുനിവര്‍ന്നുകിടക്കണം ശിഷ്ടനാള്‍.
അരവയര്‍ നിറയാതിരുന്നയെന്‍-
നാളുകളിനി വരാതിരിക്കണം
കുട്ടികള്‍ക്കെന്നേ നിനച്ചുള്ളൂ,അന്നീയുരു-
വിലൊന്നിലേറിയിട്ടിക്കരെയിറങ്ങുമ്പോള്‍.
ഇപ്പോളില്ലായ്മയില്ല,ല്ലലില്ല,ഴലില്ല,
നന്നായിട്ടുണ്ടു ജീവിതമുറ്റവര്‍ക്കെല്ലാം,
ഇനി,മദ്ധ്യാഹ്നം കഴിഞ്ഞീവേളയി-
ലുത്സാഹിച്ചുണ്ടാക്കണമൊരുകൂരയെന്‍
ബീവിക്കും കുട്ട്യോള്‍ക്കുമുറങ്ങുവാന്‍.
ഒരുവേളയെന്‍ വിയര്‍പ്പുവീണു കുതിര്‍ന്നയീ-
മണ്ണില്‍ത്തന്നെയാകാം അവസാന ഉറക്ക-
മെങ്കിലുമിനിയുമുണ്ടൊരു സ്വപ്നം ബാക്കിയെന്‍
ചെറുകൂരയിലൊരുനാളുറങ്ങണം.
കനല്‍ച്ചൂടില്‍ കരിഞ്ഞ്,
മൂടല്‍മഞ്ഞിലുറഞ്ഞലിഞ്ഞ്
ഇല്ലാതാകുമെന്നുകരുതിയതാണ്.
തിരമാലകളിലുലഞ്ഞുയര്‍ന്ന്,
പത്തേമാരിയില്‍ തലതിരിഞ്ഞ്,
കരകാണണമെന്നുളളിലുറച്ച്
അതിരുകളില്ലാത്ത കാറ്റിനൊപ്പ-
മലഞ്ഞലഞ്ഞിപ്പുറമെത്തിയിട്ട്,
ഇന്നിത്രനാളും ഇടയില്ലാതെ,
പണിചെയ്തു തളര്‍ന്നിട്ടിനി, നാട്ടിലൊരു
ചെറുകൂര പണിഞ്ഞിട്ടതിലൊന്നു-
നീണ്ടുനിവര്‍ന്നുകിടക്കണം ശിഷ്ടനാള്‍.
അരവയര്‍ നിറയാതിരുന്നയെന്‍-
നാളുകളിനി വരാതിരിക്കണം
കുട്ടികള്‍ക്കെന്നേ നിനച്ചുള്ളൂ,അന്നീയുരു-
വിലൊന്നിലേറിയിട്ടിക്കരെയിറങ്ങുമ്പോള്‍.
ഇപ്പോളില്ലായ്മയില്ല,ല്ലലില്ല,ഴലില്ല,
നന്നായിട്ടുണ്ടു ജീവിതമുറ്റവര്‍ക്കെല്ലാം,
ഇനി,മദ്ധ്യാഹ്നം കഴിഞ്ഞീവേളയി-
ലുത്സാഹിച്ചുണ്ടാക്കണമൊരുകൂരയെന്‍
ബീവിക്കും കുട്ട്യോള്‍ക്കുമുറങ്ങുവാന്‍.
ഒരുവേളയെന്‍ വിയര്‍പ്പുവീണു കുതിര്‍ന്നയീ-
മണ്ണില്‍ത്തന്നെയാകാം അവസാന ഉറക്ക-
മെങ്കിലുമിനിയുമുണ്ടൊരു സ്വപ്നം ബാക്കിയെന്‍
ചെറുകൂരയിലൊരുനാളുറങ്ങണം.
Saturday, 6 February 2010
ഉടല്‍ ഉരിയുന്നത്...
മുരളുന്ന ശീതീകരണിക്കു താഴെ
നരച്ച ചായം തേച്ച ചുവരില്‍,
ബോധിവൃക്ഷച്ചുവട്ടില്‍
നിത്യദു:ഖത്തിന്റെ പൊരുള്‍തേടി
സമാധിസ്ഥനായ ബുദ്ധന്റെ ചിത്രം.
എതിര്‍ഭിത്തിയില്‍ കൂട്ടം തെറ്റിയ
പേടമാനെ വേട്ടയാടുന്ന
കടുവയുടെ എണ്ണച്ഛായചിത്രം.
താഴെ-
നീലയില്‍ വെള്ളപൂക്കളുള്ള
വിരിപ്പിട്ട കിടക്കയില്‍
മുറുവേറ്റുപിടയുന്ന വേട്ടമൃഗം,
ശോണിത സ്പര്‍ശത്താല്‍
ചുവന്നൂ വെള്ളപ്പൂക്കള്‍;
ഹൃദയച്ചുവരില്‍ നിരനിരെ
നാല്പതുവേട്ടമൃഗങ്ങളുടെ
ചില്ലിട്ടചിത്രങ്ങള്‍.
വേലിയാണു വിളവുണ്ടതെങ്കിലും
കരഞ്ഞു തീര്‍ത്തിവള്‍ ‘പാപ’ജീവിതം
സ്വയം തീര്‍ത്ത കാരാഗ്രഹകൂട്ടില്‍.
“ഒഴിവുവേളയിലോടിമാറാത്തതെന്തേ ?
ഒച്ചവെയ്ക്കാത്തതെന്തേ ?” കുരിശി-
ലാഴ്ത്താനുറച്ചവര്‍ക്കുത്തരം-
നല്‍കുവാനാകാത്ത ചോദ്യങ്ങളായിരം.
* * *
കോടതിഭിത്തിയില്‍ ചില്ലിനുപിന്നില്‍
ഗാന്ധിജി നില്പൂ സഗൌരവം;
പഴകിയ, പാഴ്പുസ്തകങ്ങള്‍ക്കുള്ളിലായ്
കണ്ണുകള്‍ കെട്ടി, ഇടം കൈയിലൊരു
തുലാസ്,നിശ്ചലം.
നീലയില്‍ ചുവന്നപൂക്കളുള്ള
ചുരീദാറില്‍,കൂട്ടില്‍ തലകുമ്പിട്ടവള്‍
ചുറ്റിലും കണ്ണുകള്‍,സാകൂതം,കൌതുക-
ക്കാഴ്ചകാണാന്‍,കേള്‍ക്കാന്‍ കുതൂഹലം.
മിഴിക്കോണിലൂടെക്കാണാം
ചോദ്യമുനയുമായ് കറുത്തകുപ്പായങ്ങള്‍,
വീണ്ടുമാപുള്ളിപ്പാവാടച്ചരടുകളഴിയുന്നു
തിരുവുടലുരിയുന്നു,വീണ്ടുമവസാന-
വേട്ടനായെത്തും വരെ വിചാരണോത്സവം;
“ആദ്യമൂരിയ കുടുക്കേത് ? ആഴ്ത്തിയ നഖമേത് ?
സാക്ഷികളാരാനുമുണ്ടോ കണ്ട -
തണുവിടതെറ്റാതെ ചൊല്ലുവാന്‍ ?”
കൂട്ടില്‍ നഗ്നയായ് നിന്നവള്‍.
ചുറ്റുമാര്‍ത്തുചിരിക്കുന്ന കണ്ണുകള്‍,എത്ര-
ഭേദം,നാലുചുവരിനുള്ളിലെ പീഢനം
“ഭൂമി പിളര്‍ന്നൊന്നു താഴണേ ദൈവമേ”
ബോധമറ്റുനിപതിച്ചവള്‍ കൂട്ടില്‍
ഭാഗ്യം, കൂടിനിന്നവര്‍ നെടുവീര്‍പ്പിട്ടു,
പറ്റിയില്ലൊരുകേടും വീഴ്ചയില്‍ തുലാസിനും,
കണ്ണിന്‍ കെട്ടഴിഞ്ഞിട്ടില്ല,
ഹൊ..നീതിദേവത കാത്തു.
Monday, 11 January 2010
ഇന്‍ബോക്സില്‍ നിറയുന്നത്..
സ്നേഹത്തെക്കുറിച്ച്
ഓര്‍ക്കുന്നതെപ്പോഴാണ്?
മൊബൈലിന്റെ ഇന്‍ബോക്സില്‍
നിന്റെ വോയിസ്മെസേജ്
നിറയുമ്പോഴോ ?
ചാറ്റ്റൂമില്‍
ത്രസിപ്പിക്കുന്ന വാക്കുകള്‍കൊണ്ട്
കൊതിപ്പിക്കുമ്പോഴോ?
വെബ്കാമില്‍
വിളയിച്ചെടുത്ത മാദകത്വത്തില്‍
തുളുമ്പിനിറയുമ്പോഴോ ?
ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കുശേഷം
"ആദം& ഈവ്" റിസോര്‍ട്ടില്‍
ആപ്പിള്‍ കഴിച്ചുറങ്ങുമ്പൊഴോ?
അല്ലാത്തപ്പോഴൊക്കെ
സൂസണും, റസിയയും,
തനൂജാ.സി.മേനോനും
അവരുടെ വിരസതകളില്‍
ഓര്‍മ്മപ്പെടുത്തുന്ന സ്നേഹത്തില്‍
മതിമറക്കാറാണു പതിവ്.
Subscribe to:
Posts (Atom)