സാക്ഷിയായവര്‍...

blog counter

Monday, 31 May, 2010

നിശബ്ദതയുടെ തിരക്കഥ.

നിന്നോടുപറയാനുള്ളതു

പറഞ്ഞു തുടങ്ങിയാല്‍
ഒഴുകിപ്പടരുന്ന ലാവാ-
പ്രവാഹമായി അതുമാറും.
പക്ഷേ, പറയാനുള്ളതെല്ലാമിങ്ങനെ
അടക്കിവച്ച്, ശീതീകരണിയുടെ
ഒടുങ്ങാത്ത മുരള്‍ച്ചയില്‍
പിറുപിറുക്കലുകളെ ഒളിപ്പിച്ചുവച്ചിങ്ങനെ
ചിരിച്ചും,നടിച്ചും വേഷപ്പകര്‍ച്ചകളിലൂടിങ്ങനെ
തള്ളിനീക്കുന്നതാണു ജീവിതമെന്നു-
 മുന്നേ അറിയാതെ പോയതാണ്.


ഇടച്ചുമരിനപ്പുറത്തെ

യൌവ്വനവൈധവ്യത്തിന്റെ
തേങ്ങലിനുചെവിയോര്‍ക്കുന്നത്
നീ ഒളികണ്ണാല്‍ കണ്ടതുകൊണ്ടുമാത്രം
നിന്റെ മുന്നിലര്‍ത്‍ഥശൂന്യമാകുന്ന
വാക്കുകളില്‍ സ്വയം മടുത്ത്‌,
ഇനി ജീവിതാന്ത്യം വരെ
ചോദ്യമുനകളില്‍ കുടുങ്ങിക്കിടക്കേണ്ടതാണ്.


അയലത്തിരുപിഞ്ചുപൈതങ്ങളെ

മാറോടടക്കി വിശപ്പിനോടും,
തന്റെ പ്രണയാന്ത്യജീവിതത്തോടും,
ചുറ്റിലും കത്തിയാളുന്ന മൃഗതൃഷ്ണയോടും
കലഹിച്ചുവശംകെട്ടവളെ,
കരുണാര്‍ദ്രമിഴികളാല്‍
പുതപ്പിച്ചതുകൊണ്ടുമാത്രം
നിന്റെ ഘനപ്പെട്ട വാക്കുകളോടും
നെറികെട്ടതുറിച്ചുനോട്ടത്തോടും
നിസ്സഹായമായി തോല്‍ക്കുമ്പോഴൊക്കെ
നെഞ്ചുമുറിഞ്ഞ്, മകളെ
മാറോട് ചേര്‍ത്തുനിര്‍ത്തി
വിതുമ്പിപ്പോകുന്നതാണ്.


"എന്നിലേക്കെന്നാണുനീ

മടങ്ങുന്നതെന്നു" നിന്റെ
ഇന്നത്തെ എസ്സെമ്മെസ്സുകൊണ്ട്
നീ ഓര്‍മ്മിപ്പിച്ചത് നമ്മുടെ
മകളുടെ തേങ്ങുന്ന മുഖമാണ്;
എന്റെ എല്ലാതോല്‍‌വിയിലും
ഇങ്ങനെയൊരു നിസ്സഹായതയുണ്ടെന്ന്
നീ അറിയാതെ പോയതെന്ത്?


ഓരോതവണയും

കൂടുതലടുക്കാനായി,
നിന്നിലേക്കെന്നെ ചേര്‍ത്തുനിര്‍ത്താനായി
നീ വിതറുന്ന കുടുക്കുകളില്‍
കുടുങ്ങി ചോരവാര്‍ന്നിങ്ങനെ
നിന്നില്‍നിന്നകലുകയാണെന്ന്
ഓര്‍ക്കാതെപോകുന്നതെന്താണ്.

14 comments:

ചിന്തകന്‍ said...

ഒരു തവണ വായിച്ചു.
ഒന്നു കൂടി വായിക്കണം.. ട്യൂബ് ലൈറ്റാ :)

Siva / കുമാര്‍ said...

മടക്കയാത്രയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഏപ്പോഴും എനിക്ക് സന്തോഷം മാത്രമേ തരുകയുള്ളൂ !

കൂടുതല്‍ കമന്റിടാന്‍ മാത്രം ഞാന്‍ ആയിട്ടില്ല :-)

അരുണ്‍ കായംകുളം said...

ചിന്തകന്‍ പറഞ്ഞ പോലെ ഒന്നൂടെ വായിച്ച് നോക്കട്ടെ :)

ഉറുമ്പ്‌ /ANT said...

എന്റെ എല്ലാതോല്‍‌വിയിലും
ഇങ്ങനെയൊരു നിസ്സഹായതയുണ്ടെന്ന്
നീ അറിയാതെ പോയതെന്ത്?

അതെ, എല്ലാ തോല്‍‌വികളും തോല്‍‌വികളല്ല, വല്ലപ്പോഴുമെങ്കിലും നീയൊന്നു ജയിച്ചോട്ടേ എന്നു കരുതി കനിയുന്ന കരുണാര്‍ദ്രമായ കീഴടങ്ങലാണ്..

വിരഹം അടിച്ചേല്‍‌പ്പിക്കപ്പെട്ട പ്രവാസികള്‍‌ക്കു സമര്‍പ്പിക്കപ്പെടേണ്ട കവിത. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു; വിരഹം അടിച്ചേല്‍പ്പിക്കപ്പെട്ടതോ വരമായി ചോദിച്ചു വാങ്ങിയതോ?

സുനില്‍ കെ. ചെറിയാന്‍ said...

അച്ഛന്‍-ഭര്‍ത്താവ് വ്യൂഹത്തില്‍ നട്ടം തിരിയുന്ന പ്രവാസിയുടെ നെടുവീര്‍പ്പുകള്‍ക്കിടയില്‍ തെളിയുന്ന മറ്റൊരു മുഖം- പരാജിതനാവുന്ന പുരുഷന്‍.

Naushu said...

പ്രവാസിയുടെ നെടുവീര്‍പ്പുകള്‍ ആണെന്ന് മനസ്സിലായി...
കാരണം, ഞാനും അവരില്‍ ഒരുവനാണ്.
എന്തായാലും കവിത നന്നായിട്ടുണ്ട്...

വീ.കെ.ബാല said...

വായിച്ചു.......,

Kalavallabhan said...

"നിന്നോടുപറയാനുള്ളതു
പറഞ്ഞു തുടങ്ങിയാല്‍
ഒഴുകിപ്പടരുന്ന ലാവാ"

അനൂപ്‌ കോതനല്ലൂര്‍ said...

മടങ്ങുന്നതെന്നു" നിന്റെ
ഇന്നത്തെ എസ്സെമ്മെസ്സുകൊണ്ട്
നീ ഓര്‍മ്മിപ്പിച്ചത് നമ്മുടെ
മകളുടെ തേങ്ങുന്ന മുഖമാണ്.
പലപ്പോഴും നമ്മെ കൂട്ടികൊണ്ട് പോകുന്നത് ആ രക്ത ബന്ധങ്ങൾ തന്നെയാണ്.

Mukil said...

നല്ലൊരു കവിതയാണിത്.

ury said...

ചങ്ങാതീ,
ആകാശം ഇടിഞ്ഞു വീഴുന്നതിനു മുമ്പേ ഓടി രക്ഷപ്പെട്ട കാട്ടുമുയലാണ് നീ! കവിത അകമുറികളിലുറങ്ങുന്ന വിഷ്ണു നാരായണന്‍നമ്പൂതിരി മാരുടെതല്ല , അത് തെരുവിലുറങ്ങുന്ന അയ്യപ്പന്മാരുടെതാണ്. ഒരിക്കല്‍ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ തെരുവിലിരുന്ന്‍ കവിത ചൊല്ലി വിശപ്പടക്കും കാലം വരും. അതുവരേക്കും നിന്നിലെ തീ അണയാതിരിക്കട്ടെ.
ദളിത്‌ എഴുത്തിനും, പെണ്‍പക്ഷ എഴുത്തിനും, ശേഷം പ്രവാസ എഴുത്തിന്റെ * ആടുജീവിത * ങ്ങള്‍ക്കാണിപ്പോള്‍ അങ്ങാടി നിലവാരം. പുറത്താക്കപ്പെട്ടവന്റെ വിയര്‍പ്പിനും, നിശ്വാസങ്ങള്‍ക്കും സൂചിക ഇടിയാതിരിക്കട്ടെ.

DHARMARAJ MADAPPALLY

sushamaraman said...

*നീ വിതറുന്ന കുടുക്കുകള്‍* മനസ്സിലയില്ല, മറ്റെല്ലാം മനസ്സിലായി എന്നു അഹങ്കരിക്കുന്നു!!!!

sugathan said...

കവിത എനിക്കത്ര വഴങ്ങില്ല.

Anonymous said...

വൈധവ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ കവിതയെന്ന് മനസ്സിലായി..ചില ബിംബങ്ങളില്‍ കണ്‍ഫ്യൂഷന്‍ അനുഭവപ്പെട്ടു....