സാക്ഷിയായവര്‍...

blog counter

Thursday 24 September, 2009

അളവുകോല്‍


നമുക്കിടയിലില്ലാതിരുന്നത്
അതിരുകള്‍ വേര്‍തിരിച്ച സൌഹൃദം.
തോളത്തു വച്ച കൈകള്‍
താങ്ങാവുമെന്നും ,
ഊഷ്മളാശ്ലേഷത്തില്‍
പ്രപഞ്ചം കീഴടക്കാമെന്നും,
സ്വപ്നശൈലങ്ങളില്‍ നിന്നും
നീലമേഘഞോരികളിലൂടെ
പറക്കാമെന്നും,
കൊതിച്ചിട്ടുണ്ടു ഞാന്‍ .
സിഗരറ്റിന്റെ അവസാനത്തെ പുകയും,
അവസാന മദ്യതുള്ളിയും,
പങ്കുവെച്ച്-
യാഥാര്‍ത്ഥ്യങ്ങളെ നേര്‍ത്ത
തിരശീല കൊണ്ടുമറച്ച്
ഒന്നായിരുന്നു നാം.

തികഞ്ഞ സൌഹൃദ -
മെയ്‌വഴക്ക വൈഭവത്തിലാണ്
എന്റെ സ്നേഹദൌര്‍ബല്യങ്ങളെ
നിനക്കളക്കാനായത്‌;
ചുടലി മുള്‍ക്കാട്ടിലേക്കെന്നെ
വലിച്ചെറിയാനായത്‌.
ഹൃദയഭിത്തിയില്‍ പതിപ്പിച്ചു നിന്നേ
അളവെടുപ്പില്‍ പിഴക്കാതിരിക്കുവാന്‍.




ചിത്രം-രൂപകല്‍പ്പന സജിവ്പുനലൂര്‍

15 comments:

ഉറുമ്പ്‌ /ANT said...

you can forgive your enimies
but dont forget their names.

എന്ന് എവിടെയോ വായിച്ചതോർക്കുന്നു.

നന്നായി അളവുകോൽ.

Junaiths said...

ആശംസകള്‍..

ഷൈജു കോട്ടാത്തല said...

അതിശയോക്തികളില്ലാത്ത ഒരു കവിത
കൂടുതല്‍ പറയുവാനുള്ള നിരൂപണ വൈഭവം ഇല്ല

Anil cheleri kumaran said...

കൊള്ളാം. ഇഷ്ടപ്പെട്ടു.

കുളക്കടക്കാലം said...

ഷിജു,കുമാരന്‍,ജുനൈദ്,
നമ്മള്‍ക്കൊപ്പം നടന്നവന്‍,ഉള്ളറിഞ്ഞവന്‍,അവനെ
നാം സുഹൃത്ത് എന്നു വിളിക്കും.നമ്മുടെ ദൌര്‍ബല്യങ്ങളില്‍ തുണക്കും;ഒപ്പം ആവനാഴിയില്‍ ഒരംബായി കരുതും,ഒരവസരത്തിനായി കാതോര്‍ത്തിരിക്കും,അടിതെറ്റിപ്പോയ വീഴ്ച്ഴ്കളുടെ വേദന അറിയാത്തവരായി എത്രപേര്‍ ?...ഓരോ അളവുകോലും പിഴക്കുന്നു..!. ഉറുമ്പേ,
ഒരു ഞൊടിയിടക്കുള്ളില്‍ എത്രപേര്‍
വന്നുനിറഞ്ഞു അറിയാതെ ഓര്‍മയില്‍

കണ്ണനുണ്ണി said...

നന്നായിട്ടോ അളവുകോല്‍

കുളക്കടക്കാലം said...

സ്നേഹമുണ്ട് കണ്ണനുണ്ണി,പതിവ്
സന്ദര്‍ശനങ്ങള്‍ക്കും പകരുന്ന ഊര്ജത്തിനും...

പള്ളിക്കുളം.. said...

“കപടസ്നേഹിതാ നിന്നോടു ജീവിത
വ്യഥകൾ ചൊല്ലി പരാജയപ്പെട്ടുഞാൻ.
തെരുവിൽ വെച്ചു നീ കാണുമ്പോഴൊക്കെയും
പുഞ്ചിരി വിരിക്കുന്നു മുൻ‌വരിപ്പല്ലിനാൽ
കീശയിൽ കയ്യിട്ട് കുരുതി ചെയ്യുവാൻ ആയുധം തേടുന്നു..”

ഇങ്ങനെയൊക്കെ എവിടെയോ കേട്ടിട്ടുണ്ട്.
എന്നുവെച്ച് അളവുകോലുമായി ജീവിക്കാനാകുമോ?
:)
ഇനിയും വരാം..

Deepa Bijo Alexander said...
This comment has been removed by the author.
Deepa Bijo Alexander said...

"തികഞ്ഞ സൌഹൃദ -
മെയ്‌വഴക്ക വൈഭവത്തിലാണ്
എന്റെ സ്നേഹദൌര്‍ബല്യങ്ങളെ
നിനക്കളക്കാനായത്‌;
ചുടലി മുള്‍ക്കാട്ടിലേക്കെന്നെ
വലിച്ചെറിയാനായത്‌."


"പാത്രമറിഞ്ഞു വേണം ഭിക്ഷ നൽകാൻ "എന്നു കേട്ടിട്ടുണ്ട്‌"...സ്നേഹം,സൗഹൃദം ,ഒക്കെ അർഹിക്കുന്നവർക്കു മാത്രമേ കൊടുക്കാവൂ എന്നു തോന്നുന്നു...ഇല്ലെങ്കിൽ....

ജീവിതത്തോടു ചേർന്നു നിൽക്കുന്ന വരികൾ....

കുളക്കടക്കാലം said...

പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
പല നിറങ്ങളില്‍ നിന്റെ മുഖം മൂടി
സുഖദം ആത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന വേഷവും,ഭാഷയും.
എന്നു കുരീപ്പുഴയും,
വീതികൂട്ടി ചിരിക്കുമ്പോള്‍ ഉള്ളില്‍
വീതുളി തേച്ചുമൂര്‍ച്ചകൂട്ടുന്നു
എന്നു കടമ്മനിട്ടയും പാടിയിട്ടുണ്ട് അതിനുശേഷവും
കപടസ്നേഹിതരുടെ എണ്ണം കുറഞ്ഞിട്ടില്ല:ഒരു പക്ഷെ
കൂടിയിട്ടെയുള്ളൂ.എല്ലാ പാട്ടുകളും പാടാന്‍ മാത്രമുള്ളതാണല്ലോ
പള്ളിക്കുളം.

കുളക്കടക്കാലം said...

ഓരോ അനുഭവ പാഠത്തില്‍ നിന്നും സ്വയം നിര്‍മ്മിച്ച അളവുകോലുകള്‍ അങ്ങനെതന്നെ അവശേഷിക്കുകയും,പുതിയ
പാഠങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുകയുമല്ലേ നാം...ദീപ..പഠിച്ചിട്ടും പഠിക്കാത്തവര്‍

Vinodkumar Thallasseri said...

ഓരോരുത്തരുടെ കീശയിലുമുണ്ട്‌ ആരും കാണാതെ ഒളിച്ച്‌ വെച്ച അളവുകോലുകള്‍. ഫലമോ ആരും ഒന്നും നമ്മുടെ അളവില്‍ ശരിയായിക്കിട്ടുന്നില്ല. നമ്മളോ ഒറ്റയാന്‍മാരായി കഴിയുന്നു, ആരെയും കുത്തുമലര്‍ത്താന്‍ തയ്യാറായി.

കവിത നന്നായി.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പാത്രമറിഞ്ഞു വേണം ഭിക്ഷ നല്‍കാനെന്നു പഴമൊഴികളില്‍ കേട്ടിട്ടുണ്ട് ..

കുളക്കടക്കാലം said...

തല്ലശ്ശേരി.ശാരദ,
പഴമൊഴികള്‍,അളവുപാത്രങ്ങള്‍.. ഇതൊക്കെ ഉണ്ടായിട്ടും പലപ്പോഴും പിഴക്കുകയാണല്ലോ കണക്കുകള്‍.....