സാക്ഷിയായവര്‍...

blog counter

Thursday 1 October 2009

പൌരബോധം


സ്കൂളിലവസാന പിരീഡില്‍
പൌരബോധം പഠിപ്പിച്ച മാഷ്‌
പാതയോരത്തൊരു-
ടിപ്പര്‍ലോറിക്കടിപ്പെട്ടുപോയി;
പതിവു പ്രഭാതസഞ്ചാര-
വേളയില്‍ റോഡിന്നോരം പറ്റി-
നീങ്ങുന്ന സാധുവിന്‍ പിന്നിലൂ-
ടെത്തി മരണം, ഞൊടിയിടെ.


ഇന്നലെ സന്ധ്യയ്ക്കു ജംഗ്ഷനില്‍
പരിസ്ഥിതി മീറ്റിംഗില്‍
പൊലിയുന്ന ഭൂമിതന്‍ സങ്കടം
ചൊല്ലിത്തിളച്ചത്രേ മാഷീവയസ്സിലും.
"മണ്ണിനും പെണ്ണിന്‍ ഗതി
നിര്‍ദ്ദയ മുരിയുമുടയാടകള്‍,
ചിരിച്ചു ദുശ്ശാസ്സനര്‍,
പൊരുതാനറയ്ക്കുന്നതെന്തുനാം ?
കൂട്ടിക്കൊടുപ്പുകാര്‍-
വിലപേശി വില്‍ക്കുമ്പോള്‍
കുന്നിറങ്ങുന്നുണ്ടു ലോറിയില്‍,
പുഴകളൊഴുകി നിറയുന്നു ടാങ്കറില്‍,
മണലുതിന്നുന്നു ഫ്ലാറ്റുകള്‍ ,
ഗന്ധകം മണത്തുചിതറുന്നു
കരിമ്പാറക്കോട്ടകള്‍."

പരാതിക്കുടുക്കില്‍ മടുത്ത ശകുനിമാര്‍
കരുതിവച്ചോരടിവില്ലിതൊന്നതില്‍
ഈച്ചയാര്‍ത്തു കിടപ്പുണ്ടിതിന്നൊരാള്‍
തെരുവോരത്തു ചതഞ്ഞതെച്ചിപ്പൂക്കള്‍.


മിഴിയുയര്‍ത്തേണ്ട...കണ്ടുപോം
തെരുവോരത്തീയിടെ-
വിരിയുന്നുണ്ടേറെപ്പൂക്കള്‍
ചെഞ്ചോര ചുവപ്പുമായ്‌ ;
പറയുന്നുണ്ടതിമൂകം
പൌരബോധപ്പെരുമകള്‍.  

7 comments:

കുളക്കടക്കാലം said...

എനിക്കും ഞാന്‍ ജീവിക്കുന്ന സമൂഹത്തിനും വേണ്ടി സ്വന്തം ജീവിതം ഇങ്ങനെ സമര്‍പ്പിച്ചുപോയ എത്രപേര്‍?.അപകടമരണമായി എഴുതിതള്ളിയവ ....

കണ്ണുകള്‍ said...

നേരു പറയുന്നവനെ....നാവരിയുമായിരുന്നു, പണ്ട്.
ഇന്ന് ഇങ്ങനെ...

പക്ഷെ...നമുക്ക് പറയാം,
അവരിവിടെ മരിക്കില്ലന്ന്, നമുക്ക് നാവുള്ളിടത്തോളം അവരുടെ ശബ്ദം നിലയ്ക്കില്ലന്ന്...

കവിത നന്നായി മാഷെ, ഇപ്പോള്‍ പറയേണ്ടതു തന്നെ.

കണ്ണനുണ്ണി said...

ഈ മാഷേ പോലെ ഒരുപാട് പേര്‍ ഉണ്ട് നമുക്കിടയിലും...നമുക്കുള്ളിലും ഒക്കെ..
കാലിക പ്രസക്തിയുള്ള വിഷയം എന്നതിനപ്പുറം....മനോഹരമായ ഭാഷ...
it is conveying the message strongly..

siva // ശിവ said...

ഇത് നമ്മുടെ സ്വന്തം നാടല്ലേ! ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ...

Jayesh San / ജ യേ ഷ് said...

inganeyokkeya paurabodham varunanthu

t p sudhakaran said...

Neethi bodhathinte maranam......
Naaleyude koombu adayukayano?
tps

കുളക്കടക്കാലം said...

എന്റെ കണ്മുമ്പില്‍ ഉള്ളത്‌ ഞാനെങ്ങനെ കാണാതെ പോകും,കണ്ണനുണ്ണി,ജയേഷ്,കണ്ണുകള്‍,ടി.പി.എസ്.,ശിവ.. നന്ദി, ഇതുവഴി വന്നതിന്, ഈ ചോരപ്പൂക്കളെ മുഖമുയര്‍ത്തി നോക്കിയതിന്....