ഉടഞ്ഞശംഖിലേക്കുരുക്കി ഞാന്‍ വീഴ്ത്തും
തെളിഞ്ഞ കണ്ണീരാല്‍ കുരുതിനേരുന്നു.
ഇരുണ്ട വാനിലങ്ങടിമയായ് ചുറ്റും-
തെളിഞ്ഞ താരമേ മിഴിതുറക്കുക.
നിറഞ്ഞ കണ്ണുകള്‍ക്കുറവതേടി ഞാന്‍
നിലച്ച ക്ലോക്കിന്‍മേലിടിച്ചു വീഴുന്നു.
ചിതറിവീണൊരീ നിണമണിഞ്ഞതില്‍
തെളിഞ്ഞ മഞ്ചാടി പകുത്തു മാറ്റുന്നു.
നിറഞ്ഞ മാറിലേക്കമര്‍ത്തി ഞാന്‍ വച്ച-
'വിശുദ്ധമാല' യെന്‍ കരളുതിന്നുന്നു.
നിരത്തു വക്കിലങ്ങലയും പെണ്ണിന്റെയു -
യുടുപ്പുചുട്ടുഞാന്‍ വിശപ്പടക്കുന്നു
വിരിഞ്ഞ കാട്ടുപൂവിറുത്തു ഞാനിന്നെന്
കൊഴിഞ്ഞ ബാല്യത്തിന് ശവപ്പെട്ടിയില്‍വച്ചു.
തിരിച്ചുപോരുമ്പോളിരുട്ടിലെന്‍ മിഴി-
ക്കോണുതട്ടിയാക്കുരിശുടഞ്ഞുപോയ്.
കഴിഞ്ഞ സന്ധ്യതന്‍ ശവക്കുഴിക്കുമേല്‍
പറന്നുവീണോരരിപ്പിരാവേ നിന്റെ-
ശവമടക്കിന്റെ മണിമുഴക്കത്തിലലിഞ്ഞു -
ചേര്‍ന്ന് ഞാന്‍ പുതിയതാളമായ്.
കറുത്തവാവിലെ ആയില്യമായി-
ട്ടെഴുതിജാതകം, പിഴച്ച ജീവിതം.
കടന്ന ജീവിതവഴികളില്‍ വേനല്‍
ശിരസ്സിലേറ്റിയേന്‍ കുളിരുമേറുന്നു.
ചിരിയില്‍ പൂത്തൊരീ ചുവന്നലില്ലിയില്‍
പുഴുവിരുന്നെന്റെ ചിറി കരളുന്നു.
ചുമലിലേറ്റിയ കുശുമ്പു,കുന്നായ്മ-
യൊന്നടയിരുന്നു പെറ്ററുപതെണ്ണത്തെ.
കിഴക്കേമൂലയില്‍ പാഴ്മുളക്കൂട്ടം
പെരുമഴയിലും കത്തിയാളുന്നു.
പനിവിറയലില്‍ പുതച്ചു കൊണ്ടു-
ഞാനാമുളഞ്ചോട്ടില്‍ ചൂടുകായുന്നു.
ഇവിടെ ഞാനൊറ്റയ്ക്കരമെടുതെന്റെ
ചിരിച്ച പല്ലിനു മൂര്‍ച്ച കൂട്ടുന്നു.
ഇന്നലെപ്പെറ്റ മയില്‍പ്പീലിക്കുഞ്ഞി-
നിരട്ടയാണഛന്‍ അറിഞ്ഞുവയ്ക്കണം.
ഓര്‍മ്മപ്പുസ്തകം അഴിച്ചുവച്ചതില്‍
കണക്കുകൂട്ടണോ,കിഴിക്കണോ, വയ്യ
ഇടത്തുപാദത്തിലമര്‍ന്ന വേദന
വലത്തുമാറ്റുവാനടവു വേണമോ ?
കടുത്തജിജ്ഞാസ മടുത്തു, ഞാനിനി-
പൊതിയഴിക്കട്ടെ,അഴിച്ചുനോക്കുമ്പോ-
ളഴിഞ്ഞു വീണതെന് മുഖംമൂടി താഴെ,
മിഴിയടച്ചു ഞാനുറങ്ങുവാനിനി-
നേരമായേറെ,മിഴികള്‍ പൂട്ടുക.
Monday, 12 October 2009
Subscribe to:
Post Comments (Atom)
23 comments:
വിശ്വസിക്കാനും,അവിശ്വസിക്കാനും വയ്യാത്ത കാലം...സ്വന്തം നിലപാടു തറകള്ക്കുപോലും സ്വയം വിശദീകരണം സാധ്യമല്ലാതാകുന്നു.വിശദീകരണങ്ങള്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും പക പതഞ്ഞു പൊന്തുന്നു..ഉത്തരംമുട്ടലിന്റെ ജാള്യത ...
കടുത്ത ജിജ്ഞാസ മടുത്തു, ഞാനിനി-
പൊതിയഴിക്കട്ടെ,അഴിച്ചുനോക്കുമ്പോ-
ളഴിഞ്ഞു വീണതെന് മുഖംമൂടി താഴെ,
നന്നായി പറഞ്ഞിരിക്കുന്നു
ഓര്‍മ്മപ്പുസ്തകം അഴിച്ചുവച്ചതില്‍
കണക്കുകൂട്ടണോ,കിഴിക്കണോ, വയ്യ
ഇടത്തുപാദത്തിലമര്‍ന്ന വേദന
വലത്തു മാറ്റുവാനടവു വേണമോ ?..
nannayirikkunnu ...nalla thaalam undu nalla varikalum...aashamsakal...
ഓര്‍മ്മപ്പുസ്തകം അഴിച്ചുവച്ചതില്‍
കണക്കുകൂട്ടണോ,കിഴിക്കണോ, വയ്യ
ഇടത്തുപാദത്തിലമര്‍ന്ന വേദന
വലത്തു മാറ്റുവാനടവു വേണമോ ?
ഒരു കണക്കെടുപ്പ് എപ്പോഴും നല്ലതാണ്...
ഏതവടവാണെടുക്കേണ്ടതെന്ന് തീരുമാനിക്കാമല്ലോ.
മുഖംമൂടികള്‍
മുഖത്ത് പതിഞ്ഞുപോയ കാലത്താണ്
നാം ജീവിക്കുന്നത്...
കവിത ഇഷ്ടമായി
ആശംസകള്‍
കവിത ആയോണ്ടാവാം ഒന്നും മനസ്സിലായില്ല
"കടുത്ത ജിജ്ഞാസ മടുത്തു, ഞാനിനി-
പൊതിയഴിക്കട്ടെ,അഴിച്ചുനോക്കുമ്പോ-
ളഴിഞ്ഞു വീണതെന് മുഖംമൂടി താഴെ.."
ആ തിരിച്ചറിവില്‍ മുകളിലെ പരിവേദനങ്ങള്ക്കാശ്വാസം കണ്ടെത്താമല്ലോ..
വളരെ മനോഹരം..
ഉറുമ്പ്,ഗോപിവെട്ടിക്കാട്ട്,ചിന്തകന്‍,ഗിരീഷ്,
അസ്തിത്വത്തിലാശങ്ക തോന്നിപ്പോകുന്ന
നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് സമകാലിക ജീവിതം കടന്നുപോകുന്നത്.ഓരോ ആശങ്കകള്‍(ഭൂതവും,വര്‍ത്തമാനവും,ഭാവിയും)പലപ്പോഴുംവേട്ടയാടുന്നു.പറഞ്ഞു,പങ്കുവച്ച് പരിഹക്കാമെന്ന വ്യാമോഹം മാത്രം ബാക്കിയാകുന്നു. എന്നിലെ മുഖംമൂടിതന്നെ എനിക്ക് അഴിച്ചുമാറ്റാനാകുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് ആരെയും കുറ്റപ്പെടുത്താന്‍ ആവുന്നുമില്ല. മറ്റൊരു വഴിയില്ലാതെ പതംപറഞ്ഞു 'കരഞ്ഞു' തീര്‍ക്കുന്നു.
സാപ്പി,
അത് സാപ്പിയുടെ കുഴപ്പമല്ല,ഒരു വായനക്കാരനിലേക്ക് കാര്യങ്ങള്‍ കൈമാറാന്‍ ആകുന്നില്ല എന്നത് കവിതയുടെ,അത് എഴുതിയ
ആളിന്റെ പരാജയമാണ്..ഞാന്‍ അത് ഉള്‍ക്കൊള്ളുന്നു.നന്ദി ഈ തുറന്നു പറച്ചിലിന്..
ഓരോ തിരിച്ചറിവും നല്കുന്ന സങ്കടങ്ങളാണ് ശിഹാബ് താല്‍ക്കാലിക ആശ്വാസമെങ്കിലും നല്‍കുന്നത്. സന്തോഷം ഈ സന്ദര്‍ശനത്തിന്...
ഇമേജറികളുടെ ധാരാളിത്തം കുളക്കടയുടെ കവിതയെ അതിസമ്പന്നമാക്കുന്നു. ഇരുണ്ട വാനില്‍, കൊഴിഞ്ഞ ബാല്യം, ഓര്‍മപുസ്തകം അങ്ങനെ ഒരുപാട് ജീര്‍ണ്ണിച്ച പദങ്ങള്‍ കവിതയുടെ മൊത്തം തത്വശാസ്ത്രത്തെ ഒറ്റിക്കൊടുക്കുന്നു. മഴത്തണുപ്പത്ത് മുളച്ചോട്ടില് പനിക്കാരന്‍ തീ കായുന്നത് ഉഗ്രന്‍ വിഷ്വലാണ്
കടുത്ത ജിജ്ഞാസ മടുത്തു, ഞാനിനി-
പൊതിയഴിക്കട്ടെ,അഴിച്ചുനോക്കുമ്പോ-
ളഴിഞ്ഞു വീണതെന് മുഖംമൂടി താഴെ,
മിഴിയടച്ചു ഞാനുറങ്ങുവാനിനി-
നേരമായേറെ,മിഴികള്‍ പൂട്ടുക...നന്നായിരിക്കുന്നു സുഹൃത്തെ.
അടുത്തകാലത്ത് ഇത്രയും മനസ്സില്‍ തട്ടി
ഒരു കവിത വീണ്ടൂം വീണ്ടൂം വായിച്ചിട്ടല്ല.
എത്ര ദൃഢചിത്തനും ചഞ്ചലാനവുന്നു ജീവിതവീഥിയില്‍,
പലപ്പോഴും സംഭവിക്കാന്‍ പാടില്ലത്തത് സംഭവിച്ചല്ലോ
എന്ന് ചിന്തിച്ച് വ്യാകുലപ്പെടുന്ന മനസ്സ് ......
"നിറഞ്ഞ മാറിലേക്കമര്‍ത്തി ഞാന്‍ വച്ച-
'വിശുദ്ധമാല' യെന്‍ കരളുതിന്നുന്നു.
നിരത്തു വക്കിലങ്ങലയും പെണ്ണിന്റെയു -
യുടുപ്പുചുട്ടുഞാന്‍ വിശപ്പടക്കുന്നു...."
പലരും പറയാന്‍ മടിക്കുന്ന ഏറ്റുപറച്ചിലിന്റെ സ്വരം
നല്ലൊരു കവിത! നന്ദി
വളരെ നല്ല വരികള്‍....ചില ഓര്‍മ്മകള്‍....
തീക്ഷ്ണം ഈ മുഖംമൂടിക്കാഴ്ചകള്..!
സുനില്‍,
വിമര്‍ശനം ശരിയാണ്. നാട്യങ്ങളില്ലാതെ പറയട്ടെ. വായിച്ചു മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂ.താളമുണ്ടെങ്കില്‍ ഏതെങ്കിലും ഒരു വൃത്തത്തിന്റെ ചട്ടക്കൂട്ടിലോതുങ്ങും
എന്നറിയാം.ബിംബങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേവല യുക്തി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.ആധുനികം,അത്യന്താധുനികം ഈവിധ വകതിരുവുകളൊന്നും ഈ വഴി പോയിട്ടില്ല സുനില്‍. ഹ...ഹ...ഹ.. ചൂണ്ടിക്കാണിച്ചുതന്നാല്‍ പഠിക്കാന്‍ തയാര്‍. സ്വന്തം മനസ്സിനെ
തൃപ്തിപ്പെടുത്തുക എന്ന സ്വാര്‍ത്ഥതയില്‍ നിങ്ങളെക്കൂടി വലിച്ചിടുന്നു എന്നേ ഉള്ളൂ.
മാണിക്ക്യം,
ഇതുവഴി വന്നു പോയതിന്,വായിച്ചു വിലയിരുത്തിയതിന്...ഒരു തവണ കൂടി വായിക്കാന്‍ പ്രേരിപ്പിച്ചു എന്നത് സന്തോഷകരം
താരകള്‍,റോസ്,ശിവ,
സന്തോഷമുണ്ട്,നല്ല വാക്കുകള്‍ക്ക്,ഈ വരവിന്.
ഓര്‍മ്മപ്പുസ്തകം അഴിച്ചുവച്ചതില്‍
കണക്കുകൂട്ടണോ,കിഴിക്കണോ, വയ്യ
ഇടത്തുപാദത്തിലമര്‍ന്ന വേദന
വലത്തു മാറ്റുവാനടവു വേണമോ ?
നിറഞ്ഞ മാറിലേക്കമര്‍ത്തി ഞാന്‍ വച്ച-
'വിശുദ്ധമാല' യെന്‍ കരളുതിന്നുന്നു.
എന്തോ, എനിക്കീ വരികള്‍ വളരെയേറെ ഇഷ്ട്ടപ്പെട്ടു....
ആദ്യവായനയില്‍ തന്നെ മനസ്സില്‍ നിന്നും ഒഴിയാബാധ പോലെ......
നല്ല വരികള്‍.......
മൂര്‍ച്ച കൂട്ടിയ പല്ലിനാല്‍ ചിരിക്കുന്നവരുടെ ഈ ലോകത്തില്‍ ഇത്തരം കവിതകള്‍ ഏറെ പ്രസക്തമാണു.നല്ല വരികള്‍ , എന്നെന്നും നിലനില്ക്കും.ആശംസകള്‍
ഹാരിസ് എടവന,കൊച്ചുതെമ്മാടി,സുഷമാരാമന്,
നല്ല വാക്കുകള്‍ക്ക്.
ഉടഞ്ഞശംഖിലേക്കുരുക്കി ഞാന്‍ വീഴ്ത്തും
തെളിഞ്ഞ നെയ്യിനാല്‍ കുരുതിനേരുന്നു
എന്ന വരികളിലെ 'നെയ്യിനാല്‍' എന്നത് സുഷമയുടെ അഭിപ്രായം അംഗീകരിച്ച്
ഉടഞ്ഞശംഖിലേക്കുരുക്കി ഞാന്‍ വീഴ്ത്തും
തെളിഞ്ഞ കണ്ണീരാല്‍ കുരുതിനേരുന്നു.
എന്ന് തിരുത്തിയിട്ടുണ്ട്
ചിരിയില്‍ പൂത്തൊരീ ചുവന്നലില്ലിയില്‍
പുഴുവിരുന്നെന്റെ ചിറി കരളുന്നു...
ഓര്‍മ്മപ്പുസ്തകം അഴിച്ചുവച്ചതില്‍
കണക്കുകൂട്ടണോ,കിഴിക്കണോ, വയ്യ
ഇടത്തുപാദത്തിലമര്‍ന്ന വേദന
വലത്തു മാറ്റുവാനടവു വേണമോ ?
മുഖം മൂടി അഴിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാന്‍ കുളക്കടത്തിനു കഴിഞ്ഞു ...പലരും ഒരിക്കല്‍ അണിഞ്ഞാല്‍ അത് മാറ്റാന്‍ ശ്രമിക്കാറില്ല ...അതിന് പിന്നിലെ വികൃതം കണ്ടു അടുത്തയാള്‍ ഭയന്നാലോ എന്ന ചിന്ത ..ചിലര്‍ അണിഞ്ഞത് അലങ്കാരമാക്കി ....പിന്നെ അഴിക്കാന്‍ ശ്രമിക്കുപ്പോള്‍ അടരുന്ന മാംസവും പൊടിയുന്ന ചോരയും ...നല്ല വരികള്‍
നന്നായിരിക്കുന്നു ...ഒരു പാട്...ഓർക്കകൾക്കു മീതെ അടയിരിക്കുന്ന ഒരു പക്ഷിയാണെന്നു മനസ്സിലായി...എല്ലാവിധ ആശംശകളും നേരുന്നു
പകല്‍കിനാവന്‍,നാടകക്കാരന്,ഭൂതത്താന്‍ ഇതുവഴി നടന്നതിനും മുഖംമൂടിക്കുള്ളിലെ ഭീഭത്സത സഹിച്ചതിനും
Post a Comment