സാക്ഷിയായവര്‍...

blog counter

Sunday, 2 August, 2009

നിസ്വന്‍
ഞാനെന്റെ കണ്ണുകളടച്ചുവച്ചു,
ബോധ മിരുളിന്‍ ചുഴിക്കുള്ളിലാഴ്ത്തിവച്ചു,
സുഖശാന്തമായൊരുറക്കം തുടരുവാന്‍
ഞാനെന്റെ കണ്ണുകളടച്ചുവച്ചു.

വന്യമാം ഗിരിഗഹ്വരങ്ങളില്‍ കാലമായ്‌ -
മാറ്റൊലി കൊണ്ടോരീ നിലവിളികള്‍
സ്വര്‍ഗ്ഗസമാനമാം സ്വപ്നശൈലങ്ങളില്‍
വിരിയുന്ന കല്യാണസൌഗന്ധികങ്ങളെ,
കാല്‍ക്കീഴിലിട്ടു മെതിക്കാതിരിക്കുവാന്‍
ഞാനെന്റെ കാതുകളടച്ചുവച്ചു .

ആര്‍ദ്രമായ്‌ പ്രേമം പുതപ്പിച്ച വാക്കുകള്‍ ,
നന്മകളില്‍ ഊതിമിനുക്കിയ ഗീതികള്‍ ,
ഹൃദയരക്തത്താല്‍ ക്കുറിച്ച പ്രവാചക -
ബോധനപ്പെരുമകള്‍ പട്ടടയിലെരിയുമ്പോള്‍ ,
ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ ,
ജാതക പത്തായവില്ലില്‍ കുടുങ്ങിയോരശരണര്‍
സ്നേഹ പ്രഘോഷണഗന്ധം മടുത്തുപോയ്‌
ഞാനെന്റെ നാസികാ ജാലകമടയ്ക്കുന്നു .

തലമുറ ഭരണിയില്‍ പാകം വരുത്തിയ
പാരമ്പര്യത്തിന്റെ നേര്‍ രുചിപ്പഴമകള്‍
മാക്‌ടോനാഡ്‌സ്, കെ.എഫ്‌.സി -
നവരുചിപ്പെരുമയില്‍ ജീര്‍ണിച്ച-
പാഴ്വസ്തു പോലെയലിയുമ്പോള്‍
ഉള്ളില്‍ തികട്ടിത്തികട്ടി വരുന്നോരാ-
മൂര്‍ത്ത സത്യത്തിന്റെ വാക്കുതടയുവാന്‍ ,
നഗ്ന സത്യങ്ങള്‍ ക്ക് മൌന ക്കുരുക്കിട്ടു -
ഞാനെന്റെ നാവിനെ തടവിലാക്കി.

തെരുവിലായുന്മാദനൃത്തം ചവിട്ടിയീ-
മേള ക്കൊഴുപ്പില്‍ കടലായോഴുകുമ്പോള്‍ ,
പാത യോരങ്ങളില്‍ ഭിക്ഷാടനത്തിന്റെ
ബാലപാഠങ്ങള്‍ ചുമക്കുന്ന ശൈശവം;
പിന്നാലെയെത്തി കുടുക്കുന്നോരോര്‍മ്മയാല്‍
തീര്‍ത്ത മതിക്കെട്ടു താണ്ടാന്‍ പഠിച്ചും ,
കൊണ്ടും,കൊടുത്തും,ചിരിക്കാന്‍ മറന്നും,
പിന്നിട്ട പാത മറന്നു നീങ്ങുന്നു ഞാന്‍.

ശാന്തിതന്നാലയമേറെയകന്നുപോയ്‌
ദുരിതക്കയങ്ങളില്‍ മുങ്ങിയമര്‍ന്നുപോയ്‌ ,
ജീവിതവ്യഥകളുടെ ഭാണ്ഡം മറന്നുപോയ്‌,
രക്തബന്ധങ്ങളുടെ കണ്ണികളുമറ്റു പോയ്‌,
എന്ങിലുമേറെ മുറിപ്പെടുത്തുന്നോരീ ചിത്രം..
തൂങ്ങിയാടുന്ന കബന്ധപ്പെരുമഴ,
നിറകണ്ണുരണ്ടും തുറിച്ചു നോക്കുന്നോരാള്‍
ഭീതി പ്പെടുത്തുന്ന ചിന്തയില്‍ നിന്നുടന്‍
ആത്മ ഹത്യാക്കയര്‍ മാറ്റിവയ്ക്കുന്നു ഞാന്‍

വാക്കില്ല,നോക്കില്ല ,പച്ചയാം ജീവിത-
ച്ചന്തയില്‍ ചിതറിയ ഗന്ധക മണമില്ല
കുഷ്ടം പിടിച്ചു മരിച്ച മനസ്സിനെ,
തോട്ടുനോവിക്കാതെ തുടരും നിലവിളി .

എല്ലാമൊരു വശക്കാഴ്ച്ചകള്‍,മറുപുറ-
ത്തെല്ലാം സുഖദം, സുഖകരജീവിതം.
വാഴ്ത്തുവാന്‍ വര്‍ത്തകര്‍ "നിസ്വന്‍, നിരുപമന്‍ ,
ദീനദയാപരന്‍, മലര്‍ക്കെ തുറന്നിട്ട ജീവിതപുസ്തകം,
ഊര്‍ദ്ധന്‍ വലിക്കുന്ന ജീവിത മൂല്യങ്ങള്‍-
ക്കൂര്‍ജ്ജംപകര്‍ന്നുകൊടുത്തോരകംപൊരുള്,‍"
ജീവിതം തല്ലിപ്പഴുപ്പിച്ചെടുക്കുന്ന
പുസ്തകതാളിലെ ജീവചരിത്രവും.

കുത്തിവലിക്കുന്ന ചിന്തയില്‍നിന്നുടന്‍
ആത്മഹത്യാക്കയര്‍ മാറ്റിവയ്ക്കുന്നു ഞാന്‍.

No comments: