സാക്ഷിയായവര്‍...

blog counter

Saturday 22 August, 2009

അടയാളങ്ങള്‍




നമ്മള്‍
ഞാനും,നീയും എന്ന്
വേര്‍പെട്ടത്‌ എന്നാണ് ?
നിന്റെ നിസ്കാരതഴമ്പും ,
എന്റെ ചന്ദനക്കുറിയും ,
അവരുടെ തലപ്പാവും,
അടയാളങ്ങളായത് എന്നാണ് ?

നാമൊന്നിച്ച് പൊതിച്ചോറില്‍പ്പാതി പങ്കുവച്ചത് ,
കാവിലെ ഉത്സവത്തിന്
പകല്‍പ്പുരത്തിന് ആഹ്ലാദിച്ചത്,
ഉമ്മയുടെ കൈപ്പുണ്യം
സ്നേഹത്തോടെ രുചിച്ചത്......

നന്മയുടെ ഇലച്ചിന്തില്‍
ബാലിക്കാക്കകള്‍ വറ്റുണ്ണുന്നു,
ചിതറിയ എള്ളും,ദര്‍ഭയും,
പുണ്യങ്ങളുടെ മണ്‍കുടം വീണ്ടുമുടയുന്നു.....

ബാലറ്റ്പേപ്പറില്‍ ഇലക്കും,പൂവിനും,
ചക്രത്തിനും,നക്ഷത്രത്തിനും പകരം
ജപമാല,നിലവിളക്ക്,പര്‍ദ്ദ,തലപ്പാവ്,
ഉരുകിത്തീര്‍ന്ന മെഴുകുതിരി......

മനസ്സമ്മതം നാലായി മടക്കുംമുമ്പെ
മതശാട്യത്തിന്റെ കൈച്ചങ്ങല,
ചെയ്തുപോയ കൈപ്പിഴയ്ക്ക്‌
പഞ്ചവത്സരകുമ്പസാരം.

നമ്മുടെ ചിന്തകളും, സ്വപ്നങ്ങളും
പേറ്റെന്റ്റ് ചെയ്യപ്പെടുന്നത് ആര്‍ക്കാണ് ?