മെല്ലെത്തിരിഞ്ഞൊന്നു നോക്കവേകണ്ടു
പിഞ്ഞിപ്പറിഞ്ഞൊരു കുപ്പായവും,
പറിപ്പറക്കുന്നചെമ്പന്‍ മുടിയും,
വേദന ചാലിട്ടൊഴുകിയ കണ്ണുമായ്,
പാവമാബാലിക ഏകയായ് നില്ക്കുന്നു .
എവിടെയോ കണ്ടതീ മാലാഖമുത്തിനെ..
ഓര്‍മ്മയിലാകെ പതുക്കെ തിരഞ്ഞുഞാന്‍
ഇന്നലെ പാതയോരത്തങ്ങനാഥമായ്
കണ്ടൊരാ കുഞ്ഞിനും കണ്ടൂ, ഇതേ മുഖം
അത്ഭുതമെന്നേ പറയേണ്ടു,ഞെട്ടിഞാന്‍
എന്‍ കുഞ്ഞുവാവയ്ക്കുമുണ്ടിന്നിതേ മുഖം
ചിത്രങ്ങളേറെ അവ്യക്തമായിന്നെന്റെ
ചിന്തകള്‍ക്കുള്ളില്‍ കടന്നലിരംബവേ,
ഏറെ പരിലാളനങ്ങളില്‍ എന്‍ മകള്‍
കൊഞ്ചിക്കുഴയുന്നദൃശ്യവും കണ്ടു ഞാന്‍ .
പിന്‍ നിഴല്‍ പോലെ ,കണ്ടവര്‍ തെരുവിലെ
ഹോട്ടെലിന്‍ പിന്നില്‍ ചാവാലി നായ്ക്കൊപ്പം .
ഒരു തേങ്ങലാലെന്റെ ചിന്ത മുറിഞ്ഞുപോയ്
മിഴികളില്‍ കണ്ണുനീര്‍ തുള്ളിവാര്‍ന്നോ ?
ഏറ്റവും ദൈന്യത പേറുമാ കുഞ്ഞിന്റെ
നീട്ടിപ്പിടിച്ചൊരാ കൊച്ചു കൈവെള്ളയില്‍
ചില്ലറ നാണയത്തുട്ടുകള്‍ വച്ചു ഞാന്‍ .
വിളറിയ കണ്ണിലായ് ദീപം തെളിഞ്ഞുവോ ?
ചുണ്ടുകള്‍ നന്ദിയെന്നോതാന്‍ തുനിഞ്ഞുവോ ?
വിളറിയ കുഞ്ഞുമുഖത്തൊരു ദിവ്യമാം
ചേതന കണ്ടിന്നു ദുഖിതനായി ഞാന്‍