സൂക്ഷിച്ചുവയ്ക്കാനുള്ളത്.......
തുടച്ചുമാറ്റാന്‍ യുദ്ധഭൂമി-
ചിതറിയ മാംസത്തുണ്ടുകള്‍,
നുറുങ്ങിത്തെറിച്ച അസ്ഥികള്‍,
ഭക്ഷണക്കുന്നുകള്‍,
പരന്നൊഴുകിയ ലഹരിപ്പുഴകള്‍.
തുടയ്ക്കണം,വടിക്കണം,
വെടിപ്പാക്കണം, തീന്‍മേശകള്‍,
കണ്ണാടിപോലെ തിളങ്ങണം
മേശക്കുചുറ്റും പാതിരാവെത്തുന്ന-
പോരാട്ടം, ആക്രോശം,
കോഴി,താറാവ് ,ഞണ്ട്,കരിമീന്‍,
കിരാതവേഷങ്ങള്‍.
അങ്കം ജയിച്ചു മടങ്ങുന്നവര്‍,
നിറവയറിന്റെ സിംഹഗര്‍ജനം,
ലഹരിയില്‍ വഴുതുന്ന വാക്പയറ്റ്,
എല്ലമൊതുങ്ങുന്നതും കാത്തിരിപ്പുണ്ട്
ഊഴവുംകാത്തൊരു ശൈശവജീവിതം.
തുടയ്ക്കണം,വടിക്കണം,
വെടിപ്പാക്കണം, തീന്‍മേശകള്‍,
കണ്ണാടിപോലെ തിളങ്ങണം
കറുത്തകോട്ട്,നിയമപുസ്തകം,തുലാസ്,
കണ്ണുമൂടിക്കെട്ടിയദേവത,
അടികൊടുത്തുമാത്രം പതംവന്ന മരച്ചുറ്റിക
എല്ലാം ശുഭലക്ഷണം ;
എന്നിട്ടും-
തുടയ്ക്കണം,വടിക്കണം,
വെടിപ്പാക്കണം, തീന്‍മേശകള്‍,
കണ്ണാടിപോലെ തിളങ്ങണം.
ഡോക്ടര്‍,ബുദ്ധിജീവി,ശാസ്ത്രജ്ഞന്‍,
പോതുപ്രവര്‍ത്തകന്‍,കവി,പരിസ്ഥിതിവാദി,
നിയമപാലകന്‍...ഭൂമിയുടെ പാറാവുകാര്‍;
വില്‍പ്പനയ്ക്കുവച്ച്ച മുഖംമൂടികള്‍
അത്താഴമുണ്ണുന്നു.
ഒറ്റുന്നവനാര് ? കുരിശുമരണമാര്‍ക്ക് ?
വാസനസോപ്പുപതച്ചുനിറച്ച-
പരന്ന പ്ലാസ്റിക്ക് പാത്രം,
മുറം,ബ്രഷ്,പഴന്തുണി ...
ജീവിതപുസ്തകത്താളില്‍ സൂക്ഷിച്ചുവയ്ക്കണം
ഈ മയില്‍പീലി തുണ്ടുകള്‍,
ഓര്‍മയിലിട്ടു നീറ്റണം
വിശപ്പിന്റെ നാള്‍വഴി
പീഡനപ്പാടിലെ മഞ്ചാടിമുത്തുകള്‍
എണ്ണിപ്പെരുക്കണം പട്ടടയിലെത്തുവാന്‍
എല്ലമൊതുങ്ങുന്നതും കാത്തിരിപ്പുണ്ട്
ഊഴവുംകാത്തൊരു ശൈശവജീവിതം.
കുളക്കട പ്രദീപ്കുമാര്‍
Thursday, 16 July 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment