സാക്ഷിയായവര്‍...

blog counter

Saturday, 18 July, 2009

വിരല്‍പ്പാട്
പിച്ചവെച്ചു നടക്കുമ്പോള്‍
കമഴ്ന്നു വീണുപോകാതിരിക്കാന്‍
ക്ലേശിച്ചാഞ്ഞു പിടിച്ചപ്പോള്‍,
കുമ്മായം വലിച്ചു വെടിപ്പാര്‍ന്ന
സ്വീകരണ മുറിയുടെ ഭിത്തിയില്‍ പതിഞ്ഞത്‌
അഴുക്കും,മെഴുക്കും നിറഞ്ഞ വിരല്‍പ്പാടുകള്‍.

അക്കങ്ങള്‍ കൂട്ടിയും കിഴിച്ചും
സമവാക്യങ്ങള്‍ പിഴച്ചും
ഗണിത പദപ്രശ്നത്തില്‍
പാമ്പും,കോണിയും കളിച്ചു-
പരാജയപ്പെട്ടപ്പോള്‍,
ചൂരല്‍പ്പിഴയ്ക്ക് പകരമായി
കൂട്ടുകാരന്റെ കൈവെള്ളയില്‍
കൊമ്പസ്സുകൊണ്ട് വരച്ചിട്ടത്
ചെമ്പരത്തിപ്പൂ നിറമുള്ള
വിരല്‍പ്പാടുകള്‍

കൌമാര,കുതിരപ്പന്തയ വാതുവെപ്പില്‍
പണയപ്പണ്ടത്തിനായുഴലവേ,
നന്നായൊന്നുണ്ണാതെ,
മേനി കാട്ടിയുടുക്കാതെ,
സ്വരുക്കുട്ടി വച്ച അഭിമാനസമ്പാദ്യം കവര്‍ന്നെടുത്ത്‌ ,
പിതൃസമക്ഷത്തില്‍ ബാക്കിവച്ചത്‌,
ശിരോരേഖയില്‍ നെടുകെയും,കുറുകെയും,
കറുത്ത വിരല്‍പ്പാടുകള്‍.


യൌവന യവനികക്കുള്ളില്‍
നിലാവ് പുതച്ച താരുണ്യത്തില്‍,
മാറിലെ ചൂടും,ചൂരും നെടുവീര്‍പ്പും
കൊണ്ടെന്നെ നിവേദിച്ച -
എണ്ണക്കരുപ്പിന്റെ ഏഴഴകിന്,
നിര്‍വികാരമായി, നിര്‍ലജ്ജം പകര്‍ന്നത്
ജീവന്റെ വിരല്‍പ്പാടുകള്‍.

കൂട്ടം തെറ്റിയ ഏതോസന്ധ്യയില്‍
വഴിതെറ്റിയെത്തിയ പെണ്ണിന്റെ
കൈയും പിടിച്ച് കുറ്റാകുട്ടിരുട്ടിലേക്ക്,
നിസ്സഹായതയുടെ നേരിപ്പോടിലെക്ക് ,
വറുതിയുടെ വറചട്ടിയിലേക്ക് ,
വലിച്ചെറിഞ്ഞിട്ട്‌ നല്‍കിയത്‌
ദുരന്തത്തിന്റെ മായ്ക്കാനാവാത്ത
വിരല്‍പ്പാടുകള്‍.

സായന്തനത്തിന്റെ പഥസീമയില്‍,
അവമതിപ്പിന്റെ പട്ടുമെത്തയില്‍,
അനാഥത്വ ത്തിന്റെ സാന്ത്വ നത്തില്‍,
ആര്‍ദ്രവും,വിവശവുമായ കണ്ണുകളില്‍
ചോദ്യചിഹ്നം പോലെ
വിരലടയാളത്തിന്റെ തനിപ്പകര്‍പ്പുകള്‍;
സഞ്ചാര ദൂരമത്രയും തിരഞ്ഞിട്ടും
ഉത്തരമില്ലാത്ത ചോദ്യമായി
സ്വന്തം കയ്യൊപ്പ് .

2 comments:

കണ്ണുകള്‍ said...

പഴയതൊക്കെ കഴുകി വെളുപ്പിക്കാനുള്ള ശ്രമം
വിജയിച്ചെന്നു പറയാം...
നന്നായിട്ടുണ്ടു മാഷേ-
ഓരോ വരിയിലും കവിതയുടെ വിരല്‍പ്പാടുകള്‍....
ഇനിയും എഴുതൂ

കുളക്കട പ്രദീപ്കുമാര്‍ said...

നന്ദി, ഉള്ളറിഞ്ഞതിന്, നല്ല വാക്കുകള്‍ക്ക്‌ ...വീണ്ടും വരിക.